ചെരിപ്പിനൊത്ത് കാല് മുറിക്കുന്ന പിണറായി


ഭൂരിപക്ഷം ആളുകള്‍ പറയുന്നതുകൊണ്ട് കളവ് സത്യമാകില്ല, തെറ്റ് ശരിയായി തീരില്ല, തിന്മ നന്മയായിരിക്കില്ല’ വിഖ്യാത ഗ്രന്ഥകാരനായിരുന്ന റിക്ക്‌വാറന്റെ വാക്കുകള്‍ക്ക് സമകാലിക കേരളീയ രാഷ്ട്രീയത്തില്‍ ഏറെ പ്രസക്തിയുണ്ട്. പിണറായി വിജയന്റെ രണ്ടാം വരവ് ദുരിതങ്ങളുടെയും അരുതായ്മകളുടെയും താണ്ഡവ നടനങ്ങളുടെയും അകമ്പടിയോടെയാണ്. സ്പ്രിംക്‌ളര്‍ മുതല്‍ ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വരെയുള്ള കണ്ണില്‍ കുത്തുന്ന തെളിവുകളുമായി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ റദ്ദ് ചെയ്യാതെയിരുന്നിട്ടും ഞങ്ങള്‍ ജയിച്ചില്ലേ എന്നാണ് മുഖ്യമന്ത്രിയും മാധ്യമങ്ങളും ഇടതുപക്ഷ സൈബര്‍ ചാവേറുകളും പുലമ്പിക്കൊണ്ടിരിക്കുന്നത്. വന്‍ അഴിമതികള്‍ക്കും സ്വജനപക്ഷപാതങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഇടത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ പ്രത്യാക്രമണം നടത്തുന്നത് ഞങ്ങള്‍ സാമൂഹ്യ പെന്‍ഷനും പ്രളയകിറ്റും കൊടുത്തില്ലേ എന്ന വന്ധ്യമായ ചോദ്യവുമായാണ്. ഇതൊക്കെ വാങ്ങിക്കൊണ്ടുപോയി നക്കിയിട്ടും തങ്ങള്‍ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഒരു ഉരുള ചോറിന്റെ പേരില്‍ വാലാട്ടുന്ന ജീവിയായി പൊതുജനത്തെ കാണേണ്ടിവരുമായിരുന്നില്ലേ എന്നാണ് സി പി എം ചോദിക്കുന്നത്. ഫലപ്രഖ്യാപനം വന്ന ദിവസം മുതല്‍ സി പി എം വിജയത്തെ വിലയിരുത്തുന്നത് ഉരുള ചോറിന്റെ നന്ദിപ്രകടനമായാണ്. തങ്ങള്‍ക്ക് ലഭിച്ച ഭൂരിപക്ഷവും വന്‍ വിജയവും വീണ്ടും അഴിമതി നടത്താനുള്ള അനുവാദപത്രമായാണ് അവര്‍ കാണുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന തൊട്ടടുത്തുള്ള ആഴ്ചകളിലാണ് മരംമുറി സംഭവം പുറത്തുവരുന്നത്. അതിനുപിന്നാലെയാണ് സ്വര്‍ണക്കടത്തും സ്വര്‍ണ കവര്‍ച്ചയും ക്വട്ടേഷന്‍ ബന്ധങ്ങളും പുറത്താകുന്നത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയത്തെ സൈദ്ധാന്തിക പിന്‍ബലത്തോടെ ന്യായീകരിച്ച ഇ എം എസിന്റെ അസാന്നിധ്യം പാര്‍ട്ടി ഇപ്പോള്‍ നികത്തിക്കൊണ്ടിരിക്കുന്നത് കൊടി സുനിമാരെയും കിര്‍മാണി മനോജുമാരെയും തില്ലങ്കേരിമാരെയും ആയങ്കിമാരെയും അണിനിരത്തിക്കൊണ്ടാണ്. സി പി എമ്മിന്റെ ഇത്തരം ധാര്‍മികവും പ്രത്യയശാസ്ത്രപരവുമായ അപചയങ്ങളെ ഒരു ദശകം മുമ്പ് പ്രവചനസിദ്ധിയോടെ വിളംബരം ചെയ്തവരായിരുന്നു എം എന്‍ വിജയനും അപ്പുക്കുട്ടന്‍ വള്ളിക്കുന്നുമൊക്കെ. പാഠം മാസികയും സേവ് സി പി എം ഫോറവുമൊക്കെ രൂപീകരിച്ചത് അവര്‍ ജീവനായി കാണുന്ന പാര്‍ട്ടിയെ രക്ഷിക്കാനുള്ള പരിശോധനയും ഔഷധവുമായിട്ടായിരുന്നു. എന്നാല്‍ പിണറായി വിജയനും കൂട്ടരും ആ പരിശോധനയും ചികിത്സയും വകവെച്ചില്ല. എം എന്‍ വിജയനെ ദേശാഭിമാനി വാരിക എഡിറ്റര്‍ സ്ഥാനത്തുനിന്നും അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ ദേശാഭിമാനി പത്രത്തില്‍ നിന്നും പുറത്താക്കി. പിന്നീട് പാര്‍ട്ടിയെ ചികിത്സിക്കാന്‍ അവര്‍ കണ്ട മാര്‍ഗം മരിച്ചുപോയ ഇ എം എസിന്റെ എഴുത്തും പ്രഭാഷണങ്ങളും ജീവിതവും ഓര്‍മകളായി ഉണര്‍ത്തുകയായിരുന്നു. ഇ എം എസിനെ ശ്രീബുദ്ധനും ഗാന്ധിജിയുമായി താരതമ്യം ചെയ്തുള്ള എം എന്‍ വിജയന്റെ എഴുത്ത് അത്യുക്തിയായിരുന്നുവെങ്കിലും ഇ എം എസ് താര്‍ക്കികനായ നല്ലൊരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ വിയോജിക്കാനാവില്ല. ഇ എം എസിനെ ഗാന്ധിജിയോട് സദൃശ്യപ്പെടുത്താനാവില്ലെങ്കിലും അദ്ദേഹം അഴിമതിക്കാരനും ആഡംബര പ്രിയനുമായിരുന്നില്ല. തന്നെ മാത്രമല്ല തന്റെ കുടുംബത്തെയും അഴിമതിമുക്തമാക്കി ശീലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഗാന്ധിയന്‍ പാഠങ്ങളുടെ വായനയും നിരീക്ഷണവുമായിരുന്നു ഇ എം എസിനെ അതിന് പ്രാപ്തനാക്കിയത്. പി കൃഷ്ണപ്പിള്ളയില്‍ നിന്ന് തുടങ്ങുന്ന ത്യാഗഭരിത കമ്മ്യൂണിസ്റ്റ് പാരമ്പര്യം ചടയന്‍ ഗോവിന്ദനില്‍ അവസാനിച്ചു. പിന്നീട് പിണറായി വിജയനില്‍ നിന്ന് ആരംഭിച്ചത് ധനാര്‍ത്തിയും ആഡംബരത്വവും സുഖലോലുപ ജീവിതവും കാംക്ഷിക്കുന്ന ചീഞ്ഞളിഞ്ഞ കമ്മ്യൂണിസ്റ്റ് അപചയത്തിന്റെ കാലമായിരുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധ ജീവിതരീതിയില്‍ അഭിരമിക്കുന്ന നേതാക്കളുടെയും അവരുടെ കൂട്ടിരിപ്പുകാരുടെയും സംഘമായി സി പി എം മാറി. കമ്മ്യൂണിസത്തില്‍ നിന്നെന്ന പോലെ രക്തസാക്ഷികളുടെ സഹന പാരമ്പര്യത്തില്‍ നിന്നും സി പി എം തിരിച്ചുവരാനാവാത്തവിധം അകന്നുപോയി. ഇ എം എസിനെയും എ കെ ജിയെയും തിരുത്തിയ പാര്‍ട്ടിക്ക് സാധാരണ പാര്‍ട്ടി ബ്രാഞ്ച് അംഗങ്ങളെപ്പോലും തിരുത്താനാവുന്നില്ല. കളങ്കിത സംഘവും ഉദ്യോഗസ്ഥ-മാഫിയ സംഘങ്ങളും പാര്‍ട്ടിയെ വിലക്കെടുത്തു. ഇതിനെ ചെറുക്കാനുള്ള എം എന്‍ വിജയന്റെയും പ്രജ്ഞാശേഷിയുള്ള കമ്മ്യൂണിസ്റ്റ് സഹയാത്രികരുടെയും വാക്കുകള്‍ ഇവര്‍ തെരുവിലിട്ട് ചവിട്ടിയരച്ചു. പാര്‍ട്ടിയെന്നാല്‍ പിണറായി വിജയന്‍, ഭരണത്തലവനെന്നാല്‍ പിണറായി വിജയന്‍. എന്ന ഏകനാമത്തിലേക്ക് പാര്‍ട്ടിയുടെ പാദം മുറിച്ചു പാകപ്പെടുത്തി. ചെരുപ്പിനൊത്ത് കാല് മുറിക്കുന്ന രീതിയിലാണ് പിണറായി വിജയന്‍ പാര്‍ട്ടിയെ മാറ്റിയത്. എല്ലാരംഗത്തും അധികാരം കേന്ദ്രീകരിക്കാന്‍ പി ആര്‍ സംഘത്തെയും ഇവന്റ് മാനേജ്‌മെന്റ് സംഘത്തെയും ചുമതലപ്പെടുത്തി. പി കൃഷ്ണപ്പിള്ളയെ സഖാക്കളുടെ സഖാവാക്കിയതും എ കെ ജിയെ പാവങ്ങളുടെ പടത്തലവനാക്കിയതും ഇ എം എസിനെ തൊഴിലാളി വര്‍ഗത്തിന്റെ ദത്തുപുത്രനാക്കിയതും ഏതെങ്കിലും പി ആര്‍ സംഘമോ ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സിയോ ആയിരുന്നില്ല. തൊഴിലാളികളും ജനങ്ങളുമായിരുന്നു. ചരിത്രവും ചരിത്രപുരുഷന്മാരും രണ്ടുതവണ അവതരിക്കുമെന്നത് ഒരു ചൊല്ലാണ്. രണ്ടാംതവണത്തെ വരവ് അവസാനത്തെ വരവായിരിക്കുമെന്നും ചരിത്രം രേഖപ്പെടുത്തുന്നു. കമ്മ്യൂണിസ്റ്റ് പ്രത്യയാശാസ്ത്രങ്ങളുടെയും ആദര്‍ശശുദ്ധിയുടെയും കാമ്പും കരളും പറിച്ചെടുത്ത് ചവച്ച് തുപ്പുന്നവരുടെ കൈകളിലാണ് സി പി എം. ഭൂമിയിലെ സകല വൃത്തികേടുകളും പായലും പൂപ്പലും കെട്ടിക്കിടക്കുന്ന സി പി എമ്മിനെ ശുദ്ധീകരിക്കാന്‍ മാര്‍ക്‌സ് മടങ്ങിവന്നാല്‍ പോലും സാധ്യമല്ല. അത്രമാത്രം സി പി എം ജീര്‍ണ്ണിച്ചിരിക്കുന്നു.

Related posts

Leave a Comment