മത്സ്യത്തൊഴിലാളികളുടെ അപകട മരണം ; ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾ കടലിൽ അപകടത്തിൽപ്പെട്ടു മരണം സംഭവിച്ചാൽ ബന്ധുക്കൾക്ക് ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ധനസഹായം അടക്കമുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്തം ബന്ധപ്പെട്ട ഫിഷറീസ് ഓഫിസർക്കായിരിക്കുമെന്നും ഇക്കാര്യം ഉറപ്പാക്കുന്നതിനു ഫിഷറീസ് വകുപ്പിലും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലും നോഡൽ ഓഫിസർമാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ അപകട ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കടലിൽ പോകുന്ന മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ഇൻഷ്വറൻസ് പരിരക്ഷ കർശനമാക്കുമെന്നു മന്ത്രി പറഞ്ഞു. കടലിൽ പോകുന്നവരുടെ പൂർണ വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരെ നിർബന്ധമായും അറിയിക്കണം. അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഇത് അനിവാര്യമാണ്. ഇക്കാര്യത്തിൽ വീഴ്ചവരുത്തരുത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പരിമിതികൾ മനസിലാക്കി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്കു കഴിയണം. അപകടത്തിൽ മരണപ്പെടുന്നവരുടെ ബന്ധുക്കൾക്ക് ആനൂകുല്യങ്ങൾ വൈകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കാനാകില്ല. യഥാസമയം ആനുകൂല്യങ്ങൾ ലഭ്യമാക്കേണ്ട ഉത്തരവാദിത്തം ഫിഷറീസ് ഉദ്യോഗസ്ഥർക്കായിരിക്കും. ആറു മാസത്തിനകം ആനുകൂല്യം നൽകാൻ കഴിഞ്ഞില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വിശദീകരണം നൽകണം. തുടർന്ന് മന്ത്രിതലത്തിൽ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Related posts

Leave a Comment