Connect with us
top banner (3)

Cinema

മഞ്ഞിൽ കൊഴിഞ്ഞ പൂക്കൾ

Avatar

Published

on

  • സി.പി. രാജശേഖരൻ

ആകാശം മേഘാവൃതമായിരുന്നു.
തലേന്നു പെയ്ത രാത്രിമഴയുടെ ഇലച്ചാർത്തൊഴിഞ്ഞിരുന്നില്ല. അകലെയെവിടെയോ ഇടവപ്പാതിയുടെ ഇടിമുഴക്കം. ആരോ കരയാൻ വെമ്പുന്നതു പോലെ.

ചന്ദ്രമോഹൻ


ഗാന്ധിഭവന്റെ അതിഥിമുറിയുടെ വാതിൽ തുറന്നു കടന്നുവരുന്നയാളെ കണ്ടോർമയുണ്ട്. പക്ഷേ, അടുത്തറിയില്ല. എങ്കിലും കാത്തിരുന്നത് ഇദ്ദേഹത്തെയാണ്. നേർത്തൊരു മന്ദഹാസത്തിനു പിന്നിൽ ഒളിപ്പിച്ചു വച്ച സങ്കടക്കണ്ണുകളുമായി വരുന്നത് ആർ. ചന്ദ്രമോഹനാണെന്ന ബോധ്യത്തിൽ എഴുന്നേറ്റ് കൈകൾ കൂപ്പി. അദ്ദേഹത്തിനു മുന്നിൽ ആരായാലും അതേ ചെയ്യൂ. അത്രയ്ക്കുണ്ട് ഈ മനുഷ്യന്റെ സംഭാവനകൾ.
രണ്ടായിരത്തിലധികം സിനിമകളുടെ നായകന്മാർക്ക് ശബ്ദം നൽകിയ വിഖ്യാത ഡബ്ബിംഗ് ആർട്ടിസ്റ്റ്. കമൽഹാസൻ, മമ്മൂട്ടി, സുരേഷ് ഗോപി, ശങ്കർ, റഹ്മാൻ, രവീന്ദ്രൻ, ഷാനവാസ്, രാജ്കുമാർ എന്നുവേണ്ട, തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിക്കു വരെ ചന്ദ്രമോഹൻ ശബ്ദം നൽകിയിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ മെയിൽ വോയ്സ് റെക്കോഡ് ചെയ്തതിന്റെ ക്രഡിറ്റ് ഇദ്ദേഹത്തിനാണ്.

ച്രന്ദ്രമോഹനും ഭാര്യ അമ്പിളിയും


മോഹൻ ലാൽ സിനിമയിൽ സജീവമാകുന്നതിനു മുൻപ് ശങ്കറായിരുന്നു മലയാളത്തിലെ പുതുജനറേഷൻ ഹീറോ. ശങ്കർ അഭിനയിച്ച 170 ചിത്രങ്ങൾക്കാണ് ചന്ദ്രമോഹൻ ശബ്ദം നൽകിയത്. ലാലിന്റെ താരവരവറിയിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ ശങ്കർ സ്വന്തം ശബ്ദം തന്നെ ഡബ്ബ് ചെയ്തത് വെറും യാദൃച്ഛികം. ഈ സിനിമയോടെ ചന്ദ്രമോഹന് ശങ്കറുടെ ശബ്ദം നഷ്ടമായി.
മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത ചിരഞ്ജീവിയുടെ തെലുങ്ക് സിനിമകളിലെല്ലാം നമ്മൾ‌ കേട്ട നായകശബ്ദം ചന്ദ്രമോഹന്റേതായിരുന്നു. 1987 ൽ ന്യൂഡൽഹി എന്ന സിനിമ റിലീസ് ചെയ്യുന്നതു വരെ പുറത്തിറങ്ങിയ മിക്കവാറും എല്ലാ ചിത്രങ്ങളിലും സുരേഷ് ഗോപിയെ വെള്ളിത്തിരയിൽ കേട്ടതും ഈ അതുല്യ ശബ്ദത്തിലായിരുന്നു. ഏതാനും ചിത്രങ്ങളിൽ മമ്മൂട്ടിക്കു വേണ്ടിയും ചന്ദ്രമോഹൻ ശബ്ദം നൽകി.

ചന്ദ്രമോഹനും നടൻ ശങ്കറും


പ്രശസ്ത ഫിലിം എഡിറ്റർ ശങ്കുണ്ണിയാണ് ചന്ദ്രമോഹന്റെ ശബ്ദത്തിൽ വലിയൊരു സാധ്യത കണ്ടെത്തിയത്. ഐ.വി. ശശി സംവിധാനം ചെയ്ത ആശിർവാദം എന്ന സിനിമയ്ക്ക് ഉലക നായകൻ കമൽഹാസനു വേണ്ടി ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റിനെ ആവശ്യമായി വന്നപ്പോൾ, റേഡിയോ ആർട്ടിസ്റ്റ് ടി.പി. രാധാമണിയുടെയും പി. ഗംഗാധരൻ നായരുടെയും മകനെ എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ എന്നു സംവിധായകനോടു ശങ്കുണ്ണി ചോദിച്ചു. വിശ്വാസമുണ്ടെങ്കിൽ ശങ്കുണ്ണിയുടെ ഇഷ്ടം എന്നു മറുപടി കിട്ടിയതോടെ തീരുമാനമായി. ആദ്യ ടേക്കിൽ തന്നെ സൗണ്ട് എഡിറ്റർ ഓകെ പറഞ്ഞു. പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നില്ല, മലയാള സിനിമയ്ക്കും ചന്ദ്രമോഹനും. നീണ്ട 43 വർഷങ്ങൾ. പണ്ടത്തെ മദിരാശി പട്ടണത്തിൽ ഏറ്റവും തിരക്കുള്ള ശബ്ദമായി ചന്ദ്രമോഹൻ മാറി.

പാലാ തങ്കം


അദ്ദേഹത്തിന്റെ കണ്ണുകളിലേക്കു നോക്കിയിരിക്കുമ്പോൾ മനസിൽ ഇരമ്പിയെത്തിയത് വലിയൊരു ശബ്ദസാഗരം തന്നെയായിരുന്നു. മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലല്ലോ. തന്റെ മാതാപിതാക്കളു‌ടെ ശബ്ദത്തിനു മുന്നിൽ ഇതൊരു ശബ്ദമേയല്ലെന്ന് ചന്ദ്രമോഹൻ. അച്ഛൻ പി. ഗംഗാധരൻ നായരും അമ്മ ടി.പി. രാധാമണിയും ആകാശവാണി നാടകങ്ങളലൂടെ ഒരു കാലത്ത് മലയാളികൾക്കു പ്രിയങ്കരരായിരുന്നു.
1970കളിൽ തുടങ്ങി 1980കൾ വരെ ആകാശവാണി പ്രക്ഷേപണം ചെയ്ത മിക്കവാറും നാടകങ്ങളിലെല്ലാം നായികാ ശബ്ദമായി അന്നത്തെ തലമുറ കേട്ടത് ടി.പി. രാധാമണി എന്ന ആർട്ടിസ്റ്റിലൂടെയായിരുന്നു. ചിലപ്പതികാരം, ജരാസന്ധന്റെ പുത്രി, ഗാന്ധാരി, ഉമയമ്മ റാണി തുടങ്ങിയ അന്നത്തെ സൂപ്പർഹിറ്റ് റേഡിയോ നാടകങ്ങളെല്ലാം അനശ്വരമാക്കിയത് രാധാമണിയുടെ ശബ്ദഗാംഭീര്യമായിരുന്നു.

ടി.പി. രാധാമണി

തിരുനൈനാർകുറിച്ചി മാധവൻ നായരുടെ കരിനിഴൽ എന്ന നാടകത്തിലൂടെ അവരുടെ ശബ്ദസാഗരം ഇളകിമറിയുകയായിരുന്നു. അതവർക്ക് സിനിമയിലേക്കുള്ള വാതിലും തുറന്നിട്ടു. പിന്നീട് എൺപതിൽപ്പരം സിനിമകളിൽ രാധാമണി ശബ്ദം നൽകി.
പിന്നെ എവിടെയാണ് ചന്ദ്രമോഹന് കാലിടറിയത്?
അതൊരു കഥയാണ്. ഏതു സിനിമയ്ക്കും മെനയാവുന്നൊരു സൂപ്പർ ത്രെഡ്.
അമ്പിളിയെ വളരെ ചെറുപ്പത്തിലേ പരിചയമുണ്ടായിരുന്നു എന്ന് ചന്ദ്രമോഹൻ. എട്ടാമത്തെ വയസിൽ ഭക്തമാർക്കണ്ഡേയ എന്ന സിനിമയിൽ ഏതോ ബാലതാരത്തിനു ശബ്ദം നൽകിയത് അമ്പിളിയായിരുന്നു. കാണെക്കാണെ അമ്പിളി വളരുകയായിരുന്നു. അഴകിലും ശബ്ദത്തിലും. അതൊരു അടുപ്പമായി ഇരുവരിലേക്കും പടർന്നു കയറാൻ തുടങ്ങിയതെന്നാണെന്നറിയില്ല പിരിച്ചെടുക്കാൻ കഴിയാത്ത വിധം അതങ്ങ് തഴച്ചിടതൂർന്ന് ചുറ്റിപ്പിണഞ്ഞുപോയിരുന്നു.

മോനിഷ ഉണ്ണി


മലയാളികളുടെ കണ്ണീർത്തുള്ളി മോനിഷ ഉണ്ണിയുടെ ശബ്ദമല്ല അവരുടെ സിനിമകളിലൂടെ നമ്മൾ കേട്ടത്. നഖക്ഷതങ്ങൾ, കമലദളം തുടങ്ങിയ ചിത്രങ്ങൾ മോനിഷ അനശ്വരമാക്കിയപ്പോൾ അതിൽ മോനിഷയുടെ ശബ്ദം നിലനിർത്തിയത് അമ്പിളിയായിരുന്നു. ശാലിനി, ജോമോൾ തുടങ്ങി ഒട്ടേറെ യുവതാരങ്ങളുടെ ശബ്ദമായി നമ്മൾ കേട്ടതെല്ലാം അമ്പിളിയുടേതായിരുന്നു. അപ്പോഴേക്കും അമ്പിളി ചന്ദ്രമോഹന്റെ സ്വന്തമായി മാറിയിരുന്നു. ചന്ദ്രമോഹനും അമ്പിളിയും ചേർന്ന് ഒട്ടേറെ സിനിമകളിൽ ശബ്ദം നൽകിയിട്ടുണ്ട്.
മദ്രാസിൽ സിനിമ കുറഞ്ഞപ്പോൾ സ്വന്ത നാടായ തിരുവനന്തപുരത്തേക്കു തിരിച്ചുവന്നു. ഉള്ള സമ്പാദ്യം കൊണ്ട് അവിടെയൊരു വീട് വച്ചു. അതിനിടയ്ക്ക് അമ്പിളിക്ക് എന്നും തലവേദന. ഒരുദിവസം വേദന കൂടിയപ്പോൾ മെഡിക്കൽ കോളെജിൽ പരിശോധിച്ചു. ബ്രയിൻ ട്യൂമറെന്നു അന്നു തന്നെ കണ്ടെത്തി. കഷ്ടിച്ചു മൂന്നു മാസം. ശബ്ദം മാത്രമല്ല, ചന്ദ്രമോഹന്റെ പ്രാണൻ തന്നെ ഇല്ലാതായി.
ഈ ദമ്പതികൾക്കു രണ്ട് മക്കൾ. വൃന്ദയും വിദ്യയും. വൃന്ദ തിരുവനന്തപുരത്ത് ബാങ്ക് ഉദ്യോഗസ്ഥ. വിദ്യ ബിരുദാനന്തര ബിരുദ വിദ്യാർഥിനി. തിരുവനന്തപുരത്ത് മൂന്നു സഹോദരങ്ങളടക്കം വലിയൊരു ബന്ധുവലയം തന്നെയുണ്ട് ചന്ദ്രമോഹന്. എന്നിട്ടും പത്തനാപുരം ഗാന്ധിഭവൻ?
അവളങ്ങു പോയില്ലേ സാറേ?
അതൊരു തേങ്ങലായിരുന്നു. പെയ്യാൻ ബാക്കി നിന്ന മേഘക്കീറുകളെല്ലാം കൂടി ഒരുമിച്ചു കലപില കൂട്ടുന്നു.
ഒടുവിൽ പെയ്തൊഴിഞ്ഞ ആകാശത്തിനു കീഴെ നനഞ്ഞൊലിച്ചു നിന്നു കൊണ്ട് ചന്ദ്രമോഹൻ കരഞ്ഞുകൊണ്ടേയിരുന്നു.
പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് പാലാ തങ്കത്തിന്റെ മകളാണ് അമ്പിളി. 2018ൽ കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ അവാർഡ് നേടിയ ആർട്ടിസ്റ്റ്. പാലായിൽ പൊലീസ് ഓഫീസറായിരുന്ന ശ്രീധരന്റെ ഭാര്യ. അമ്പിളിയുടെ അച്ഛൻ. പക്ഷേ അവസാന കാലത്ത് ആരും നോക്കാനുണ്ടായിരുന്നില്ല. ഒടുവിൽ കെപിഎസി ലളിത പറഞ്ഞിട്ടാണ് പത്തനാപുരം ഗാന്ധിഭവനെ കുറിച്ചറിഞ്ഞത്. അങ്ങനെ തങ്കം ഗാന്ധിഭവൻ അഗതിമന്ദിരത്തിലെത്തി. അവിടെ വച്ച് 2018 ഒക്റ്റോബർ രണ്ടിന് പാലാ തങ്കം ജീവിതത്തിന്റെ സെറ്റിൽ നിന്ന് പായ്ക്കപ്പ് പറഞ്ഞു.
അന്നാണ് ചന്ദ്രമോഹന് ആ മോഹം തോന്നിയത്. ഇനിയുള്ള കാലം എന്തുകൊണ്ട് ഗാന്ധിഭവനായിക്കൂ‌ടാ?
ഗാന്ധിഭവൻ ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ഡോ. പുനലൂർ സോമരാജനോട് ആഗ്രഹം പറഞ്ഞു.
മറുപടി പെട്ടെന്നായിരുന്നു.
വൈ നോട്ട്?
ചന്ദ്ര മോഹൻ പിന്നെ മടങ്ങിയില്ല. ഇന്നും ഇവിടെയുണ്ട്. 1200ൽപ്പരം അന്തേവാസികൾക്കൊപ്പം.

ചന്ദ്രമോഹൻ, മാധ്യമ പ്രവർത്തകൻ ​ഗോപിനാഥ് മഠത്തിൽ, കെ.പി ബീന എന്നിവർക്കൊപ്പം ലേഖകൻ

പഞ്ചായത്ത് പ്രസിഡന്റായും സാംസ്കാരിക പ്രവർത്തകനായും സിനിമാ നടനായും ഡബ്ബിം​ഗ് ആർട്ടിസ്റ്റായും ഒക്കെ.
പഴയ സഹപ്രവർത്തകരാരെങ്കിലും കാണാൻ വരാറുണ്ടോ. മൗനം ഘനീഭവിച്ച ഒരു പുഞ്ചിരിയിൽ മറുപടി മുങ്ങി.
ഏറ്റവും നിരാശപ്പെടുത്തുന്നത് എന്താണ്?
മികവിന്റെ നാളുകളിൽപ്പോലും അർഹിക്കുന്ന അം​ഗീകാരം ലഭിച്ചില്ല. ചന്ദ്ര മോഹൻ എന്ന ആർട്ടിസ്റ്റ് തിരിച്ചറിയപ്പെടാതെ പോകുന്നു എന്നൊരു തോന്നൽ.
ശരിയാണ് ഫിലിം ക്രിട്ടിക്സ് അസോസിയേഷനല്ലാതെ വേറാരും ചന്ദ്രമോഹനെ അറിഞ്ഞില്ല, ആദരിച്ചില്ല.
യാത്ര പറഞ്ഞിറങ്ങിയപ്പോഴും അകലെയെവിടെയൊ ഇടവപ്പാതി കുടുങ്ങുന്നുണ്ടായിരുന്നു. പെയ്തൊഴിയാനുള്ള വിങ്ങലോടെ.


യാത്ര പറഞ്ഞിറങ്ങിയപ്പോഴും അകലെയെവിടെയൊ ഇടവപ്പാതി കുടുങ്ങുന്നുണ്ടായിരുന്നു. പെയ്തൊഴിയാനുള്ള വിങ്ങലോടെ.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

‘മഞ്ഞുമ്മല്‍ ബോയ്സ്’ നിർമാതാക്കൾക്ക് വക്കീൽ നോട്ടിസ് അയച്ച് ഇളയരാജ

Published

on

‘മലയാളത്തിലെ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ബോക്‌സ് ഓഫീസ് സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കൾക്കു നേരെ പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജയുടെ വക്കീൽ നോട്ടിസ്. ചിത്രത്തിൽ ഉപയോഗിച്ച ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം തന്റെ സൃഷ്ടിയാണെന്നും തന്റെ അനുമതി വാങ്ങാതെയാണ് സിനിമയുടെ അണിയറപ്രവർത്തകർ ആ ഗാനം ഉപയോഗിച്ചതെന്നും ഇളയരാജ നിയമനടപടിക്ക് കാരണമായി പറയുന്നു. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നതുമാണ് ഇളയരാജയുടെ ആവശ്യം. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും നോട്ടിസില്‍ അറിയിച്ചു. സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസ് ആണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിർമിച്ചത്. 1991–ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ ടൈറ്റില്‍ റോളിലെത്തിയ ‘ഗുണ’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് ‘കണ്‍മണി അന്‍പോട് കാതലന്‍’. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ പല പ്രധാന രംഗങ്ങളിലും ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. പകർപ്പവകാശത്തെ സംബന്ധിച്ചുള്ള മറ്റൊരു കേസിൽ‌ ഇളയരാജയ്ക്ക് കഴിഞ്ഞ ദിവസമാണ് തമിഴ്നാട് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടത്. ഒരു പാട്ട് അത് ആലപിച്ച വ്യക്തിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അതിന്മേൽ അധികാരമുണ്ടെന്നുമായിരുന്നു കോടതി വിധി.

Continue Reading

Cinema

അഞ്ചുലക്ഷം ക്ഷീരകർഷകർ ചേർന്നു നിർമ്മിച്ച സിനിമ: 78 വർഷങ്ങൾക്കു ശേഷം കാൻ ഫെസ്റ്റിവലിൽ

Published

on

ഡോ.വർഗീസ് കുര്യൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ക്ഷീരവിപ്ലവത്തിൻ്റെയും ക്ഷീര സഹകരണസംഘ പ്രസ്ഥാനത്തിൻ്റെയും വിജയവുമായി ബന്ധപ്പെട്ട മനുഷ്യകഥകളും ഗ്രാമങ്ങളിലെ മനുഷ്യജീവിതാനുഭവങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും ചിത്രീകരിക്കുന്ന ഫീച്ചർ സിനിമയായ ‘ മന്ഥൻ ‘ 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മെയ് 17ന് പ്രദർശിപ്പിക്കും. വിശ്രുത സംവിധായകൻ ശ്യാം ബെനഗൽ സംവിധാനം ചെയ്ത ഈ ചിത്രം 1976 ലാണ് പുറത്തുവന്നത്. സിനിമ നിർമ്മിക്കാനാവശ്യമായ പണം സംഭാവന ചെയ്തത് ഗുജറാത്തിലെ ക്ഷീര കർഷകരായിരുന്നു. ഒരാൾ രണ്ടു രൂപ വീതമാണ് സംഭാവന ചെയ്തത്.അഞ്ചുലക്ഷം ക്ഷീരകർഷകർ ചേർന്ന് ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച 10 ലക്ഷം രൂപ കൊണ്ടാണ് സിനിമ നിർമ്മിക്കപ്പെട്ടത്. റിലീസായ സമയത്ത് “മന്ഥൻ” എന്ന ചിത്രത്തിന് കാര്യമായ പബ്ലിസിറ്റിയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ചിത്രം നിർമ്മിക്കാൻ സംഭാവന ചെയ്ത അഞ്ച് ലക്ഷം വരുന്ന ഗുജറാത്ത് കർഷകർ, വിവിധ ഭാഗങ്ങളിൽ സിനിമ കാണാൻ വൻതോതിൽ തടിച്ചുകൂടി അതിൻ്റെ “യഥാർത്ഥ പ്രേക്ഷകർ” ആയപ്പോൾ ചിത്രം അക്കാലത്ത് അതിൻ്റേതായ ചലനം സൃഷ്ടിച്ചു. അക്കാലത്ത് നിരവധി അവാർഡുകളും ചിത്രത്തിന് ലഭിക്കുകയുണ്ടായി.ഗ്രാമാന്തരങ്ങൾതോറും സഞ്ചരിച്ച് ധവളവിപ്ലവക്കേക്കുറിച്ച് വിശദീകരിക്കാനുള്ള പ്രധാന ആയുധമായി ചിത്രം മാറുകയും ചെയ്തു. ഇന്ത്യയിലുടെനീളം സഹകരണസംഘങ്ങൾ തങ്ങളുടെ അംഗങ്ങൾക്കു മുമ്പിൽ സിനിമ പ്രദർശിപ്പിക്കുകയും ചെയ്തു.
സ്മിതാ പാട്ടീൽ, നസീറുദ്ദീൻ ഷാ, ഗിരീഷ് കർണാഡ് തുടങ്ങിയവർ അഭിനയിച്ച “മന്ഥൻ” സിനിമയുടെ പുനഃസ്ഥാപിച്ച പതിപ്പാണ് മെയ് 17 ന് കാൻസ് ഫിലിം ഫെസ്റ്റിവലിൻ്റെ ക്ലാസിക് സെഗ്‌മെൻ്റിൽ പ്രദർശിപ്പിക്കുന്നത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ചിത്രത്തിൻ്റെ പുതുക്കിയ പ്രിൻ്റ് തയ്യാറാക്കിയത്.

Continue Reading

Cinema

‘ പെയ്തില്ല നിലാവുപോല്‍ ‘ : ഗസലിന്റെ മാധുര്യവുമായി ‘ഇന്നലെ’ ഗാനം ശ്രദ്ധേയമാകുന്നു

Published

on

കോഴിക്കോട്: പെയ്തില്ല നിലാവുപോല്‍.. പ്രണയത്തിന്റെ നീറ്റലുകള്‍ ഉള്ളില്‍ നിറയ്ക്കുന്ന വരികള്‍. ബാവുല്‍ സംഗീതത്തിന്റെ ഛായയുള്ള, ഗസലിന്റെ മാധുര്യമുള്ള ‘ ഇന്നലെ’ എന്ന ഗാനം ശ്രദ്ധേയമാവുകയാണ്. സീറോ ബജറ്റില്‍ നിര്‍മിച്ച ഇന്നലെ പൂര്‍ണമായും ആന്‍ഡ്രോയ്ഡ് ഫോണിലാണ് ചിത്രീകരിച്ചതെന്ന പ്രത്യേകത കൂടിയുണ്ട്. പാട്ടിന്റെ അണിയറയിലും അരങ്ങിലും ചില കൗതുകങ്ങള്‍ കൂടിയുണ്ട്. സപ്ലൈക്കോ ജീവനക്കാരന്‍ നായകനായ പാട്ടിന് സംഗീത സംവിധാനം നിര്‍വഹിച്ചത് ഒരു പോലീസുകാരനാണ്.


മിസ്റ്റിക് ഫാക്ടറിയുടെ ബാനറില്‍ പുറത്തിറങ്ങിയ ഇന്നലെയുടെ നായകന്‍ സപ്ലൈക്കോയിലെ ജീവനക്കാരനായ ബിജു. ടി. ദേവേന്ദ്രനാണ്. കോഴിക്കോട് ലിങ്ക് റോഡില്‍ സപ്ലൈകോയുടെ നെല്ല് സംഭരണ വിഭാഗത്തില്‍ അസിസ്‌റന്റ് സെയ്ല്‍സ്മാനാണ് ബാലുശ്ശേരി തലയാട് തയ്യുള്ളതില്‍ ബിജു.ഭാര്യ പി.പി. ദിവ്യ കസബ പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ്. മകള്‍ നിരഞ്ജന പത്താക്ലാസ് പരീക്ഷയില്‍ 9 എ പ്ലസ് നേടിയ അതേ ദിവസമാണ് പാട്ട് പുറത്തിറങ്ങിയത്. പാട്ടിന് ഈണം ചിട്ടപ്പെടുത്തിയ പ്രശാന്ത് മല്‍ഹാല്‍ കോഴിക്കോട് സിറ്റി പൊലീസിലെ സ്‌ക്വാഡ് അംഗമാണ്. അന്വേഷണ മികവിന് മുഖ്യമന്ത്രിയുടെ മെഡല്‍ ജേതാവാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പാട്ടു പാടിയ ഗായകന്‍ സൂര്യശ്യാം ഗോപാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലെ മധു പകരൂ, കണ്ണൂര്‍ സ്‌ക്വാഡിലെ മൃദുഭാവേ ദൃഡ കൃത്യേ തുടങ്ങിയ പാട്ടുകളില്‍ കോറസ് പാടിയിട്ടുണ്ട്. ധാര്‍വാഡ് സ്വദേശിയായ ഹിന്ദുസ്ഥാനി ഗായകന്‍ കുമാര്‍ മര്‍ദൂറിന്റെ ശിഷ്യനാണ്. പേരാമ്പ്ര സ്വദേശിയായ അനാമിക ചന്ദ്രനാണ് ഇന്നലെയിലെ നായിക. രണ്ടു വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്ത ഇനങ്ങളില്‍ ജേതാവായിരുന്നു. പ്രണയവും വിരഹവും ഉള്ളില്‍ തൊടുന്ന വരികള്‍ എഴുതിയത് ചിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ മിത്രന്‍ വിശ്വനാഥനാണ്.

‘ഓള് എന്ന പാട്ടിന് മികച്ച സംവിധായകനുള്ള മലയാള ചലച്ചിത്ര കൂട്ടായ്മയുടെ ജയന്‍ സ്മാരക പുരസ്‌കാരം നേടിയിട്ടുണ്ട്. ഇദയം എന്ന പാട്ടിന്റെ ഗാനരചനയ്ക്ക് യുഎഇയിലെ മെഹ്ഫില്‍ രാജ്യാന്തര മ്യൂസിക് ഫെസ്റ്റില്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. 2005 മുതല്‍ 2008 വരെ കാലിക്കറ്റ് സര്‍വകശാലാ കലോത്സവത്തില്‍ ചിത്ര പ്രതിഭയായിരുന്നു. ദേശീയ അന്തര്‍ സര്‍വകലാശാലാ കലോത്സവത്തില്‍ പെയ്ന്റിങ് വിഭാഗത്തില്‍ വ്യക്തിഗത ചാംപ്യനുമായിരുന്നു.
തിരൂര്‍ സ്വദേശിയായ എ.കെ. മെഹറൂഫാണ് നിര്‍മാണ നിര്‍വഹണം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured