മുൻ എംപി സമ്പത്തിന് വീണ്ടും പദവി; ഇക്കുറി മന്ത്രി രാധാകൃഷ്ണന്റെ ഓഫീസിൽ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഡല്‍ഹിയില്‍ നിന്ന് മുങ്ങി നാട്ടിലെത്തിയ മുന്‍ എംപി എ സമ്പത്തിന് വീണ്ടും പുതിയ പദവി നൽകി സർക്കാർ. മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് പുതിയ നിയമനം.
 സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്ന സമ്പത്ത് കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ തന്നെ സ്വയരക്ഷ തേടി കേരളത്തിലെ വീട്ടിലെത്തിയത് വലിയ വിവാദമായിരുന്നു. തുടക്കത്തിൽ ഇക്കാര്യം പുറത്തറിയാതിരിക്കാനായിരുന്നു സര്‍ക്കാരും പാര്‍ട്ടിയും ശ്രമിച്ചത്. അദ്ദേഹം ഡല്‍ഹിയില്‍ തന്നെയുണ്ടെന്ന മട്ടിലായിരുന്നു സര്‍ക്കാരിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍. താന്‍ ഡല്‍ഹിയിലുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്താന്‍ സമ്പത്ത് ശ്രമിക്കുകയും ചെയ്തു. എന്നാല്‍, മലയാളി നേഴ്‌സുമാരുടെ പ്രശ്‌നങ്ങളും മറ്റ് മലയാളികളെ തിരികെ എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ബോധ്യപ്പെടുത്താനായി ഡല്‍ഹിയിലെ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് സമ്പത്ത്  രാജ്യതലസ്ഥാനം വിട്ടുവെന്നത് സ്ഥിരീകരിക്കപ്പെട്ടത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ആശയവിനിമയത്തിനും പ്രശ്‌ന പരിഹാരത്തിനുമെന്ന പേരില്‍ നിയോഗിക്കപ്പെട്ട പ്രത്യേക പ്രതിനിധി പ്രതിസന്ധിഘട്ടത്തില്‍ സ്ഥലത്തില്ലാതിരുന്നത് വലിയ വിവാദമാവുകയും ചെയ്തു. ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 38,247 വോട്ടിന് യുഡിഎഫിന്റെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ഇതിനുശേഷമാണ് പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ അദ്ദേഹത്തെ ഡൽഹിയിൽ നിയമിച്ചത്.

Related posts

Leave a Comment