ലണ്ടൻ: മണിക്കൂറിൽ നൂറു മൈലിലേറെ വേഗത്തിൽ ആഞ്ഞടിച്ച യൂനിസ് കൊടുങ്കാറ്റ് വിതച്ച ദുരിതക്കയത്തിൽനിന്ന് കരകയറുന്നതിനു മുൻപ് ബ്രിട്ടനിൽ ആഞ്ഞടിച്ച് ഫ്രാങ്ക്ലിൻ കൊടുങ്കാറ്റ്. ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ അതിശക്തമായ കൊടുങ്കാറ്റാണ് തിങ്കളാഴ്ച ബ്രിട്ടനിൽ ആഞ്ഞടിച്ചത്.
മണിക്കൂറിൽ 80 മൈൽ വരെ വേഗം കൈവരിക്കുന്ന ഫ്രാങ്ക്ലിന്റെ വരവോടെ, ശക്തമായ ചുഴലിക്കാറ്റുകൾ, കനത്ത മഴ, വെള്ളപ്പൊക്കം, വൈദ്യുതി തടസ്സം, കെട്ടിടങ്ങൾക്കും മറ്റും കനത്ത നാശം തുടങ്ങിയ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വടക്കൻ അയർലൻഡിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കനത്ത വെള്ളപ്പൊക്കം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. യാത്രാതടസ്സങ്ങൾ ഉണ്ടായേക്കാമെന്നും പലയിടങ്ങളിലും റോഡുകളും റെയിൽപാളങ്ങളും അടച്ചിടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ബ്രിട്ടനിൽ 1.5 ലക്ഷം വീടുകളിലാണ് യൂനിസ് കൊടുങ്കാറ്റിനു പിന്നാലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. യോർക്ക്ഷെർ, മാഞ്ചസ്റ്റർ, എന്നിവിടങ്ങളിൽനിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു. ബ്രിട്ടനിൽ പലയിടങ്ങളിലും കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകി കഴിഞ്ഞു. അതേസമയം ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട്ലാൻഡിന്റെ തെക്ക് പടിഞ്ഞാറൻ അതിർത്തി മേഖലയിലും യെലോ മുന്നറിയിപ്പ് ആണ് നിലനിൽക്കുന്നത്.
യൂനിസിനു പിന്നാലെ ഫ്രാങ്ക്ലിൻ; യുകെയിൽ മൂന്നാമത്തെ കൊടുങ്കാറ്റ്
