‘ഹംസാക്കുണ്ടി’ൽ നിന്ന് ‘റിയാസ് കുഴി’കളിലേക്ക്‌; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

ട്രൈയിന്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ റെയില്‍വെ മന്ത്രിയും വിമാന അപകടമുണ്ടാകുമ്പോള്‍ വ്യോമയാന മന്ത്രിയും രാജിവെച്ച നാടാണ് നമ്മുടേത്. അത്തരം അപകടങ്ങളുണ്ടാകുമ്പോള്‍ കുറ്റവാളി എന്ന നിലയിലല്ല അവര്‍ രാജിവെച്ചത്. തങ്ങള്‍ വഹിക്കുന്ന വകുപ്പിന്റെ വീഴ്ചയുടെ പേരിലുള്ള ധാര്‍മികതകൊണ്ടാണ്. അത്തരം ധാര്‍മിക ബോധവും രാജിയും ഇന്നത്തെ തലമുറയ്ക്ക് വിസ്മയമാണ്. അത്തരത്തിലുള്ള നീതിബോധമുണ്ടായിരുന്നുവെങ്കില്‍ പിണറായി മന്ത്രിസഭയിലെ എത്രപേര്‍ മന്ത്രിപദവിയില്‍ തുടരുമായിരുന്നു. ദേശീയപാതയിലും സംസ്ഥാന പാതകളിലും പ്രത്യക്ഷപ്പെട്ട വന്‍കുഴികളില്‍ ചാടി എത്ര മരണങ്ങളാണ് സംഭവിക്കുന്നത്. വിലപ്പെട്ട മനുഷ്യജീവന്‍ ഒന്നിനുപിറകെ മറ്റൊന്നായി പൊലിഞ്ഞുതീരുമ്പോള്‍ കണ്ണുതുറക്കാത്ത അധികാരികളെ ഉണര്‍ത്താന്‍ ഹൈക്കോടതിയും സുപ്രീംകോടതിയും വേണമെന്നുള്ള അവസ്ഥ എത്രമാത്രം ദയനീയമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആലുവക്കടുത്ത് റോഡിലെ മരണക്കുഴിയില്‍ ഇരുചക്രവാഹനം വീണ് ഒരാള്‍ മരിച്ചത് അപൂര്‍വമായതല്ല, ഒറ്റപ്പെട്ടതുമല്ല. കേരളത്തില്‍ പരക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന റോഡ് അപകടങ്ങളില്‍ ഒന്നുമാത്രമാണിത്. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ മാഞ്ഞാലി സ്വദേശി ഹാഷിം മരിച്ച സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ഹൈക്കോടതി ഒരാഴ്ചക്കുള്ളില്‍ റോഡിലെ കുഴികള്‍ അടയ്ക്കണമെന്ന് ഇരു സര്‍ക്കാരുകളോടും ആവശ്യപ്പെട്ടിരിക്കുകയാണ്.
മറ്റുള്ളവരുടെ അനാസ്ഥ കാരണം നിരപരാധികളുടെ ജീവന്‍ റോഡില്‍ പിടഞ്ഞ് തീരുകയാണ്. അപകടസ്ഥലത്തെ ഏതാനും കുഴികളടച്ചുകൊണ്ട് അധികൃതരുടെ കണ്ണില്‍ പൊടിയിടുകയാണ് ഉദ്യോഗസ്ഥരും കരാറുകാരും. അപകടംമൂലം മരിച്ച ഹാഷിമിന്റെ വീട് സന്ദര്‍ശിക്കാനോ സഹായം പ്രഖ്യാപിക്കാനോ അധികൃതര്‍ തയാറാവാത്തത് നാട്ടുകാരുടെയും ഹാഷിമിന്റെ വീട്ടുകാരുടെയും അമര്‍ഷം പെരുപ്പിച്ചിരിക്കുകയാണ്. മനപൂര്‍വമല്ലാത്ത നരഹത്യ 304(എ) വകുപ്പ് പ്രകാരം ഇതിന് കേസെടുക്കാവുന്നതാണ്. ദേശീയപാതയിലും നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള മറ്റ് റോഡുകളിലും കുഴിയടക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടില്ല. ഹാഷിമിനുണ്ടായ അപകടംപോലെ നിരവധി ഇരുചക്ര വാഹനങ്ങള്‍ ഇത്തരം കുഴികളില്‍ വീണിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ റോഡിലെ കുഴിയടക്കുമെന്ന് പാലിയേക്കരയിലെ ടോള്‍ബൂത്ത് അധികൃതര്‍ പറഞ്ഞുവെങ്കിലും അതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ല. മരിച്ച ഹാഷിമിന്റെ വീട് സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സഹായധനം നല്‍കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. സര്‍ക്കാര്‍വീഴ്ച മൂലം മരണം സംഭവിച്ച ആളുടെ വീട് സന്ദര്‍ശിക്കുന്നതും കുടുംബത്തെ ആശ്വസിപ്പിക്കുന്നതും മനുഷ്യത്വത്തിന്റെയും നീതിബോധത്തിന്റെയും ഭാഗമാണ്. അതിനെ കുത്തിതിരിപ്പായും രാഷ്ട്രീയവല്‍ക്കരണമായും കാണുന്നത് ക്രൂരമാണ്.

കേരളത്തിലെ മുഴുവന്‍ റോഡുകളും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലായിട്ടും കുറ്റബോധമില്ലാത്ത പൊതുമരാമത്ത് മന്ത്രി നടക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അപകടങ്ങളും മരണങ്ങളും പെരുകുന്നതിനനുസരിച്ച് മന്ത്രിയുടെ വാഗ്ദാനങ്ങളും വര്‍ധിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ ആഘോഷങ്ങള്‍ പൊടിപൊടിച്ചെങ്കിലും റോഡുകള്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന പ്രീ മണ്‍സൂണ്‍ പ്രവര്‍ത്തനങ്ങള്‍ നടന്നില്ല എന്ന കാര്യം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവിനെ ആക്ഷേപിക്കാനാണ് മന്ത്രി റിയാസ് ശ്രമിക്കുന്നത്. നാല് വര്‍ഷത്തിനകം പതിനയ്യായിരം കിലോമീറ്റര്‍ റോഡ് ഉന്നത നിലവാരത്തിലാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം പരിഹാസ്യമാണ്. ഒരു മീറ്റര്‍ ദൂരത്തില്‍പോലും കുഴികളടച്ചിരുന്നുവെങ്കില്‍ ഹാഷിമിനെപ്പോലുള്ളവര്‍ക്കുണ്ടാകുന്ന ദുര്യോഗവും ദുരന്തവും ഒഴിവാക്കാമായിരുന്നു. എന്ത് വിടുവായത്തം പറയുമെങ്കിലും കേരളത്തിലെ റോഡുകളും പാലങ്ങളും നിര്‍മിക്കുന്ന കാര്യത്തില്‍ വലിയ പങ്കാണ് മുന്‍മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചത്. പൊതുമരാമത്ത് വകുപ്പ് പോലെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യാനുള്ള മിടുക്കോ അവഗാഹമോ മന്ത്രി റിയാസിനില്ല. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു എന്ന ഒരേയൊരു ആനുകൂല്യംകൊണ്ട് മന്ത്രിയാവുകയും ഗ്ലാമറുള്ള വകുപ്പ് കൈക്കലാക്കുകയും ചെയ്ത റിയാസിനെ പലതരം മാഫിയകള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പല മന്ത്രിമാര്‍ക്കും പക്വതയും മുന്‍പരിചയവുമില്ലാത്തത് മന്ത്രിസഭയുടെ പ്രതിച്ഛായയും പ്രവര്‍ത്തനങ്ങളും ഇല്ലാതാക്കിയിരിക്കുകയാണെന്ന മുന്‍മന്ത്രി സി.ദിവാകരന്റെ വിമര്‍ശനം റിയാസ് അടക്കമുള്ള മന്ത്രിമാരെ ഉദ്ദേശിച്ചുള്ളതാണെന്ന് വളരെ വ്യക്തമാണ്.

കോളജ് യൂണിയന്‍ ഭരണംപോലെ ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ടതല്ല സംസ്ഥാന ഭരണം. റോഡുകള്‍ നശിക്കുന്നതില്‍ കാലാവസ്ഥയ്ക്ക് മുഖ്യപങ്കുണ്ടെന്നുള്ള മന്ത്രിയുടെ പ്രഖ്യാപനം പുതിയ അറിവുപോലെയാണ് അദ്ദേഹം ജനങ്ങള്‍ക്ക് മുമ്പാകെ വിളമ്പുന്നത്. കാലാവസ്ഥയില്‍ തകരാതിരിക്കാനാണ് പ്രീ-മണ്‍സൂണ്‍ പ്രവൃത്തികള്‍ നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. ഒരു പഞ്ചായത്ത് അംഗത്തിനുള്ള കാര്യബോധമില്ലായ്മയാണ് മന്ത്രി തട്ടിവിടുന്നത്.

മുഖ്യമന്ത്രിയില്‍ ഇത്രയേറെ സ്വാധീനമുണ്ടായിട്ടും അതിന്റെ ആനുകൂല്യം പൊതുമരാമത്ത് വകുപ്പിന് ലഭിക്കുന്നില്ല. കുണ്ടേത് കുഴിയേത് എന്ന് തിരിച്ചറിവില്ലാത്ത മന്ത്രിക്ക് ദേശീയപാതയേത്, സംസ്ഥാന പാതയേത് എന്ന പ്രാഥമിക അറിവുപോലും ഉണ്ടോ എന്ന കാര്യം സംശയമാണ്. 1987-ല്‍ പൊതുമരാമത്ത് വകുപ്പ് ടി.കെ.ഹംസ വഹിച്ചപ്പോള്‍ കേരളത്തിലെ റോഡിന്റെ അവസ്ഥ ഇതായിരുന്നു. റോഡുകളിലെ കുഴികളെ ‘ഹംസക്കുണ്ടു’-കളെന്നായിരുന്നു ജനങ്ങള്‍ പരിഹസിച്ചിരുന്നത്. ആ ഹംസക്കുണ്ടുകള്‍ ഇപ്പോള്‍ ‘റിയാസ്’കുഴികളായി മാറിയിരിക്കുന്നു.

Related posts

Leave a Comment