ഫോഡും ഇന്ത്യ വിടുന്നു; 2 നിർമ്മാണ യൂണിറ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും

പ്രമുഖ അമേരിക്കൻ വാഹന നിര്‍മാതാക്കളായ ഫോഡ് മോട്ടോർ കമ്പനി ഇന്ത്യയിലെ ഉൽപാദനം അവസാനിപ്പിക്കുന്നു. ഗുജറാത്തിലെ സാനന്ദ്, ചെന്നൈ എന്നിവിടങ്ങളിലെ നിർമ്മാണ യൂണിറ്റുകളുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും, മസ്താങ്, മസ്താങ് മാക്ക് ഇ പോലുള്ള ഇറക്കുമതി വാഹനങ്ങൾ മാത്രമാകും ഇനി ഇന്ത്യയിൽ ലഭിക്കുകയെന്നും ഫോഡ് ഇന്ത്യ പ്രസിഡൻറ് അനുരാഗ് മെഹ്റോത്ര അറിയിച്ചു.

ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ, ഇക്കോസ്പോർട്ട്, എൻഡവർ തുടങ്ങിയ വാഹനങ്ങളുടെ വിൽ‌പന നിലവിലെ സ്റ്റോക്ക് അവസാനിക്കുന്നതു വരെയുണ്ടാകുമെന്നും എന്നാൽ നിലവിലെ ഫോഡ് ഉപഭോക്താക്കാൾ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് കമ്പനി അറിയിക്കുന്നത്. ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ഫോഡ് ഉടമകളെ ഉപേക്ഷിക്കില്ലെന്നും തുടർന്നും അവർക്ക് തങ്ങളുടെ സേവനം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. വാറണ്ടി, സർവീസ്, സ്പെയർ പാർട്സ് ലഭ്യത തുടങ്ങിയ സേവനങ്ങൾ നിലവിലുള്ള ഡീലർമാർക്കൊപ്പം ചേർന്ന് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് കമ്പനി പറയുന്നു.

1995-ലാണ് മഹീന്ദ്രയ്ക്കൊപ്പം ചേർന്ന് ഫോ‍ഡ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് സ്വതന്ത്ര കമ്പനിയായ ഫോഡ് അടുത്തിടെ വീണ്ടും മഹീന്ദ്രയുമായി കൈ കോർക്കാൻ ഒരുങ്ങിയെങ്കിലും പദ്ധതികൾ പാതി വഴിയിൽ നിലച്ചു. ഇതോടെയാണ് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കമ്പനിക്ക് പൂട്ടു വീഴുന്നത്.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന രണ്ടാമത്തെ ഓട്ടോ ഭീമനാണ് ഫോഡ്. ജനറല്‍ മോട്ടോഴ്സ് 2017ല്‍ ഇന്ത്യയില്‍ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

Related posts

Leave a Comment