മഴമരണം 35, കൂടുതൽ കോട്ടയത്ത് 13, ഇടുക്കിയിൽ 9; തെരച്ചിൽ പുനരാരംഭിച്ചു

സ്വന്തം ലേഖകർ
സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന കാലവർഷത്തിലും ന്യൂനമർദമഴയിലും ഇതുവരെ 35 പേർ മരിച്ചതായി ഔദ്യോ​ഗിക കണക്ക്. കോട്ടയം പ്ലാപ്പള്ളിയിൽ ഒരാൾ കൂടി മരിച്ചതായി സംശയിക്കുന്നു. ഇവിടെ നിന്നു ഒരു കാൽ മാത്രം കണ്ടെടുത്തതാണു സംശയത്തിനു കാരണം. മറ്റു മൃതദേഹങ്ങളെല്ലാം കണ്ടെടുത്തു. ഇടുക്കി കൊക്കയാറിൽ കാണാതായ കുട്ടിക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നു രാവിലെ പുനരാരംഭിച്ചു. ബിച്ചു ഷാഹുൽ എന്ന മൂന്നു വയസുകാരന്റെ മൃതദേഹമാണു കണ്ടെത്താനുള്ളത്.


കോട്ടയം ജില്ലയിലാണ് കൂടുതൽ മരണങ്ങൾ-13. ഇടുക്കി ജില്ലയിൽ ഒൻപതു പേർ മരിച്ചു. മലപ്പുറം3, ആലപ്പുഴ, കണ്ണൂർ രണ്ട്വീതം, കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ഒരോരുത്തരുമാണ് മരണമടഞ്ഞത്. സംസ്ഥാനത്ത് ഇന്നു മഴ കുറഞ്ഞു. എങ്കിലും എട്ട് ജില്ലകളിൽ ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അണക്കെട്ടുകൾ തുറന്നു വിടാനുള്ള സാധ്യതയില്ലെങ്കിലും വിവിധ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


കൂട്ടിക്കലിൽ ദുരിതാശ്വാസ – തെരച്ചിൽ പ്രവർത്തനങ്ങൾ രാവിലെ പുനരാരംഭിക്കുംട കരസേന, ഫയർഫോഴ്സ്, ഇറ്റിഎഫ്, പൊലീസ് നേതൃത്വം നൽകും. എൻഡിആർഎഫ് സംഘം ആലപ്പുഴയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അവിടേക്ക് നീങ്ങിയിട്ടുണ്ട്.
അച്ചൻകോവിലാർ കരകവിഞ്ഞു. പത്തനംതിട്ട-പന്തളം / പന്തളം മാവേലിക്കര റോഡിൽ ഗതാഗത തടസമുണ്ട്.
പന്തളം വില്ലേജിൽ ചേരിക്കൽ പുതുമന ഭാഗം ,നാഥനടിക്കളം ,പൂഴിക്കാട് , അച്ചൻകോവിലാറിൻ്റെ തീരപ്രദേശമായ തോട്ടക്കോണം, കടയ്ക്കാട്, പനങ്ങാട്, കൈപ്പുഴ, തുമ്പമൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പന്തളം മാവേലിക്കര റോഡിൽ മുടിയൂർകോണം ശാസ്താ ക്ഷേത്രത്തിനടുത്ത് റോഡിൽ ശക്തമായ ഒഴുക്കനുഭവപ്പെടുന്നു. പന്തളം പത്തനംതിട്ട റോഡിൽ കടയ്ക്കാട്, മണ്ണാ കടവ് ഭാഗത്ത് റോഡിൽ ശക്തമായ ഒഴുക്കാണ്. ഇവിടെ ഗതാഗത തടസ്സം ഉണ്ട്. പന്തളത്ത് നിലവിൽ രണ്ട് ക്യാമ്പാണുള്ളത്. കടയ്ക്കാടും മുടിയൂർക്കോണത്തും ക്യാമ്പുകൾ ഉണ്ട്. കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ടി വരും. കടയ്ക്കാട് കരിമ്പ് ഉത്പാതന കേന്ദ്രത്തിലെ ഫാമിൽ വെള്ളം കയറിയതിനെ തുടർന്ന് ഞായറാഴ്ച രാത്രി 12.30ഓടെ പശുക്കളെ പന്തളം NSS കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. കുരമ്പാല ഒരു ക്യാമ്പും ,തുമ്പമൺ വില്ലേജിൽ ഒരു ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ക്യാമ്പുകൾ ഈ വില്ലേജുകളിലും ആവശ്യമായി വന്നേക്കും. അച്ചൻ കോവിലാറിലെ ജലനിരപ്പ് ഉയർന്നു തന്നെ നില്കുന്നതിനാൽ അതീവ ശ്രദ്ധയോടെ കാര്യങ്ങൾ നോക്കികാണുന്നുണ്ട് എന്ന് അധികൃതർ പറഞ്ഞു.
ഇടുക്കി അണക്കെട്ടിലെ അധികജലം ഷട്ടർ തുറന്ന് ഒഴുക്കുന്നതിന് മുന്നോടിയായി ഇന്ന് (18/10/2021) രാവിലെ 7 മണി മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

📙ഇടുക്കിയിലെ പൂർണ സംഭരണ ശേഷി – 2403 അടി. ജലനിരപ്പ് 2396.86 അടിയിലെത്തുമ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുക.

🟥 ജലനിരപ്പ് 2397.86 അടി എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അപ്പർ റൂൾ കർവായ 2398.86 അടിയിൽ ജലനിരപ്പെത്തിയാലാണ് അണക്കെട്ടിന്റെ ഷട്ടർ തുറന്ന് ജലമൊഴുക്കേണ്ട സാഹചര്യമുണ്ടാവുക.

ഓരോ അലർട്ടിനും മുമ്പ് കൃത്യമായ മുന്നറിയിപ്പുകൾ അതത് മേഖലകളിലെ ജനങ്ങൾക്ക് നൽകുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകൾ തികഞ്ഞ ജാഗ്രതയോടെ രംഗത്തുണ്ട്.

അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

Related posts

Leave a Comment