കോഴിക്കോട്ടേക്ക് വിമാന സർവീസ് ആരംഭിക്കണം- കെ.ഡി.എൻ.എ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് കുവൈറ്റി വിമാന കമ്പനികളായ കുവൈറ്റ് എയർ വെയ്‌സ്, ജസീറ എയർ വെയ്‌സ് എന്നിവയുടെ സർവീസ് ആരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ലാ എൻ.ആർ. ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഇന്ത്യൻ അംബാസിഡർ സിബി ജോർജിനോട് ആവശ്യപ്പെട്ടു.

കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം കുവൈറ്റ് എയർ വെയ്‌സ്, ജസീറ എയർ വെയ്‌സ് എന്നീ വിമാന കമ്പനികൾ നിരവധി തവണ കോഴിക്കോട്ടേക്ക് ചാർട്ടർ ഫ്ലൈറ്റ് നടത്തിയിരുന്നു. കുവൈറ്റിൽ താമസിക്കുന്ന മലയാളികളിൽ വലിയൊരു ശതമാനം ആളുകളും മലബാർ മേഖലയിൽ നിന്നുള്ളവരാണ്. കരിപ്പൂർ ഫ്‌ളൈറ്റ് ദുരന്തത്തിന്റെ പേരിൽ ദീർഘകാലമായി വലിയ വിമാനങ്ങളുടെ സർവ്വീസ് അവിടെ നിന്നും നടക്കുന്നില്ല. കരിപ്പൂർ ദുരന്തം പൈലറ്റിന് പറ്റിയ പിഴവ് ആണെന്ന എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അത് ഒരിക്കലും അവിടത്തെ റൗൺവെയുടെയോ മറ്റ് സാങ്കേതിക സൗകര്യങ്ങളുടെയോ അപര്യാപ്ത ആയിരുന്നില്ല .

കുവൈത്തും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനുവേണ്ടി ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ചെയ്തു വരുന്ന പ്രവർത്തനങ്ങൾക്കും ഇന്ത്യക്കാർക്ക് ഉപകാരപ്രദമാവുന്ന നിരവധി ക്ഷേമ പ്രവർത്തനങ്ങൾക്കും അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.

Related posts

Leave a Comment