ചിന്നക്കനാല്‍ സഹ. ബാങ്കിലെ തിരിമറിഃ സിപിഎം-സിപിഐ പോര് തെരുവിലേക്ക്

ഇടുക്കിഃ കരുവന്നൂര്‍ സഹകരണ ബാങ്കിന്‍റെ മാതൃകയില്‍ ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിലും കോടികളുടെ തിരിമറി. വ്യാജരേഖകളുടെ ഈടില്‍ ബാങ്കില്‍ നിന്ന് പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും വന്‍തോതില്‍ വായ്പ അനുവദിച്ചതിനെതിരേ വിശദീകരണം ആവശ്യപ്പെട്ട് സിപിഐ അംഗങ്ങള്‍ ബാങ്ക് സെക്രട്ടറിക്കു കത്ത് നല്‍കി. ഇടതുമുന്നണിയിലും ബാങ്കിന്‍റെ ഭരണ സമിതിയിലും സിപിഎമ്മിന്‍റെ ഘടക കക്ഷിയായ തങ്ങളെ ബാങ്കിന്‍റെ ഒരു കാര്യവും അറിയിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു.

ബാങ്കില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐ അംഗങ്ങള്‍ പത്തു മാസം മുന്‍പാണ് സെക്രട്ടറിക്കു കത്ത് നല്‍‌കിയത്. ഇതുവരെ മറുപടി നല്‍കിയില്ലെന്നു സിപിഐ വൃത്തങ്ങള്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണു കത്തിന്‍റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കു നല്‍കുന്നതെന്നും വിശദീകരണം.

ബാങ്ക് ഭരണ സമതിയില്‍ ആകെ പതിമൂന്ന് അംഗങ്ങളാണുള്ളത്. അവരില്‍ പത്തും സിപിഎം അംഗങ്ങളാണ്. പ്രസിഡന്‍റിന്‍റെ അനുമതിയോടെ ഇവരുടെ ശുപാര്‍ശയിലാണ് ബാങ്ക് സെക്രട്ടറി വായ്പ അനുവദിക്കുന്നതെന്നു പരാതിയില്‍ പറയുന്നു. വായ്പ നല്‍കുന്നതിനുള്ള ഈട് വേണ്ടത്ര മുഖവിലയുള്ളതാണോ എന്ന കാര്യത്തിലാണ് തര്‍ക്കം. ഇതടക്കം 12 ചോദ്യങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബാങ്കില്‍ നിന്നു നല്‍കിയിട്ടുള്ള വായ്പകള്‍ക്ക് മതിയായ ഈട് വാങ്ങിയിട്ടുണ്ടോ എന്നാണു പ്രധാന ചോദ്യം. മതിയായ ഈടില്ലാതെ നല്‍കിയ വായ്പകള്‍ എങ്ങനെ തിരിച്ചുപിടിക്കും. ഇത്തരത്തില്‍ എത്ര രൂപ വായ്പ നല്‍കിയിട്ടുണ്ടെന്നാണു ഭരണകക്ഷിയായ സിപിഐയുടെ ഒരു ചോദ്യം. ബിയല്‍റാം, വിലക്ക്, മുട്ടുകാട് എന്നിവിടങ്ങളില്‍ ബാങ്കിനു വേണ്ടി ഭൂമി വാങ്ങിയതായി രേഖയുണ്ട്., എന്നാല്‍ ഇതിന്‍റെ ആധാരം, പോക്ക് വരവ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും കത്തില്‍ പറയുന്നു. വിലക്കില്‍ പെട്രോള്‍ പമ്പിനു വേണ്ടി ബാങ്ക് വാങ്ങിയ സ്ഥലം വ്യാജമാണെന്നും സംശയിക്കുന്നു. ഇതിന്‍റെ രേഖകള്‍ പരിശോധനയ്ക്കു വിധേയമാക്കണം. പ്രസിഡന്‍റ് അളകപ്പ സ്വാമിയുടെ മൗനാനുവാദത്തോടെ സെക്രട്ടറിയാണ് ക്രമക്കേടുകള്‍ക്കു കൂട്ടു നില്‍ക്കുന്നതെന്നും അയാള്‍ക്കെതിരേ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബാങ്കിലെ ഒരംഗം വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്.

ദേവികളുത്തെ തെരഞ്ഞെടുപ്പിലടക്കം പല ക്രമക്കേടുകളിലും പെട്ട് വലയുന്ന സിപിഎമ്മിനു സ്വന്തം മുന്നണിയില്‍ നിന്നുള്ള വലിയ വെല്ലുവിളിയാണ് ചിന്നക്കനാല്‍ ബാങ്കില്‍ നിന്നുയരുന്നത്. സിപിഐ അംഗങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കു സെക്രട്ടറി മറപടി നല്‍കിയിട്ടുണ്ടെന്നാണ് അളകപ്പ സ്വാമിയുടെ നിലപാട്. എന്നാല്‍, ഓഡിറ്റ് കഴിഞ്ഞിട്ട് മറുപടി നല്‍കുമെന്നാണു സെക്രട്ടറി പറയുന്നത്.

Related posts

Leave a Comment