സ്മാർട്ട് ഫോണിൽ നിന്നും ബ്ലാക്ക് ബോർഡിലേക്കുള്ള മടക്കം….

അസീൽ മുഹമ്മദ് കക്കാട്

വിദ്യാർഥി മനസ്സുകളിൽ അസാധാരണമായ സന്തോഷത്തിൻ്റെ തുടികൊട്ട്.
സ്കൂളുകളിൽ മണി മുഴങ്ങുകയാണ്. നവംബർ ഒന്നിന്.
ഒന്നര വർഷമായി കൈപ്പിടിയിലൊതുങ്ങുന്ന മൊബൈൽ ഫോണുകളിൽ തളക്കപ്പെട്ടത് പഠനം മാത്രമായിരുന്നില്ല. കലാലയം മുഴുവൻ അടച്ചിട്ട വീടകങ്ങളിൽ ഒതുങ്ങുകയായിരുന്നു.
അച്ചടിച്ച് വിതരണം ചെയ്യുന്ന പുസ്തകവും പരീക്ഷയും മാത്രമല്ല സ്കൂളും കാമ്പസും.
പതിന്മടങ്ങ് മറ്റു പലതും പഠിക്കാനും പകർത്താനും പരസ്പരം കൈമാറാനുമുള്ള വലിയൊരു പാo ശാലയാണ് കലാലയ കാമ്പസ്. ജീവിതയാത്രയിലെ നിർണായക പാഠശാല.
നാനാതരം വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമവേദിയിൽ
എന്തെല്ലാം കൊടുത്തും വാങ്ങിയും പങ്കിട്ടും പകർത്തിയുമുള്ള നിത്യഹരിത ശോഭയാണവിടെ തെളിയുന്നത്.
പാട്ടും കളിയും എഴുത്തും വായനയും ക്ഷമയും സൗഹൃദവുമെല്ലാം ഇവിടെ നിന്നാണ് പഠിക്കുന്നതും പകർത്തുന്നതും.
ഈ പാഠശാല നഷ്ടപ്പെടുമ്പോഴുള്ള വേദനയുടെയും വിരഹത്തിൻ്റെയും ആഘാതം എത്ര മാത്രമെന്ന് ഓരോ വിദ്യാർഥിയും അനുഭവിച്ചറിയുകയായിരുന്നു.
ഒന്നര വർഷത്തെ ഈയൊരു ദുരനുഭവം വിദ്യാർഥികളെ മാനസികമായി താളം തെറ്റിച്ചുവോ എന്ന ആശങ്ക സർക്കാറിനും ആരോഗ്യ വകുപ്പിനും വരെയുണ്ട്.
സ്മാർട്ട് ഫോണല്ല ബ്ലാക് ബോഡാണ് വിദ്യാർഥിയുടെ വഴികാട്ടിയെന്ന് എല്ലാവരും ശരിക്കും തിരിച്ചറിഞ്ഞു.

ഇതിനിടെ ആശങ്കക്കു നടുവിൽ ഏറെ വിവാദം സൃഷ്ടിച്ചുകൊണ്ട് പ്ലസ് വൺ
പരീക്ഷയും നടന്നു. സ്കൂൾ കാണാത്ത കുട്ടികളുടെ ആശങ്ക കുറേയൊക്കെ
ഇപ്പോഴും അവശേഷിക്കുന്നുവെങ്കിലും പരീക്ഷ ഭംഗിയായി നടന്നു. അടുത്ത പരീക്ഷക്ക് ഇനി നാലുമാസം മാത്രം.

ചുരുക്കത്തിൽ അവധിക്കുവേണ്ടി കൊതിക്കുകയും
സ്കൂൾ തുറക്കുന്നത് നീട്ടിവെക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്ന വിദ്യാർഥി ലോകം സ്കൂളുകൾ തുറക്കാൻ വേണ്ടി പ്രാർഥിക്കുകയും അഭ്യർഥിക്കുകയും ചെയ്യുകയാണിപ്പോൾ.
വിശാലമായ അന്തരീക്ഷത്തിൽ പറന്നു നടക്കേണ്ട ശലഭങ്ങൾക്ക് കൊട്ടിയടക്കപ്പെട്ട ഇടുങ്ങിയ മുറിയിൽ എന്തു സൗകര്യങ്ങളുണ്ടായിട്ടെന്ത്? അവരുടെ ലോകം കാമ്പസാണ്.
അവർ കാത്തിരിക്കുന്ന കാമ്പസിൻ്റെ വാതായനങ്ങൾ തുറക്കട്ടെ, ഇനി ഒരിക്കലും ഈ രീതിയിൽ അടയാതിരിക്കട്ടെ.

Related posts

Leave a Comment