മുട്ടിൽ മരം മുറി; എൻ.ടി സാജനെതിരെയുള്ള റിപ്പോർട്ട് മുഖ്യമന്ത്രി മുക്കി

തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥൻ  എൻ.ടി സാജനെതിരെയുള്ള റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കി. ഈ ഉദ്യോഗസ്ഥനെതിരെ ഗുരുതര കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ടാണ് അഡീഷനൽ പി.സി.സി.എഫ് സർക്കാരിന് നൽകിയത്. എന്നാൽ, ധർമടം ബന്ധം മറയാക്കി സാജനെതിരെ നടപടി വേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.
മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ സാജനും പ്രതികളും ഒരു മാധ്യമപ്രവർത്തകനും ചേർന്ന് കള്ളക്കേസുണ്ടാക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടിലുണ്ട്.
മരംമുറി കണ്ടെത്തിയ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എംകെ സമീറിന്റെ പരാതിയിൽ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ സമർപ്പിച്ച് റിപ്പോർട്ടിലാണ് എൻടി സാജനെതിരെ ഗുരുതര കണ്ടെത്തലുള്ളത്. സമീറിനെ മറ്റൊരു മരംമുറി കേസിൽ സാജൻ കുടുക്കി റിപ്പോർട്ട് നൽകിയന്നാണ് കണ്ടെത്തൽ. മുട്ടിൽ മരംമുറി കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്ക് വേണ്ടിയായിരുന്നു സാജന്റെ നീക്കമെന്നാണ് കണ്ടെത്തൽ.
മേപ്പാടി മരം മുറി അന്വേഷിക്കാൻ എത്തിയ സാജൻ, രഹസ്യവിവരം ലഭിച്ചെന്ന പേരിൽ മണിക്കുന്നിമലയിലെ സ്വകാര്യ ഭൂമിയിൽ നിന്നും മരം മുറിച്ചത് അന്വേഷിച്ചു. സമീറിനെതിരെ രഹസ്യവിവരം നൽകിയത് പ്രതികൾ തന്നെയായിരുന്നു. ഇരുവരും തമ്മിലെ ഫോൺ സംഭാഷണം തെളിവാണെന്നും റിപ്പോർട്ടിലുണ്ട്. സാജനൊപ്പം ഒരു മാധ്യമപ്രവർത്തകനും ഈ നീക്കത്തിൽ പങ്കുണ്ടെന്നാണ് രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ട്. സമീറിനെതിരെ കേസ് കെട്ടിച്ചമച്ചക്കാൻ സാജന്റെ ഓഫീസും മാധ്യമപ്രവർത്തകനെയും പ്രതികൾ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ.
ജൂൺ 29നായിരുന്നു രാജേഷ് രവീന്ദ്രൻ 18 പേജുള്ള റിപ്പോർട്ട് നൽകിയത്. വനംവകുപ്പിന്റെ കേസ് അട്ടിമറിക്കാൻ ശ്രമിച്ച സാജനെതിരെ നടപടി വേണമെന്ന് ശുപാർശ ചെയ്ത റിപ്പോർട്ട് വനംവകുപ്പ് അംഗീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുകയായിരുന്നു. എന്നാൽ കൂടുതൽ അന്വേഷണം നടത്തണമെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത്. സാജനെ കോഴിക്കോട് നിന്ന് കൊല്ലത്തേക്ക് പേരിനൊന്ന് സ്ഥലം മാറ്റിയെന്നതല്ലാതെ ശക്തമായ നടപടിയെടുക്കാൻ കഴിഞ്ഞിട്ടില്ല.

Related posts

Leave a Comment