വിറകുയര്‍ത്തിയ കൈകളില്‍ ഒളിംപിക് മെഡല്‍, മീരാബായി ഇനി രാജ്യറാണി

ടോക്കിയോഃ 133 കോടി ഇന്ത്യക്കാരുടെ അഭിമാനമാണ് 202 കിലോഗ്രാമിലൂടെ മീരാ ബായി ചാനു എടുത്തിയര്‍ത്തയത്. ചെറുപ്പത്തിലെ പ്രാരാബ്ധങ്ങള്‍ക്കു മുന്നില്‍ ഇതൊന്നും ഒന്നുമല്ലെന്ന ഭാവമായിരുന്നു മെഡലുറപ്പിക്കുമ്പോള്‍ ഈ ഇരുപത്തേഴുകാരിയുടെ മുഖത്ത്. ഇരുപത്തൊന്നു വര്‍ഷം മുന്‍പ് കര്‍ണം മല്ലേശ്വരിക്കു ശേഷം ഭാരോദ്വഹനത്തില്‍ ഒരു ഒളിംപിക് മെഡല്‍ ഇന്ത്യയിലെത്തുമ്പോള്‍ പ്രഥമ പൗരന്‍ രാഷ്‌ട്രപതി മുതല്‍ സ്വദേശമായ മണിപ്പൂരിലെ സാധാരണക്കാര്‍ വരെ ഈ കരുത്തിനു മുന്നില്‍ ശിരസു കുനിക്കുന്നു.

മണിപ്പൂരിലെ കാക്‌ചിങ് എന്ന കുഗ്രാമത്തിലാണ് മീരാബായി ചാനു ജനിച്ചത്, 1994 ഓഗസ്റ്റ് എട്ടിന്. തീരെ ചെറുപ്പം മുതല്‍ അമ്മയോടും സഹോദരങ്ങള്‍ക്കുമൊപ്പം തൊട്ടടുത്തുള്ള കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോകുമായിരുന്നു, കൊച്ചു മീര. എത്ര വിറകു കഷണങ്ങള്‍ കെട്ടിപ്പറുക്കി വച്ചുകൊടുത്താലും മീര നിഷ്പ്രയാസം വീട്ടിലെത്തിച്ചിരുന്നു. ഏക പ്രശ്നം ഒപ്പമുള്ള സഹോദരന് അത്രയും വിറകു കഷണങ്ങള്‍ ഉയര്‍ത്തിക്കൊടുക്കാന്‍ കഴിയില്ലായിരുന്നു എന്നതു മാത്രം. അന്നു മുതലേ മീരയുടെ ഭാരോദ്വഹന ശേഷി വീട്ടിലും നാട്ടിലും പാട്ടായിരുന്നു. സ്കൂളില്‍ പഠിക്കുമ്പോഴാണ് അതിലെ കായിക സാധ്യത മീരയും അധ്യാപകരും തിരിച്ചറിഞ്ഞത്. അന്താരാഷ്‌ട്ര മേഖലയിലെ വലിയ കായിക ഇനമായ ഭാരോദ്വഹനത്തില്‍ മീരാ ബായിക്ക് വലിയ സാധ്യത ഉണ്ടെന്നു തിരിച്ചറിഞ്ഞ സ്കൂള്‍ അധ്യാപകരാണ് അവളെ സംസ്ഥാന സര്‍ക്കാര്‍ സ്പോര്‍ട്സ് അക്കാഡമിയിലും കായിക വേദികളിലും എത്തിച്ചത്. അതു വെറുതേയായില്ല.

2014 മുതല്‍ മീര ബായി, അന്താരാഷ്‌ട്ര വേദികളില്‍ ഇന്ത്യയുടെ നിറ സാന്നിധ്യമാണ്. 2014 സ്കോട്ലാന്‍ഡ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ മെഡല്‍ നേടിക്കൊണ്ടായിരുന്നു അന്താരാഷ്‌ട്ര വേദികളിലെ അരങ്ങേറ്റം. 2018 ലെ ഗോള്‍ഡ് കാസ്റ്റ് കോമണ്‍വെല്‍ത്തിലും പങ്കെടുത്ത് റെക്കോഡ് സ്വര്‍ണം നേടി. 2016ലെ റിയോ ഒളിംപിക്സ് പരിശീലനത്തില്‍ത്തന്നെ ദേശീയ റെക്കോ‍ഡ് തകര്‍ത്ത് മീര ഇതിഹാസ താര‌മായി. ഒരു വ്യാഴവട്ടമായി നിലനിന്നിരുന്ന കുഞ്ചറാണി ദേവിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് മീര ബായിക്കു മുന്നില്‍ കടപുഴകി വീണത്. അന്നു പക്ഷേ, ഒളിംപിക് മെഡല്‍ കിട്ടിയില്ല.

2017 ലെ ലോക ഭാരോദ്വഹന ചാംപ്യാന്‍ഷിപ്പില്‍ ലോകകിരീടം ചൂടിയ മീരാ ബായി ഇപ്പോള്‍ ഈ വിഭാഗത്തിലെ ലോക രണ്ടാം റാങ്കുകാരിയാണ്. ഇന്നത്തെ ഒളിംപിക് മെഡലോടെ, ഈ രംഗത്തെ ആദ്യത്തെ ഒളിപിംക് മെഡല്‍ ഇന്ത്യയിലെത്തിച്ച താരവുമായി, രാജ്യം പത്മശ്രീയും രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരവും നല്‍കി ആദരിച്ചിട്ടുള്ള മീരാ ബായി ചാനു, ഇന്ത്യയുടെ ഭാവി പ്രതീക്ഷയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മീരയെ അഭിനന്ദനം അറിയിച്ചു. ആദ്യ ദിവസം തന്നെ വെള്ളി മെഡല്‍ നേടിയ ഇന്ത്യ ടാലിപ്പട്ടികയില്‍ ‌ആദ്യ ദിവസം തന്നെ ഇടം പിടിച്ചതും അപൂര്‍വ നേട്ടമായി.

Related posts

Leave a Comment