കൊച്ചിയിൽ ഇനി പൂക്കാലം; 70 ഇനങ്ങളിലായി ആയിരത്തിലധികം പൂക്കൾ

കൊച്ചി: നാട്ടിൻ പുറങ്ങളിൽ കാണുന്ന ഡാലിയയുടെ ചെറു രൂപമായ മിനിയേച്ചർ ഡാലിയ മുതൽ ജെറബറ, ക്രേസന്തിന തുടങ്ങിയ വിദേശികൾ വരെ ഇനി കലൂർ സ്റ്റേഡിയത്തിൽ പൂത്തുലയും. 70 ഇനങ്ങളിലായി ആയിരത്തോളം വൈവിധ്യങ്ങളിലുള്ള പൂക്കളുമായി കൊച്ചിൻ മെഗാ ഫ്‌ളവർ ഷോ ആൻഡ് അഗ്രി ഫെസ്റ്റിന് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ തുടക്കമായി. ഹൈബി ഈഡൻ എം.പിയും മിസ് കേരള ഫിറ്റ്നസ് ജിനി ഗോപാലും ചേർന്ന് ഉദ്‌ഘാടനം നിർവഹിച്ചു. ബോധി  ഫൗണ്ടേഷൻ സ്‌ഥാപകൻ രഞ്ജിത് കല്ലറക്കൽ, ഡയറക്ടർ ഷമീർ വളവത്ത്, കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കാരൻ, കൗൺസിലർ രാജാമണി,  ദുവ പ്രോഡക്ട്സ്  ഡയറക്ടർമാരായ പി.എ. തസ്‌നി, എ.സേവ്യർ  എന്നിവർ പങ്കെടുത്തു.
ബോൺസായ് ചെടികൾ, വിദേശ ജമന്തികൾ, സിൽവർ ഡസ്റ്റ്, ടോറാനിയം, ഫൈബർ ബാൾ തുടങ്ങിയ പൂക്കളുടെ വലിയ ശേഖരം തന്നെ ഇവിടെയുണ്ട്.
വിവിധയിനം ഫലവൃക്ഷ തൈകൾ, ചെടികൾ, വിത്തുകൾ എന്നിവ മേളയിൽ ലഭിക്കും. ഇൻഡോർ, ഔട്ട് ഡോർ ചെടികളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. പുഷ്പ മേളയുടെ ഭാഗമായി പത്ത് ദിനങ്ങളിലും കലാപരിപാടികൾ ഉണ്ടാകും. പുഷ്പാലങ്കാര മത്സരം, അടുക്കളത്തോട്ട മത്സരം, വെജിറ്റബിൾ കാർവിങ്, പുഷ്പാലങ്കാരം, പുഷ്പറാണി മത്സരങ്ങളും കാർഷിക അവാർഡുകളും പുഷ്പ മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
അഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മുതിർന്നവർക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്.  രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശനം.

Related posts

Leave a Comment