അതിർത്തി വിഷയത്തിൽ സമ്പൂർണ ചർച്ച വേണം: സോണിയ ​ഗാന്ധി

ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി വിഷയത്തിൽ പാർലമെന്റിൽ പരിപൂർണമായ ചർച്ച വേണമെന്ന് കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി. വടക്കും വടക്കു കിഴക്കൻ മേഖലയിലെയും സ്ഥിതി​ഗതികൾ പാർലമെന്റ് അടിയന്തിര പ്രാധാന്യത്തോടെ ചർച്ച ചെയ്യണം. അതിർത്തിയിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കാനാവില്ല. ചൈനയുടെ കടന്നുകയറ്റവും നമ്മുടെ വീര സൈനികരുടെ ചെറുത്ത് നിൽപും പരിശോധിക്കണം. വടക്കു കിഴക്കൻ മേഖലയിൽ ഉയർന്നു വന്നിട്ടുള്ള സംഭവ വികാസങ്ങളും പാർലമെന്റ് ചർച്ച ചെയ്യണമെന്ന് സോണിയ ആവശ്യപ്പെട്ടു. പാർലമെന്റിന്റെ സെന്ട്രൽ ഹാളിൽ നടന്ന കോൺ​ഗ്രസ് പാർലമെന്ററി പാർട്ടി യോ​ഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയ. രാഹുൽ ​ഗാന്ധി അടക്കം ലോക്സഭയിലെയും രാജ്യസഭയിലെയും കോൺ​ഗ്രസ് എംപിമാർ യോ​ഗത്തിൽ പങ്കെടുത്തു.
രാജ്യത്തെ കർഷകർക്കും പാവപ്പെട്ടവർക്കും നേരേ നരേന്ദ്ര മോദി സർക്കാർ കണ്ണടയ്ക്കുകയാണ്. സമസ്ത മേഖലയിലും വിലക്കയറ്റം രൂക്ഷമായി. സാധാരണക്കാരുടെ കുടുംബ ബജറ്റ് തകർക്കുന്ന സാമ്പത്തിക നയങ്ങളാണ് മോദി നടപ്പാക്കുന്നതെന്നും സോണിയ ​ഗാന്ധി കുറ്റപ്പെടുത്തി. ജീവിക്കാനുള്ള ധർമസമരത്തിനിടെ ജീവൻ നഷ്ടപ്പെട്ട എഴുനൂറിൽപ്പരം കർഷകരുടെ കുടുംബങ്ങൾക്ക് കോൺ​ഗ്രസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അവരുടെ ആശ്രിതർക്ക് മതിയായ പുനരധിവാസ പദ്ധതികൾ നടപ്പാക്കണമെന്നും ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും കോൺ​ഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു.

Related posts

Leave a Comment