ഭക്ഷണത്തിൽ വിഷം നൽകി ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; യുവതിക്ക് അഞ്ച് വർഷം കഠിന തടവ്

പാലക്കാട്: രണ്ടു വർഷമായി ഭക്ഷണത്തിൽ വിഷം നൽകി ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിക്ക് അഞ്ച് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും. പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയെയാണ് കോടതി ശിക്ഷിച്ചത്. 59കാരനായ ഭർതൃപിതാവ് മുഹമ്മദിന് രണ്ട് വർഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈൽ എന്ന വിഷ പദാർഥം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 2013 മുതൽ 2015 വരെയുള്ള കാലയളവിലായിരുന്നു വിഷം നൽകിയത്. നിരന്തരം വയറിളക്കവും ഛർദിയും അനുഭവപ്പെടാറുള്ള മുഹമ്മദ് ചികിൽസയിലായിരുന്നു. ഇതിനിടയിലാണ് ഫസീല ഭക്ഷണത്തിൽ വിഷം കലർത്തുന്നത് മുഹമ്മദ് നേരിട്ട് കണ്ട് പോലീസിൽ പരാതി നൽകിയത്.

പിന്നീട് നടത്തിയ ഫൊറൻസിക് പരിശോധനയിൽ ഇവരുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത വിഷാംശത്തിന്റെ സാന്നിധ്യം മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തി. ഭർത്താവിന്റെ വല്ല്യുമ്മയെ വിഷം നൽകി കൊലപ്പെടുത്തിയെന്ന മറ്റൊരു കേസിലും ഫസീലക്കെതിരെ വിചാരണ നടക്കുന്നുണ്ട്. ക്ലോർപൈറിഫോസ് എന്ന വിഷ പദാർത്ഥം അകത്തു ചെന്ന് 71 വയസ്സുള്ള നബീസ കൊല്ലപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. 2016 ജൂണിലായിരുന്നു നബീസയുടെ ദുരൂഹമരണം.

Related posts

Leave a Comment