വിഭാ​ഗീ‌യതയിൽ വശംകെട്ട് സിപിഎം, പാലക്കാട്ടും ഇടുക്കിയിലും വൻപോര്, വിമർശനം മുഖ്യമന്ത്രിക്കു നേരേ

സി.പി. രാജശേഖരൻ
കൊച്ചി: 2015 ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിനു ശേഷം സിപിഎമ്മിൽ വീണ്ടും വിഭാ​ഗീയതയുടെ അശാന്തി. ആല്പപുഴ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ അന്നത്തെ കേന്ദ്ര കമ്മിറ്റി അം​ഗം വി.എസ്. അച്യുതാനന്ദന്റെ പാതയിലേക്ക് ഇപ്പോൾ നടക്കുന്ന പല ജില്ലാ സമ്മേളനങ്ങളിലും പ്രതിനിധികൾ വരുന്നെങ്കിലും വിഎസിനോളം ധൈര്യമില്ലാത്തതു കൊണ്ട് അതിനു മുതിരുന്നില്ലെന്നും മാത്രം. അതേസമയം, രൂക്ഷമായ വിമർശനമാണ് പാർട്ടിക്കും നേതൃത്വത്തിനുമെതിരേ ജില്ലാ സമ്മേളനങ്ങളിൽ ഉന്നയിക്കുന്നത്. പാലക്കാട്, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് വിഭാ​ഗീയത ഏറെ രൂക്ഷം.
പാലക്കാട് ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനങ്ങൾ എന്നതും ശ്രദ്ധേയം. ജില്ലയിൽ എ.കെ. ബാലനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ് സംഘർഷം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബാലന്റെ ഭാര്യയെ മത്സരിപ്പിക്കാൻ ശ്രമിച്ചതടക്കമുള്ള നടപടികൾ സമ്മേളനത്തിൽ പ്രതിനിധികൾ എടുത്തിട്ടു. പാർലമെന്ററി പദവികളിലാണ് എല്ലാവരുടെയും കണ്ണെന്നും അത്തരം പദവികൾ അഴിമിതിയുടെ ലൈസൻസികളായെന്നുമാണ് ആരോപണം. കെ റെയിൽ പദ്ധതിക്കെതിരേയും വിമർശനമുയർന്നു.
ജില്ലാ സെക്രട്ടേറിയറ്റ് അം​ഗവും മുൻഎംഎൽഎയുമായ പി.കെ. ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് അവരോധിച്ചതിലും പാർട്ടിയിൽ രൂക്ഷമായ ഭിന്നതയുണ്ട്. ഡിവൈഎഫ്ഐ നേതാവായിരുന്ന വനിതയെ ലൈം​ഗികമായി അധിക്ഷേപിച്ചതിനു നടപടി നേരിട്ടയാളാണ് ശശി. എന്നാൽ ആറു മാസം പുറത്തു നിർത്തിയ ശേഷം സ്വീകരിച്ചാനയിച്ച് പ്രധാന പദവി നല്കിയതിൽ യുവ നേതൃത്വത്തോടൊപ്പം പാലക്കാട്ടെ പഴയ നേതാക്കളും അതൃപ്തരാണ്. പിണറായി വിജയന്റെ വിശ്വസ്തനെന്ന ഏക യോ​ഗ്യതയിലാണ് ശശിയെ കെടിഡിസി ചെയർമാനാക്കിയത്. ഇക്കാര്യങ്ങളൊന്നും പാർട്ടിയിൽ ചർച്ച ചെയ്യില്ലെന്നായിരുന്നു വിമർശനം. കെടിഡിസി ചെയർമാൻ ആയതിന് ശശി പത്രത്തിൽ പരസ്യം നൽകിയ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. പുതുശേരി, പട്ടാമ്പി ഏരിയാ കമ്മറ്റി പ്രതിനിധികളാണ് ശശിക്കെതിരെ വിമർശനമുന്നയിച്ചത്.
പാർട്ടിയെ പ്രതിരോധത്തിലാക്കിയ കണ്ണമ്പ്ര ഭൂമിയിടപാടിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ചില പ്രതിനിധികൾ വിമർശനമുയർത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം സി കെ ചാമുണ്ണി മാത്രമല്ല കുറ്റക്കാരനെന്നും ചാമുണ്ണിക്ക് മുകളിലുള്ള ആളുകൾക്കും ഇടപാട്ടിൽ പങ്കുണ്ടെന്നായിരുന്നു വിമർശനം.
ഒറ്റപ്പാലത്തെ സഹകരണ ബാങ്ക് അഴിമതിയിൽ കൂടുതൽ നടപടിയില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. പൊലീസ് സേനയുടെ വീഴ്ചകളുമായി ബന്ധപ്പെട്ടും സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനം ഉയർത്തി. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നീക്കം പൊലീസിൽ നിന്നുണ്ടാകുന്നുവെന്നും നിയന്ത്രണമില്ലാത്ത വിധത്തിലാണ് ചിലയിടങ്ങളിൽ പൊലീസ് ഇടപെടലെന്നും ഇതു തിരുത്തപ്പെട്ടണമെന്നും യോഗത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

ഇടുക്കിയിൽ സെക്രട്ടേറിയറ്റ് അം​ഗം എസ്. രാജേന്ദ്രനുമായാണ് പാർട്ടി കൊമ്പ് കോർക്കുന്നത്. മുൻ ദേവികുളം എംഎൽഎയും മുൻ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസുഡൻരുമായ രാജേന്ദ്രന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതാണ് അവിടെ വിഭാ​ഗീയതയുടെ വിത്തിട്ടത്. കഴിഞ്ഞ കുറേ മാസങ്ങളായി പാർട്ടി പരിപാടികളിൽ നിന്നു വിട്ടുനിൽക്കുന്ന രാജേന്ദ്രൻ ജില്ലാ സമ്മേളനത്തിലും പങ്കെടുക്ല്ലകില്ലെന്ന് അറിയിച്ചിട്ടുണ്ട്. പാർട്ടിയുമായി ഇനി ബന്ധമില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടാലും രാജേന്ദ്രനെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ലെന്നാണ് എം.എം. മണിയുടെ ഭീഷണി. പിണറായി പക്ഷത്തുള്ളവർ മണിയെ പിന്തുണയ്ക്കുമ്പോൾ, ജില്ലയിലെ മുതിർന്ന പിന്നാക്ക നേതാവിനെ തള്ളിക്കളയരുതെന്നാണ് വിമതപക്ഷത്തിന്റെ ആവശ്യം. നാളെ തുടങ്ങുന്ന ജില്ലാ സമ്മേളനത്തിൽ പാർട്ടി നടപടി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചാൽ
രാജേന്ദ്രന്റെ നേതൃത്വത്തിൽ വലിയൊരു വിഭാ​ഗം സിപിഎം വിട്ടുപോകും. ഇവരെ സ്വീകരിക്കാനൊരുങ്ങി നിൽക്കുകയാണു സിപിഐ.
ആലപ്പുഴയിൽ ജി. സുധാകരനും തോമസ് ഐസക്കും തമ്മിലാണു കലഹം. അമ്പലപ്പുഴ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പേരിൽ സുധാകരനെതിരേ അച്ചടക്ക നടപടി വരെ ശുപാർശ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭിന്നത നിലനിൽക്കുന്ന ജില്ലയാണ് ആലപ്പുഴ. സുധാകരനും തോമസ് ഐസക്കിനും പുറമേ മന്ത്രി സജി ചെറിയാൻ, യു. പ്രതിഭ തുടങ്ങിയവരും വിഭാ​ഗീയതയുടെ പിടിയിലാണ്.
വിഭാഗീയ പ്രവർത്തനങ്ങളിൽ നേതാക്കൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി രം​ഗത്തെത്തിയെങ്കിലും ഫലം കാണുന്നില്ല. പാലക്കാട്ടെ പാർട്ടിയിൽ ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിയ്ക്കുകയാണെന്നു വിജയൻ ചൂണ്ടിക്കാട്ടി. അത്തരം തുരുത്തുകൾക്ക് കൈകാലുകൾ മുളയ്ക്കുന്നതും കാണുന്നു. ഇതു വിഭാ​ഗീയതയുടെ അസുരവിത്താണെന്നും അതു കിളിർക്കാൻ അനുവദിക്കില്ലന്നുമാണ് പിണറായി പാലക്കാട് സമ്മേളനത്തിൽ തുറന്നടിച്ചത്. വിഭാഗീയ ശ്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും പിണറായി വിജയൻ.
ആരെങ്കിലും വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയെ പോകും. വിഭാ​ഗീയത സൃഷ്ടിക്കുന്നവരുടെ വഴി പാർട്ടിക്കു പുറത്തേക്കാണെന്നു പറഞ്ഞ് വിമർശകരുടെ വായടപ്പിക്കാൻ മുഖ്യമന്ത്രി കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
കൊല്ലത്തും ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉണ്ടായത് ജില്ലാ നേതൃത്വത്തിനും സംസ്ഥാന ഭാരവാഹികൾക്കും എതിരെയും പാർട്ടിയിലെ വിഭാഗീയത സബംന്ധിച്ചും സമ്മേളനത്തിൻ്റെ ഭാഗമായുള്ള ചർച്ചയിൽ വിമർശനമുണ്ടായി. സംസ്ഥാന പൊലീസ് വകുപ്പിനെക്കുറിച്ചാണ് കൂടുതൽ ആക്ഷേപങ്ങൾ ഉയർന്നത്.

വിഭാ​ഗീയത രൂക്ഷമായ ഇടങ്ങളിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മുഴുവൻ സമയവും പങ്കെടുക്കുന്നുണ്ട്. ലോക്കൽ, ഏരിയ സമ്മേളനങ്ങളിലെപ്പോലെ ജില്ലാ സമ്മേളനങ്ങളിൽ ഔദ്യോ​ഗിക പാനലുകളെ വിജയിപ്പിച്ച് ഔദ്യോ​ഗിക പക്ഷത്തോടൊപ്പം നിർത്തുകയാണ് പിണറായി- കോടിയേരി സൗഹൃദക്കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നത്. 2015ൽ ആലപ്പുഴ സമ്മേളനത്തിൽ വച്ച് വിഎസ്. അച്യുതാനന്ദനെ വെട്ടിനിരത്തിയ മാനദണ്ഡം തന്നെയാണ് ഇപ്പോൾ ജില്ലാ സമ്മേ‌ളനങ്ങളിലും നടക്കുന്നത്. അച്യുതാനന്ദനെ ഒപ്പമിരുത്തി, പിണറായി വിജയൻ പക്ഷം അദ്ദേഹത്തിനെതിരേ രൂക്ഷമായ ഭിന്നതകൾ രേഖപ്പെടുത്തി. വിഎസിനെ ആൾദൈവമെന്നും പൊയ്ക്കാൽ വി​ഗ്രഹമെന്നുമൊക്കെ ആക്ഷേപിച്ചു. അതിൽ മനംനൊന്താണ് വിഎസ് സമ്മേളന ന​ഗരി വിട്ട് സ്വന്തം വീട്ടിലേക്കു മടങ്ങിയത്. കേന്ദ്ര കമ്മിറ്റി അം​ഗങ്ങളും സീതാറാം യെച്ചൂരിയും നേരിട്ടു ചെന്നു വിളിച്ചിട്ടും വിഎസ് സമ്മേളനത്തിൽ നിന്നു വിട്ടു നിന്നു. സമാനമായ സാഹചര്യമാണ് എസ്. രാജേന്ദ്രൻ, ജി. സുധാകരൻ, തോമസ് ഐസക്ക് തുടങ്ങിയവർ നേരിടുന്നത്. അവരുടെ വായടപ്പിക്കാനാണ് പിണറായി വിജയൻ അച്ചടക്കത്തിന്റെ വാളുയർത്തി പാർട്ടി അതിന്റെ വഴിയേ പോകുമെന്നു പറയുന്നത്. പക്ഷേ, കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺ​ഗ്രസിനു മുൻപേ രാജേന്ദ്രനെപ്പോലെ പല പ്രമുഖരും പാർട്ടി വിട്ടുപോകുമെന്നാണ് സൂചന.

Related posts

Leave a Comment