അഡ്‌ജസ്റ്റ്മെന്‍റ് ഹവാലകള്‍ക്ക് ഇന്ന് ഒരു വയസ്, ‘കടത്ത്’ വിടാതെ സിപിഎം

C.P. RAJASEKHARAN

കൊച്ചിഃ കേരളം കണ്ട എക്കാലത്തെയും വലിയ രാഷ്‌ട്രീയ അഴിമതിയുടെയും അധോലോക ബന്ധത്തിന്‍റെയും നാള്‍വഴികള്‍ പുറത്തു വന്നിട്ട് ഇന്ന് ഒരാണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസും ഔദ്യോഗികവസതിയും മുതല്‍ നിയമസഭാ സ്പീക്കറുടെ ചേംബറും സ്വകാര്യ ഫ്ളാറ്റും വരെ നീണ്ടുകിടക്കുന്ന ഒരു സമ്പൂര്‍ണ ക്രൈം ത്രില്ലര്‍ ചലച്ചിത്രത്തിന്‍റെ ക്ലൈമാക്സ് പുറത്തുവിടാതെ കേന്ദ്രവും സംസ്ഥാനവും കൈകോര്‍ത്തു മറച്ചുപിടിച്ചിരിക്കുന്ന നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് തുടങ്ങിയിട്ട് 2021 ജൂലൈ അഞ്ചിന് ഒരു വയസ് തികഞ്ഞു.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജുകള്‍ വഴി മുപ്പതു കിലോഗ്രാം സ്വര്‍ണം കടത്തിക്കൊണ്ടു വന്നതു പിടികൂടിയത് കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിനായിരുന്നു. കോണ്‍സുലേറ്റിലെ പിആര്‍ഒ ആയിരുന്ന എസ്. സരിത്ത് ആണ് ഈ ബാഗേജുകള്‍ കൈപ്പറ്റിയത്. കള്ളക്കടത്ത് പിടികൂടിയതിനു പിന്നാലെ കസ്റ്റംസ് ഓഫീസിലേക്ക് ഉന്നത കേന്ദ്രങ്ങളില്‍ നിന്നു നിലയ്ക്കാത്ത ഫോണ്‍ വിളികളുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, മാധ്യമ ഉപദേഷ്ടാവിന്‍റെ ഓഫീസ്, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരിലേക്കൊക്കെ നീണ്ടിറങ്ങിയ കള്ളക്കടത്ത് സംഘത്തിന്‍റെ അഗ്രം മാത്രമായിരുന്നു അന്നത്തെ മുപ്പതു കിലോഗ്രാം സ്വര്‍ണം.

കേസ് ഇപ്പോഴെവിടെ?

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് (റിവേഴ്സ് ഹവാല), മത ഗ്രന്ഥത്തിന്‍റെ ഇറക്കുമതി, ഈന്തപ്പഴക്കിറ്റ് തുടങ്ങി പലതരം കുറ്റകൃത്യങ്ങളാണ് പിന്നീടു വെളിച്ചത്തു വന്നത്. സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്കായിരുന്നു മുഖ്യ പങ്ക്. മതഗ്രന്ഥത്തിലും ഇന്തപ്പഴം ഇടപാടിലും മന്ത്രി കെ.ടി. ജലീലിന്‍റെ ഓഫീസിനും. ഈ കച്ചവടങ്ങളുടെയെല്ലാം മുഖ്യ സൂത്രധാരയും പങ്കാളിയുമായ സ്വപ്ന സുരേഷുമായുള്ള അടുപ്പമാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ വേട്ടയാടിയത്. കള്ളക്കടത്ത് സംഘത്തിനും സെക്രട്ടേറിയറ്റിലെ അധികാര കേന്ദ്രങ്ങള്‍ക്കുമിടയില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കര്‍, അഡിഷണല്‍ സെക്രട്ടറി സി.എം. രീവീന്ദ്രന്‍ തുടങ്ങിയവരും ഉള്‍പ്പെട്ടു. പക്ഷേ, കുടുങ്ങിയത് ശിവശങ്കര്‍ മാത്രം.

K T Jaleel CPIM Thavanoor- swotha

വിവിധ കേസുകളില്‍ കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റ്, എന്‍ഐഎ എന്നീ കേന്ദ്ര ഏജന്‍സികളും കേരള പോലീസുമാണ് അന്വേഷിക്കുന്നത്. എന്നാല്‍ ഒരു കേസിലും പ്രതികള്‍ക്ക് ഇതുവരെ കുറ്റപത്രം നല്‍കിയിട്ടില്ല. കോഫേ പോസ ചുമത്തിയതിനാല്‍ ജാമ്യം നിഷേധിക്കപ്പെട്ട് സ്വപ്ന സുരേഷ് ഇപ്പോഴും ജെയിലില്‍. 98 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം എം. ശിവശങ്കര്‍ സ്വന്തം വീട്ടില്‍ സര്‍വീസ് സസ്പെന്‍ഷനില്‍ വിശ്രമിക്കുന്നു. യുഎഇ മുന്‍ കോണ്‍സുല്‍ ജനറലടക്കം പ്രധാന പ്രതികളെ ഒന്നു കാണാന്‍ പോലും കിട്ടാതെ കേന്ദ്ര ഏജന്‍സികള്‍ വല വലിച്ചു.

മുഖ്യമന്ത്രിയുടെ മുന്നില്‍ വരെ അന്വേഷണ ഏജന്‍സികളെ എത്തിച്ചു വിരട്ടിയ ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ മെല്ലെപ്പോക്കിനു നിര്‍ദേശം നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്‌ട്രീയ അഡ്ജസ്റ്റുമെന്‍റുകളായിരുന്നു കാരണം. ഏതായാലും അന്വേഷണം ഇപ്പോഴും ഇഴയുകയാണ്. വിദേശത്തുള്ള പ്രതികളെ ചോദ്യം ചെയ്യാതെ അന്വേഷണം മുന്നോട്ടു പോകില്ല. അവരെ ചോദ്യം ചെയ്യാനുള്ള കൃത്യമായ അനുമതി കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്നതുമില്ല. അതുകൊണ്ടു തന്നെ സ്വര്‍ണക്കടത്ത് കേസ് തല്‍ക്കാലം പരണത്തിരിക്കും. ഈ സഹായം ചെയ്തു കൊടുത്തതിനു പ്രത്യുപകാരമാണ് തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ നാനൂറു കോടിയോളം രൂപയുടെ ഹവാല ഇടപാടുകള്‍ നടത്തിയ ബിജെപി നേതാക്കളുടെ പേരില്‍ ഒരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഉരുണ്ടു കളിക്കുന്നതും കേന്ദ്ര ഏജന്‍സികള്‍ കണ്ണടയ്ക്കുന്നതും.

ഇനി?

എം. ശിവശങ്കര്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ഭാവിയാണ് പ്രധാന ചോദ്യം. അദ്ദേഹത്തെ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ സസ്പെന്‍ഡ് ചെയ്തിട്ട് ഈ മാസം പതിനാറിന് ഒരു വര്‍ഷം തികയും. സര്‍വീസ് ചട്ടങ്ങള്‍ പാലിച്ചില്ല എന്ന കാരണത്താലാണ് നടപടി. എന്നാല്‍ അദ്ദേഹത്തിനെതിരേ ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ മാസം പതിനാറിന് അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണം. അല്ലെങ്കില്‍ കേന്ദ്ര സിവില്‍ സര്‍വീസ് ട്രൈബ്യൂണില്‍ അപ്പീല്‍ നല്‍കി, നിയമനത്തിന് സ്റ്റേ നേടണം. അതിനു സര്‍ക്കാര്‍ തയാറല്ല.

മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും പേടിച്ച് ശിവശങ്കറെ സര്‍വീസില്‍ തിരിച്ചെടുക്കാതെ സര്‍ക്കാരിനു ഉരുണ്ടു കളിക്കാം. പക്ഷേ, ജൂലൈ പതിനാറു മുതല്‍ അദ്ദേഹത്തിനു പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള മുഴുവന്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വീട്ടില്‍ കൊണ്ടു കൊടുക്കേണ്ടി വരും. അദ്ദേഹത്തിനെതിരേ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ കാലയളവിലെ മുഴുവന്‍ വേതനങ്ങളും പലിശ സഹിതം തിരികെ കിട്ടും. കുറ്റം തെളിയിക്കുന്നത് അനന്തമായി നീണ്ടു പോയാല്‍, ചാരക്കേസില്‍ നമ്പി നാരായണന്‍ പയറ്റിയതു പോലെ ശിവശങ്കറും കോടതികളില്‍ കയറിയിറങ്ങാം. വന്‍തുക നഷ്ടപരിഹാരമായി നേടുകയും ചെയ്യാം.

ഏതായാലും ഇടതുഭരണകാലത്ത് കേരളത്തില്‍ തഴച്ചു വളരുന്ന സ്വര്‍ണം കള്ളക്കടത്തിന്‍റെ പിന്നാമ്പുറം വെളിച്ചത്തു കൊണ്ടുവരാന്‍ ഒരു നിമിത്തമായി നയതന്ത്ര സ്വര്‍ണക്കടത്ത് സംഭവം. സ്വപ്ന സുരേഷിന്‍റെയും സരിത്തിന്‍റെയും സന്ദീപ് നായരുടെയുമൊക്കെ പുതിയ മുഖങ്ങളാണ് അര്‍ജുന്‍ ആയങ്കി, ഷാഫി, കൊടി സുനി തുടങ്ങിയവരിലൂടെ ആവര്‍ത്തിക്കുന്നത്. എല്ലാത്തിന്‍റെയും സംരക്ഷണ കവചം തലസ്ഥാനനഗരത്തിലെ എ‌കെജി സെന്‍ററും.Related posts

Leave a Comment