കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി (സി യു സി ) രൂപീകരണം: കോഴിക്കോട് ജില്ലാതല ഉദ്ഘാടനം നാളെ കീഴരിയൂരിൽ; വിളംബര സദസ് സംഘടിപ്പിച്ചു

കോഴിക്കോട്: കോൺഗ്രസിൻ്റെ സംഘടനാ ചരിത്രത്തിൽ ആദ്യമായി ബൂത്ത് കമ്മിറ്റികൾക്ക് താഴെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ ( സിയുസി) വരുന്നതിൻ്റെ ജില്ലാതല ഉദ്ഘാടനം നാളെ 11 ന് കീഴരിയൂരിൽ എഐസിസി സെക്രട്ടറി പി.വി.മോഹൻ നിർവഹിക്കും.
ഡിസിസി പ്രസിഡൻറ് കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിക്കും. കെപിസിസി, ഡിസിസി ഭാരവാഹികൾ ചടങ്ങിൽ പ്രസംഗിക്കും. ജില്ലയിൽ നാളെ നടുവണ്ണൂരിലും കീഴരിയൂരിലുമാണ് തുടക്കം. കീഴരിയൂരിൽ 67 ഉം നടുവണ്ണൂരിൽ 107 കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളാണ് നാളെ നിലവിൽ വരുന്നത്. ഒക്ടോബർ 6 മുതൽ ജില്ലയിലെ 26 മണ്ഡലങ്ങളിൽ സിയുസി രൂപീകരണം നടക്കുന്നതോടെ ജില്ലയിൽ സിയുസി യുടെ രൂപീകരണം പൂർത്തിയാവും.

നാളെ രാവിലെ 8 മണിക്ക് കൊടിമരത്തിൽ യൂണിറ്റിലെ മുതിർന്ന വനിത അംഗം പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാവും. ഓരോ യൂണിറ്റിലെയും മുഴുവൻ കോൺഗ്രസ് വീടുകളിലും ഉള്ള എല്ലാ കോൺഗ്രസ് അംഗങ്ങളും കോൺഗ്രസ് സൗഹൃദ വീടുകളിലുള്ള കോൺഗ്രസ്സുകാരും ആണ് പരിപാടിയിൽ പങ്കെടുക്കുക. യൂണിറ്റിലെ പ്രധാന സംഘാടകനായ പ്രവർത്തകൻ പരമാവധി 5 മിനുട്ട് സ്വാഗതം ആശംസിക്കണം. എന്തിനാണ് യോഗം വിളിച്ചുകൂട്ടിയത് എന്ന് ചുരുക്കി പ്രതിപാദിച്ച് എല്ലാവരെയും സ്വാഗതം ചെയ്ത് അധ്യക്ഷനെ ക്ഷണിക്കും. തുടർന്ന് ‘നമ്മൾ കോൺഗ്രസുകാർ ‘ എന്ന വീഡിയോ ഓഡിയോ ഗാനം സദസിൽ കേൾപ്പിക്കും.ഗാനത്തിന് ശേഷം സി യു സി യെകുറിച്ച് വിശദീകരണം നടത്തും.

ഓരോ നിയോഗിക്കപ്പെട്ട നേതാവ് ഉദ്ഘാടന കർമ്മവും സി യു സി യുടെ പ്രഖ്യാപനവും നടത്തും. ശേഷം യൂണിറ്റിലെ മുതിർന്ന കോൺഗ്രസ് അംഗങ്ങൾ, മികവ് തെളിയിച്ചവർ എന്നിവരെ ആദരിക്കലും പ്രവർത്തക സമിതി തിരഞ്ഞെടുപ്പും നടക്കും. ഓരോ വീട്ടിൽ നിന്നും മിനിമം ഒരാൾ അതിൽ ഉണ്ടാവണം. യൂണിറ്റ് പ്രസിഡൻ്റ്, സെക്രട്ടറി, ട്രഷറർ, രണ്ടു ബൂത്ത് പ്രതിനിധികൾ എന്നിവരെ തിരഞ്ഞെടുക്കും. സ്ത്രീകൾ നിർബന്ധമായും ഇതിൽ ഉണ്ടാവണം. അല്ലെങ്കിൽ സി യു സി ക്ക് അംഗീകാരം ലഭിക്കില്ല.

ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത്, വിനോദ് പടനിലം, കെ.പി. ജീവാനന്ദൻ എന്നിവരാണ് സിയുസി യുടെ ജില്ലയിലെ ചുമതലക്കാർ. കീഴരിയൂരിൽ സിയുസി രൂപീകരണത്തിൻ്റെ വിളംബര സദസ് മുൻ ഡി സി സി പ്രസിഡൻ്റ് കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. സി യു സി കൊടിമരത്തിൽ ഉയർത്തേണ്ട കൊടികളും മിനുഡ് സ് ബുക്കും അദ്ദേഹം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഇടത്തിൽ ശിവന് കൈമാറി. ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് ഗൗരി പുതിയേടത്ത്, ഡിസിസി ജനറൽ സെക്രട്ടറിമാരായ രാജേഷ് കീഴരിയൂർ, ഇ.അശോകൻ, ബ്ലോക്ക് പ്രസിഡൻ്റ് കെ.പി.വേണുഗോപാൽ, മണ്ഡലം പ്രസിഡൻറ് ഇടത്തിൽ ശിവൻ, എം.കെ.സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment