ഇന്ധന വിലക്കിഴിവ്: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ജനവഞ്ചന

ഗോപിനാഥ് മഠത്തിൽ

ണ്ടുപ്രധാന സംഭവങ്ങള്‍ അടുത്തസമയത്ത് ഇന്ത്യയില്‍ നടന്നു. രണ്ടും വ്യത്യസ്തങ്ങളാണെങ്കിലും അടിസ്ഥാനപരമായി ഇവയ്ക്ക് നല്ല ബന്ധമുണ്ടുതാനും. അതില്‍ ആദ്യത്തേത് ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സമാഗതമായിരിക്കെ പതിനാല് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതാണ്. ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളിലെ ഫലം ബിജെപിക്ക് നല്ല പരാജയം തന്നെ സമ്മാനിച്ചു. നല്ല പരാജയം എന്നുപറയുന്നത് വിരുദ്ധവാക്കുകളെ ആലങ്കാരികമായി ചേര്‍ത്തുപറഞ്ഞതാണ്. ബംഗാളിലും ബിജെപിയുടെ പ്രകടനം മറ്റുസംസ്ഥാനങ്ങളെപ്പോലെ അത്ര നന്നല്ലായിരുന്നു. അവിടുത്തെ ബിജെപി ജനറല്‍സെക്രട്ടറി കൈലാഷ് വിജയ വര്‍ഗീയയുടെ പ്രധാനപരാതി തന്നെ ഉപതിരഞ്ഞെടുപ്പില്‍ തിളക്കം നഷ്ടപ്പെട്ടതായിരുന്നില്ല. പ്രതിപക്ഷനേതാക്കളെ കള്ളക്കേസില്‍ കുടുക്കിയും വാള്‍മുനയില്‍ നിര്‍ത്തിയും ജനാധിപത്യവും ക്രമസമാധാനവും പൂര്‍ണ്ണമായി തകര്‍ക്കുകയാണ് മമത ബാനര്‍ജി ചെയ്യുന്നതെന്നായിരുന്നു തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ബിജെപി അംഗങ്ങളെ കൂട്ടത്തോടെ തൃണമൂലില്‍ ചേര്‍ത്തുകൊണ്ട് തനി ഏകാധിപതിയായി മമത മാറിയെന്നും വര്‍ഗീയ വാദിച്ചു. ഇത് ഒരു സംസ്ഥാനത്ത് മാത്രം നടന്ന തോല്‍വിയുടെ പ്രത്യേകതയല്ല. മറ്റുസംസ്ഥാനങ്ങളിലും നല്ല പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പുഫലം പുറത്തുവന്നത്. അങ്ങനെ ഓരോ സംസ്ഥാനത്തും തോറ്റ പാര്‍ട്ടിയുടെ നേതാക്കള്‍ ഓരോ തട്ടുമുട്ടുന്യായങ്ങള്‍ കണ്ടെത്തുന്നത് സ്വാഭാവികമാണ്. ഏതായാലും ഈ തോല്‍വിയുടെ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ ബിജെപി പരിശോധന തുടങ്ങിയതായിട്ടാണ് വിവരം. വളരെ ആഴത്തിലുള്ള അന്വേഷണവും കാരണവും തേടിയുള്ള പരക്കം പാച്ചിലും ഇക്കാര്യത്തില്‍ ബിജെപി നടത്തേണ്ടതുണ്ടോ എന്നാണ് രാഷ്ട്രീയ പരിജ്ഞാനം അല്‍പ്പംപോലുമില്ലാത്ത വെറും സാധാരണക്കാരന്‍ പോലും ചോദിക്കുന്നത്. കാരണം പകല്‍പോലെ സത്യമായിരിക്കെ അവര്‍ എന്തിന് കണ്ണടച്ച് വസ്തുതകളെ ഇരുട്ടാക്കി മാറ്റുള്ളവരുടെ മുമ്പില്‍ അന്വേഷണത്തിന്റെ അന്ധത അനുഭവിക്കണം. നമ്മള്‍ ആലോചിച്ചുനോക്കേണ്ട കാര്യം ഇതൊന്നുമാത്രമാണ്. സമീപഭാവിയില്‍ ഭാരതജനതയ്ക്ക് ഉപകാരപ്രദമായ ഏതെങ്കിലും ഒരു നല്ലകാര്യം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ചെയ്തിട്ടുണ്ടോ എന്നതാണത്. ബിജെപി കനത്തപ്രഹരം ഏറ്റുവാങ്ങിയതെല്ലാം കാര്‍ഷികമേഖലകള്‍ ഏറെയുള്ള മണ്ഡലങ്ങളിലാണ്. അത് ആ പാര്‍ട്ടി ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിന് അകമ്പടി എന്നോണം പറയേണ്ട മറ്റൊരു കാര്യം ഇനിയും പരിഹൃതമാകാതെ പോകുന്ന കര്‍ഷകസമരമാണ്. കര്‍ഷകരുടെ അസ്തിത്വം തന്നെ നശിപ്പിച്ച് അവരെ തെരുവാധാരമാക്കിയ ഒരുസര്‍ക്കാര്‍ ഭാരതചരിത്രത്തില്‍ മോദിയുടേതുപോലെ വേറെയില്ല. ഇതിനൊപ്പം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും ദാരിദ്ര്യഭീതിയെക്കുറിച്ചും ഒരക്ഷരം പോലും പറയാതെ പ്രവര്‍ത്തിക്കാതെ മറ്റുരാഷ്ട്ര തലവന്‍മാരുടെ തോളില്‍ കയ്യിട്ട് മോദി ചങ്ങാത്തം കൂടിയിട്ട് ഒരു അര്‍ത്ഥവുമില്ല എന്നതിന്റെ നേര്‍സാക്ഷ്യമാണ് ഉപതിരഞ്ഞെടുപ്പുഫലം നല്‍കുന്ന സൂചന. അഞ്ചുസംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മൂന്നുമാസം ബാക്കിനില്‍ക്കെയാണ് ചില സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ക്ഷീണമുണ്ടായത്. ഇത് ഏറെയും സംഭവിച്ചത് ഗ്രാമീണ മേഖലയിലാണുതാനും. പ്രാദേശിക കാരണങ്ങള്‍ക്കപ്പുറം കര്‍ഷകസമരവും ഇന്ധനവിലയും വിലക്കയറ്റവും തിരിച്ചടിക്ക് ആക്കം കൂട്ടി എന്നാണ് താഴെത്തട്ടില്‍ നിന്ന് ദേശീയ നേതൃത്വത്തിന് ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇതില്‍ ബിജെപിക്ക് അപ്രതീക്ഷിത ആഘാതം നല്‍കിയിരിക്കുന്നത് ഹിമാചല്‍പ്രദേശിലെ ഫലമാണ്. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചലില്‍ പരാജയകാരണങ്ങളായി മുഖ്യമന്ത്രി ജയ്‌റാം ഥാക്കൂര്‍ പണപ്പെരുപ്പവും വിലക്കയറ്റവും ചൂണ്ടിക്കാണിച്ചെങ്കിലും കേന്ദ്രനേതൃത്വം ഇത് അംഗീകരിച്ചില്ല.
ബിജെപിക്ക് അങ്ങിങ്ങ് നഷ്ടപ്പെട്ട മുഖം വരുന്ന തിരഞ്ഞെടുപ്പുകളില്‍ വീണ്ടെടുക്കണമെങ്കില്‍ പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് മുമ്പിലേക്ക് മജ്ജയില്ലാതെ ഒരുണങ്ങിയ എല്ലിന്‍ കഷണം വലിച്ചെറിയേണ്ട അത്യാവശ്യം വന്നുചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ധനത്തിന്റെ നികുതി കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായിരിക്കുന്നത്. അതാണ് ഈ കുറുപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച രണ്ടാമത്തെ സംഭവം. ഉപതിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ച ജനവികാരം ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു ഷോക് ട്രീറ്റ്‌മെന്റിന് സമമായിരുന്നു. അതുകൊണ്ടാണ് ഉടന്‍ പ്രതികരണമെന്ന നിലയില്‍ ഡീസലിന്റെയും പെട്രോളിന്റെയും അധിക എക്‌സൈസ് തീരുവയില്‍ യഥാക്രമം പത്തുരൂപയുടെയും അഞ്ചുരൂപയുടെയും കുറവു വരുത്തിയത്. രാജ്യവ്യാപകമായി അനുദിനം വര്‍ദ്ധിച്ചുവരുന്ന ഇന്ധന വിലവര്‍ദ്ധനവിനെതിരെ വമ്പിച്ച പ്രക്ഷോഭമുയര്‍ന്നിട്ടും അര്‍ദ്ധമയക്കം വിട്ടുണര്‍ന്ന അധികാരികള്‍ വാലില്‍ തീ പിടിച്ചപോലെ അടിയന്തിര ആശ്വാസമെന്ന നിലയില്‍ സത്വര നടപടിക്ക് വഴങ്ങിയത് തിരഞ്ഞെടുപ്പു ഫല സൂചനകളുടെ അടിസ്ഥാനത്തിലാണ്. അതിലൂടെ അവര്‍ തിരഞ്ഞെടുപ്പ് പരാജയകാരണത്തിന്റെ മര്‍മ്മത്തില്‍ തന്നെ തൊട്ടു എന്നുവേണം അര്‍ത്ഥമാക്കേണ്ടത്. ഇതിനോടനുബന്ധിച്ച് സൗജന്യ റേഷന്‍ പദ്ധതി തുടരുമെന്ന പ്രഖ്യാപനവും ഉത്തര്‍പ്രദേശില്‍ നിന്ന് വന്നുകഴിഞ്ഞു. ജനങ്ങളെ തിരഞ്ഞെടുപ്പിന്റെ തലേദിവസം വരെ എലികളെപ്പോലെ തട്ടിക്കളിച്ചും കടിച്ചുകുടഞ്ഞും രമിക്കുന്ന പൂച്ചകള്‍ അവരുടെ ഭരണധാര്‍ഷ്ട്യത്തിനൊടുവില്‍ വച്ചുനീട്ടിയ അത്ര ആസ്വാദ്യകരമല്ലാത്ത പഴയ പാല്‍ക്കഞ്ഞിപോലെ വേണം ഈ ഇന്ധനവിലക്കുറവിനെ കാണേണ്ടത്. രുചിയുടെ ആ പാല്‍ക്കഞ്ഞിയില്‍ കല്‍ക്കണ്ടം ചേര്‍ക്കേണ്ടതിനുപകരം കാഞ്ഞിരക്കഷായം ചേര്‍ത്ത പ്രതീതിയാണ് ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാരും അതിന്റെ ഭാഗമായ ധനമന്ത്രിയും നടത്തിക്കൊണ്ടിരിക്കുന്നത്.

വാല്‍ക്കഷണം:
കരിമ്പൂച്ചകളെ ധാന്യത്തോടൊപ്പം വാറ്റി സത്തെടുത്ത് ശരീരപുഷ്ടി വരുത്തുന്നവരെയും കരിങ്കുരങ്ങുകളെ വാറ്റി ഔഷധങ്ങള്‍ ഉണ്ടാക്കുന്നവരെപ്പറ്റിയും കേട്ടിട്ടുണ്ട്. അതില്‍ സത്യവും കള്ളവും ഫിഫ്റ്റി ഫിഫ്റ്റി ആയിരിക്കാനാണ് സാധ്യത. എന്നാല്‍ ജനങ്ങളെ ഇന്ധനത്തിന്റെ പേരില്‍ നൂറുശതമാനം സത്യസന്ധമായി വാറ്റി ഭരണം കൊഴുപ്പിക്കുന്ന അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. പതിനാറ് സംസ്ഥാനങ്ങള്‍ വാറ്റുകുറച്ചപ്പോള്‍ കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ വാറ്റ് പൂര്‍വ്വാധികം ഭംഗിയായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ കാരണം എന്തെന്ന് അറിയാമോ? ഇവിടെ തിരഞ്ഞെടുപ്പ് വിദൂരതയിലാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മതിയല്ലൊ വാറ്റുകലത്തില്‍ സൗജന്യ കിറ്റിലെ അരിയിട്ട് തിളപ്പിക്കേണ്ടത്. അതുവരെ അതില്‍ ജനത്തെ വാറ്റി നീരെടുക്കാം. അതുവരെ നിലനില്‍ക്കും ബാലഗോപാല തന്ത്രം.

Related posts

Leave a Comment