ഓണക്കിറ്റ് വിതരണം അവതാളത്തില്‍, പകുതിയിലധികം പേരും പുറത്ത്

കൊല്ലംഃ റേഷന്‍ കടകള്‍ വഴി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകളുടെ വിതരണം അവതാളത്തില്‍ റേഷന്‍ കാര്‍ഡ് ഉടമകളുടെ നാല്പത് ശതമാനത്തിനു മാത്രമാണ് ഇതുവരെ കിറ്റ് ലഭിച്ചത്. ഇന്നും നാളെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുമെങ്കിലും കിറ്റ് ക്ഷാമം നിലനില്‍ക്കുന്നതിനാല്‍ വിതരണം പൂര്‍ത്തിയാകില്ല. അന്‍പതു ശതമാനത്തിനെങ്കിലും കിറ്റ് ലഭ്യമാക്കാനാണ് ഇപ്പോഴത്തെ ശ്രമം. പക്ഷേ, മുന്‍ഗണനാ വിഭാഗത്തിലെ പകുതി പേരുള്‍പ്പെടെ കിറ്റില്ലാതെ ഓണം ആഘോഷിക്കേണ്ടി വരും.

പതിനാറിന ഉത്പന്നങ്ങളാണ് കിറ്റിലുള്ളത്. ഇതിന്‍റെ വിതരണം കഴിഞ്ഞ മുപ്പത്തൊന്നിനു തുടങ്ങുമെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കില്‍ ഉദ്ഘാടനം മാത്രമാണ് നടന്നത്. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം സാധാരണ നിലയില്‍ നടന്നെങ്കിലും കിറ്റില്‍‌ നിറയ്ക്കാനുള്ള സാധനങ്ങള്‍ക്കു കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ പാക്കിംഗ് മുടങ്ങിയതാണ് ഇപ്പോള്‍ ക്ഷാമം നേരിടാന്‍ കാരണം. ഇന്നും നാളെയും കൂടി വിതരണം നടന്നാലും പകുതിയോളം പേര്‍ പിന്നെയും ബാക്കിയാകും. 85 ലക്ഷം കിറ്റുകളാണ് തയാറാക്കേണ്ടത്. അതില്‍ നാല്പതു ലക്ഷത്തില്‍പ്പരം കിറ്റുകള്‍ ഇതിനകം വിതരണം ചെയ്തു പത്തു ലക്ഷം പായ്ക്ക്കറ്റുകള്‍ കൂടി ഓണത്തിനു മുന്‍പ് വിതരണം ചെയ്യാന്‍ കഴിയുമെന്നാണു സപ്ലൈകോയുടെ പ്രതീക്ഷ. കിറ്റുകളുടെ വിതരണം ഈ മാസം 31 വരെ നടത്താന്‍ നിലവില്‍ നിര്‍ദേശമുണ്ട്.

Related posts

Leave a Comment