ദുരിതാശ്വാസ ക്യാമ്പുകൾ മെഡിക്കല്‍ സംഘം സന്ദര്‍ശിക്കും

തിരുവനന്തപുരം: പ്രളയബാധിതർ പാർക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ എല്ലാ ദിവസവും മെഡിക്കല്‍ സംഘം സന്ദര്‍ശിക്കും. അതത് തദ്ദേശസ്ഥാപന പ്രദേശത്തുള്ള ആശുപത്രിയിലെ മെഡിക്കല്‍ സംഘമായിരിക്കും ക്യാമ്പുകള്‍ സന്ദര്‍ശിക്കുക. ഇടയ്ക്കിടയ്ക്ക് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും. ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ പ്രശ്‌നബാധിത മേഖലകളായ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ പ്രത്യേകം ചര്‍ച്ച ചെയ്തു. ഇവിടെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സയും ഉറപ്പ് വരുത്തിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ഈ ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ.മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേകം പാര്‍പ്പിക്കണം. കോവിഡ് പോസിറ്റീവായവരെ ഡിസിസികളിലേക്കോ സിഎഫ്എല്‍ടിസികളിലേക്കോ മാറ്റണം. പോസിറ്റീവായവരുടെ കുടുംബാംഗങ്ങളെ പ്രത്യേകമായി നിരീക്ഷിക്കണം. ക്യാമ്പുകളില്‍ കഴിയുന്നവരുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ മാനസിക രോഗ വിദഗ്ധരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരും ക്യാമ്പിലുള്ളവരും ഉള്‍പ്പെടെ മലിനജലവുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ള എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ നല്‍കേണ്ടതാണെന്നും നിര്‍ദേശം നല്‍കി.
ക്യാമ്പുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ ഉറപ്പാക്കാണം. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരുടേയും രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ കാലാവധിയെത്തിവരുടേയും വിവരങ്ങള്‍ ശേഖരിച്ചു വരുന്നു. അതനുസരിച്ച് അവരുടെ വാക്‌സിനേഷന്‍ ഉറപ്പ് വരുത്തുന്നതാണ്. വാക്‌സിന്‍ എടുക്കാത്ത ആരും തന്നെ ക്യാമ്പുകള്‍ സന്ദര്‍ശിക്കരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

Related posts

Leave a Comment