തടവറയിലെ കായിക താരങ്ങളെ കണ്ടെത്തും ; സെന്‍ട്രല്‍ ജയിലില്‍ ഫുട്‌ബോളും ബാഡ്മിന്റണും

തിരുവനന്തപുരം: ജയിലിലെ തടവുകാര്‍ക്ക് വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കുന്ന പരിവര്‍ത്തന്‍ സംരംഭം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുടങ്ങി. ജയില്‍വകുപ്പും ഇന്ത്യന്‍ ഓയിലും സഹകരിച്ചാണ് തടവുപുള്ളികള്‍ക്ക്, ബാഡ്മിന്റണ്‍, വോളിബോള്‍, ചെസ്സ്, ടെന്നീസ്, കാരംസ് എന്നീ ഇനങ്ങളിലാണ് പരിശീലനം നല്‍കുന്നത്. തടവുശിക്ഷ അനുഭവിക്കുന്നവരുടെ കായികവും മാനസികവുമായ ഉന്നമനമാണ് പരിവര്‍ത്തന്റെ ഉദ്ദേശ്യം. വിനോദം എന്നതിലുപരി പ്രാദേശിക മത്സരങ്ങളില്‍ തടവുകാര്‍ക്ക് അവസരം ലഭ്യമാക്കുകയെന്ന ലക്ഷ്യവുമുണ്ട്. നാലാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന് 129 തടവുകാരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യന്‍ ഓയിലിന്റെ കായിക താരങ്ങള്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കും. ബാഡ്മിന്റണ്‍ താരങ്ങളായ അഭിന്‍ ശ്യാം (അര്‍ജുന അവാര്‍ഡ് ജേതാവ്) തൃപ്തി മുരുഗുന്ദേ (കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവ്, ധ്യാന്‍ ചന്ദ് അവാര്‍ഡ് ജേതാവ്) എസ്. അരുണ്‍ വിഷ്ണു (ദേശീയ ചാമ്പ്യന്‍) വനിതാ ഗ്രാന്‍ഡ്മാസ്റ്റര്‍ പത്മിനി റൗട്ട് (ചെസ്) ടെന്നീസ് താരം രുഷ്മി ചക്രവര്‍ത്തി (ദേശീയ ചാമ്പ്യന്‍) പ്രമുഖ കളിക്കാരായ രമേഷ് ബാബു, എസ്. പരിമള ദേവി, ശ്രീനിവാസ് എന്നിവര്‍ പരിശീലകരില്‍ ഉള്‍പ്പെടുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പരിവര്‍ത്തന്‍ പരിപാടി, ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യ ഉദ്ഘാടനം ചെയ്തു. ജയില്‍ ഡിജിപി ഡോ. ദര്‍വേഷ് സാഹേബ്, ഇന്ത്യന്‍ ഓയില്‍ ചീഫ് ജനറല്‍ മാനേജരും സംസ്ഥാനതലവനുമായ വി.സി. അശോകന്‍ എന്നിവര്‍ സംബന്ധിച്ചു. തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പരിപാടി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യ വ്യക്തമാക്കി. പെട്രോള്‍ പമ്പുകളില്‍ കസ്റ്റമര്‍ അറ്റന്റ്‌സ് ആയി അവര്‍ ജോലി നല്കാനാണ് പരിപാടി. നിലവില്‍ കേരളം, തമിഴ്‌നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ 30 ഇന്ത്യന്‍ ഓയില്‍ പമ്പുകളില്‍ 30 വിമോചിത തടവുകാര്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Related posts

Leave a Comment