ഇന്ധന വില വർധനക്കെതിരെ യുഡിഎഫ് പ്രതിഷേധമിരമ്പി; കുടുംബ സത്യഗ്രഹത്തിൽ അണിനിരന്നത് 10 ലക്ഷം പേർ

തിരുവനന്തപുരം: പാചക വാതക, ഇന്ധന വില വർധനയ്ക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച കുടുംബ സത്യഗ്രഹത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധമിരമ്പി. 20,000 വാർഡുകളിലായി അഞ്ച് ലക്ഷം വീടുകളില്‍ പത്ത്  ലക്ഷം പേരാണ് സത്യാഗ്രഹത്തില്‍ പങ്കെടുത്തത്. രാവിലെ 10  മുതല്‍ 11 മണി വരെ സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ കുടുംബസമേതം അവരവരുടെ വീടുകളില്‍ അണിനിരന്ന് പ്രതിഷേധം രേഖപ്പെടുത്തി. പാചക വാതക ഇന്ധന വില വർധിപ്പിച്ച് നടത്തുന്ന നികുതി കൊള്ളക്കെതിരെ യു.ഡി.എഫ് കുടുംബ സത്യാഗ്രഹം എന്നെഴുതിയ പ്ലക്കാർഡുമേന്തിയാണ്  നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തത്.
യു.ഡി.എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്‍ എറണാകുളം പറവൂരിലെ വസതിയിലും കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ കണ്ണൂരിലെ വസതിയിലും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ വസതിയിലും മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല തിരുവനന്തപുരത്ത് ജഗതിയിലെ വസതിയിലും കുടുംബ സത്യഗ്രഹത്തിൽ പങ്കെടുത്തു.
പി.കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും മലപ്പുറത്തെ വസതിയിലും പി.ജെ. ജോസഫ്‌ തൊടുപുഴയിലെ വസതിയിലും യു.ഡി.എഫ് കണ്‍വീനര്‍ എം.എംഹസന്‍  ജഗതിയിലെ വസതിയിലും മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍  പേരൂര്‍ക്കടയിലെ വസതിയിലും അണിനിരന്നു. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി കൊട്ടാരക്കരയിലെയും പി.ടി തോമസ് എംഎൽഎ തൃക്കാക്കര പാലാരിവട്ടത്തേയും ടി സിദ്ദിഖ് എംഎൽഎ കൽപ്പറ്റയിലെയും വസതിയിൽ കുടുംബസമേതം  സത്യാഗ്രഹത്തിൽ പങ്കാളികളായി.
 ആര്‍.എസ്.പി.നേതാക്കളായ എ.എ അസീസ്, ഷിബു ബേബിജോണ്‍ കൊല്ലത്തെ വസതികളിലും അനൂപ് ജേക്കബ് കൂത്താട്ടുകുളത്തെ വസതിയിലും മാണി സി.കാപ്പന്‍ പാലായിലെ വസതിയിലും സി.പി ജോണ്‍ തിരുവനന്തപുരത്തെ വഴുതക്കാട്ടെ വസതിയിലും ജി.ദേവരാജന്‍ കൊല്ലത്ത് രാമന്‍കുളങ്ങരയിലെ വസതിയിലും ജോണ്‍ ജോണ്‍ പാലക്കാട്ടെ വസതിയിലും രാജന്‍ ബാബു എറണാകുളത്തെ വസതിയിലും മറ്റ് യു.ഡി.എഫ് എം.പി മാരും എം.എല്‍.എമാരും നേതാക്കളും അവരുടെ വസതികളിലെ സത്യഗ്രഹത്തില്‍ പങ്കെടുത്തു. ഇന്ധന നികുതിക്കൊള്ള അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം യുഡിഎഫിന്റെ നേതൃത്വത്തിൽ ഉണ്ടാകുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ അറിയിച്ചു.

Related posts

Leave a Comment