അർദ്ധ ഫാസിസത്തിൽ നിന്നും പൂർണ ഫാസിസത്തിലേക്ക് ; വീക്ഷണം എഡിറ്റോറിയൽ


പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യാൻ ഒരുവിഭാഗം മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ മോദി സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും സ്വാതന്ത്ര്യ നിഷേധവുമാണ്. മിക്കവാറും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മാധ്യമങ്ങൾക്കാണ് ഈ വിലക്കെന്ന് ബെന്നി ബഹനാൻ എം പി ലോക്‌സഭയിൽ ഉന്നയിക്കുകയുണ്ടായി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഗാർഗെയും ഇതുസംബന്ധിച്ച് ഉപരാഷ്ട്രപതിക്ക് കത്ത് നൽകിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂണുകളെന്ന് വിശേഷിപ്പിക്കാറുള്ള മാധ്യമങ്ങളില്ലാത്ത അവസ്ഥ ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിന് ചിന്തിക്കാൻപോലും സാധ്യമല്ല. സമൂഹത്തിലെയും ഭരണരംഗത്തെയും വീഴ്ചയും അഴിമതിയും തുറന്നുകാട്ടുന്നതിൽ ഇന്ത്യൻ മാധ്യമങ്ങൾ വലിയ പങ്കാണ് നിർവഹിച്ചുപോരുന്നത്. മാധ്യമ ജാഗ്രതക്ക് നമ്മുടെ രാഷ്ട്രം വലിയ പ്രാധാന്യമാണ് കൽപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഐതിഹാസിക പങ്കാളിത്തം വഹിച്ച പത്രങ്ങളും മാധ്യമ പ്രവർത്തകരും മാധ്യമ ഉടമകളും നമുക്കുണ്ടായിരുന്നു. സമൂഹത്തിൽ നടക്കുന്ന അനീതികൾക്കും അഴിമതികൾക്കും എതിരെ പോരാടാൻ മാധ്യമങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യവും പ്രോത്സാഹനവും കൂടിയേ മതിയാവൂ. ദൃശ്യമാധ്യമങ്ങളുടെ വരവോടെ മാധ്യമരംഗത്ത് വലിയ മത്സരമാണ് നടക്കുന്നത്. അതേസമയം ഒരുവിഭാഗം മാധ്യമങ്ങൾ ഭരണകൂടത്തിന്റെ തെറ്റുകൾ മറച്ചുപിടിച്ച് അവർക്ക് ദാസ്യവേല ചെയ്യുകയാണ്. മാധ്യമ പ്രവർത്തനം ഭരണകൂടത്തിന് മംഗളപത്രം എഴുതാനാണെന്ന വിശ്വാസക്കാരാണ് ഇവർ. പ്രതിജ്ഞാബദ്ധരായ ഒരുവിഭാഗം മാധ്യമ പ്രവർത്തകർ തങ്ങളുടെ തൊഴിലിന്റെ പേരിൽ ജയിലിൽപോകാൻപോലും തയ്യാറായി നിർഭയത്വം വ്യക്തമാക്കുന്ന ഇന്ത്യയിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം അസാധ്യമാകുന്ന തരത്തിലാണ് ഭരണകൂടത്തിന്റെ നടപടികൾ.
കഴിഞ്ഞ ഏഴുവർഷത്തെ ബി ജെ പി ഭരണത്തിൽ നിരവധി മാധ്യമ പ്രവർത്തകർ കൊല്ലപ്പെടുകയോ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുകയോ ചെയ്യപ്പെട്ടിട്ടുണ്ട്. ഗൗരവപൂർണമായ മാധ്യമ പ്രവർത്തനത്തിന് പകരം അധികാരവും സമ്പത്തും മോഹിച്ചുള്ള അപക്വമായ മാധ്യമ പ്രവർത്തനം നമ്മുടെ രാജ്യത്ത് വ്യാപ്തി നേടുകയാണ്. നിയമ നിർമ്മാണ സഭകളും നീതിന്യായ സ്ഥാപനങ്ങളും ഭരണ നിർവഹണ സംവിധാനങ്ങളും ദുർബലപ്പെട്ടുവരുന്ന സാഹചര്യത്തിൽ മാധ്യമങ്ങളും തേടുന്നത് വീഴ്ചകളുടെ വഴികളാണ്. ഭരണകൂടം മാധ്യമങ്ങളെ പീഡിപ്പിക്കുകയും ശിക്ഷിക്കുകയും ചെയ്യുമ്പോൾ നീതിപൂർവ്വം പ്രവർത്തിക്കാൻ മാധ്യമങ്ങൾക്ക് സാധിക്കാതെപോകുന്നു. ഭരണകൂടവും കോർപ്പറേറ്റുകളും ഒരുക്കുന്ന സൗകര്യങ്ങളുടെ ഉപഭോക്താക്കളായി നല്ലൊരുവിഭാഗം മാധ്യമ പ്രവർത്തകരും മാറിയിട്ടുണ്ട്. മാധ്യമങ്ങളുടെയും നവമാധ്യമങ്ങളുടെയും എണ്ണം വർധിച്ചതോടെ ഭരണകൂടം അടിച്ചമർത്തലുകളും വർഗീയവൽക്കരണവും ശക്തമാക്കിയിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് സഭയിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾക്ക് പലരംഗത്തും ഇളവുണ്ടായിട്ടും പാർലമെന്റിൽ അതുണ്ടായില്ല. സർക്കാരിനെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾക്ക് തലോടലും വിമർശിക്കുന്ന മാധ്യമങ്ങൾക്ക് തല്ലും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മാധ്യമ പ്രവർത്തകർ എംപിമാരും മന്ത്രിമാരുമായി സൗഹൃദം പങ്കിട്ടിരുന്ന സെൻട്രൽ ഹാളിൽപോലും മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ല. ഭാഗികമായാണ് ഇപ്പോൾ നിരോധനം ഏർപ്പെടുത്തിയതെങ്കിൽ ഭാവിയിൽ അത് പൂർണ്ണ നിരോധനമായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യയിൽ പലയിടത്തും നടക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് പാർലമെന്റ് പ്രവേശന നിരോധനത്തോടെ സംജാതമായത്. ലോക മാധ്യമ സൂചികയിൽ ഇന്ത്യ വലിയ തോതിൽ താഴോട്ട് പോയക്കൊണ്ടിരിക്കയാണ്. സർക്കാരിനെ വിമർശിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമ പ്രവർത്തകരെ ഭീകരവാദികളായി ചിത്രീകരിക്കുന്ന രീതി ബി ജെ പി സർക്കാർ തുടക്കം മുതൽ സ്വീകരിച്ചിരുന്നു. മാധ്യമ പ്രവർത്തകർക്ക് ഏറ്റവും അപകടകരമായ സാഹചര്യം നിലനിൽക്കുന്ന ഇന്ത്യയ്ക്ക് പിന്നാലെ ചൈന, പാക്കിസ്ഥാൻ, മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നും ഏറ്റവും കൂടുതൽപേർ പങ്കുകൊള്ളുന്ന ബൃഹത്തായ തെരഞ്ഞെടുപ്പാണെന്നും അവകാശപ്പെടുന്ന നമ്മുടെ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ആണ്. ഭരണകൂടംതന്നെ വർഗീയവൽക്കരണത്തിന് നേതൃത്വം നൽകുമ്പോൾ മാധ്യമ സ്വാതന്ത്ര്യം ശ്വാസംകിട്ടാതെ മരിക്കുകയല്ലാതെ എന്തുചെയ്യും. ഈ പോക്ക് അർദ്ധ ഫാസിസത്തിൽ നിന്ന് പൂർണ ഫാസിസത്തിലേക്കുള്ള മരണവഴിയാണ്.

Related posts

Leave a Comment