ഇനി ഉടൻ ഇലക്ഷനില്ല; സർക്കാർ ഭക്ഷ്യക്കിറ്റ് നിർത്തി

തിരുവനന്തപുരം: കേരളത്തിൽ ഇനി ഉടൻ തെരഞ്ഞെടുപ്പുകൾ നടക്കാനില്ലെന്ന് ഉറപ്പായതോടെ സർക്കാർ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അവസാനിപ്പിച്ചു. വൈദ്യുതി നിരക്ക് വർധന, ബസ് ചാർജ്ജ് വർധന എന്നിവയ്ക്ക് പച്ചക്കൊടി കാട്ടിയതിന് പിന്നാലെയാണ് ഭക്ഷ്യക്കിറ്റ് നൽകേണ്ടെന്ന സർക്കാർ തീരുമാനം.
വിലക്കയറ്റം ഉണ്ടായ സാഹചര്യത്തിൽ റേഷൻ കടകൾ വഴി ഇനിയും ഭക്ഷ്യക്കിറ്റ് തുടരാനാവില്ലെന്ന് ഭക്ഷ്യമന്ത്രി ജി. അനിൽ വ്യക്തമാക്കി. കിറ്റ് വിതരണം വീണ്ടും തുടങ്ങില്ല. ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നൽകിയത്. ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നൽകിയതെന്നും വരും മാസങ്ങളിൽ കിറ്റ് കൊടുക്കുന്ന കാര്യം സ‌ർക്കാരിന്റെ പരിഗണനയിലോ ആലോചനയിലോ ഇല്ലെന്നും ഭക്ഷ്യമന്ത്രി പ്രതികരിച്ചു.
കിറ്റ് വിതരണം സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നാണ് ധനവകുപ്പിന്റെ നിലപാട്. അതിനാൽ അത്തരം സൗജന്യങ്ങൾ തുടരേണ്ടതില്ലെന്നും സർക്കാരിനെ അറിയിച്ചിരുന്നു.
പച്ചക്കറിയുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില വർധിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സാധ്യമായ വിപണി ഇടപെടലുകൾ നടത്തും. സപ്ലൈകോയും കൺസ്യൂമ‌‌ർഫെഡും ന്യായ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കുന്നുണ്ട്. പതിമൂന്ന് നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോയിൽ വില വ‌ർധിച്ചിട്ടില്ല. രാജ്യത്തൊട്ടാകെയുള്ള വിലക്കയറ്റം കേരളത്തെ ബാധിക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. ആന്ധ്രയിൽ നിന്നുള്ള ഉത്പന്നങ്ങൾ കേരളത്തിൽ വില കുറച്ച് വിതരണം ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേ‌ർത്തു.

Related posts

Leave a Comment