സിപിഎം ഭരിക്കുന്ന ഒരു ബാങ്കില്‍ക്കൂടി കോടികളുടെ തിരിമറി, കോണ്‍ഗ്രസ് സമരത്തില്‍

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന ഒരു സര്‍വീസ് സഹകരണ ബാങ്കില്‍ക്കൂടി കോടികളുടെ തിരിമറി. ഇടപാടുകാര്‍ അറിയാതെ സ്ഥിര നിക്ഷേപത്തിലും ആധാരങ്ങളിലും തിരിമറി നടത്തി ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങളെയും ഇടപാടുകാരുടെ നിക്ഷേപങ്ങളും അട്ടിമറിച്ചെന്നു കോണ്‍ഗ്രസ്. പ്രത്യക്ഷ സമരവുമായി ഇടപാടുകാരും രംഗത്തെത്തി. പത്തനംതിട്ട ജില്ലയിലെ സീതത്തോട് സര്‍വീസ് സഹകരണ ബാങ്കിലാണു തിരിമറി. പ്രശ്നം രൂക്ഷമായതോടെ സെക്രട്ടറി മുങ്ങി. ഭരണസമിതി അംഗങ്ങളും ഒഴിവുകഴിവുകള്‍ പറഞ്ഞതോടെ ഇടപാടുകാരും നിക്ഷേപകരും ദുരിതത്തിലായി.

2013 മുതല്‍ ഇവിടെ തട്ടിപ്പുകള്‍ നടക്കുകയാണെന്നാണ് കോണ്‍ഗ്രസ് സീതത്തോട് മണ്ഡലം കമ്മിറ്റിയുടെ പരാതി. സിപിഎം നേതൃത്വത്തിലൂുള്ള ഭരണസമിതിയാണ് ബാങ്ക് നിയന്ത്രിക്കുന്നത്. നേരത്തേ ഉണ്ടായിരുന്ന പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ നിന്നു ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് ബാങ്കിന്‍റെ പ്രവര്‍ത്തനം മുന്നോട്ടു പോയത്. കേരള ബാങ്ക് ആയതോടെ ഓവര്‍ഡ്രാഫ്റ്റ് തിരിച്ചടയ്ക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടു. എന്നാല്‍ ഓവര്‍ ഡ്രാഫ്റ്റ് ആയെടുത്ത ഏഴു കോടി രൂപയും പലിശയും ഇതേവരെ തിരിച്ചടച്ചിട്ടില്ല. അതോടെ, കേരള ബാങ്കില്‍ നിന്നുള്ള വായ്പകള്‍ നിലച്ചു. ഇതാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്.

ബാങ്കിന്‍റെ കരുതല്‍ ഫണ്ടില്‍ നിന്നു വകമാറ്റിയാണ് നിക്ഷേപകരുടെ പണം ഭാഗികമായെങ്കിലും തിരികെ നല്‍കുന്നത്. പുതിയ വായ്പകള്‍ അനുവദിക്കുന്നതുമില്ല. ദീര്‍ഘ കാല നിക്ഷേപങ്ങള്‍, നിക്ഷേപകര്‍ അറിയാതെ മറിച്ചു നല്‍കുന്നതും പതിവാണ്. വായ്പക്കാര്‍ ബാങ്കില്‍ പണയം വച്ചിരിക്കുന്ന ആധാരങ്ങള്‍ അവര്‍ അറിയാതെ, കൂടുതല്‍ തുകയ്ക്ക് പണയം വച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 2013 മുതല്‍ ഓഡിറ്റിംഗും നടന്നിട്ടില്ല.

Related posts

Leave a Comment