ഒരു സ്വപ്നയാത്രയുടെ ഒന്നാംവാര്‍ഷികം

മൂന്നാം കണ്ണ്

സി.പി. രാജശേഖരന്‍

2020 ജൂലൈ അഞ്ച്.

 അന്നു സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  പത്രസമ്മേളനം വിളിച്ചു വിളംബരം ചെയ്തതിങ്ങനെഃ “സംസ്ഥാനം വളരെ സജീവമായ ഒരു അഗ്നിപര്‍വതത്തിനു മുകളിലാണ്. ഏതു നിമിഷവും അതു പൊട്ടിത്തെറിക്കാം.”

അന്നു തന്നെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനും ഒരു പ്രഖ്യാപനം നടത്തി. “നമുക്കൊക്കെ ചില ബുദ്ധിമുട്ടുകളുണ്ടാകും. ദൂരവ്യാപകമായി നല്ല ഫലങ്ങള്‍ക്കു വേണ്ടി ഈ ബുദ്ധിമുട്ടുകള്‍ നമ്മള്‍ സഹിച്ചേ പറ്റൂ.“

രണ്ടു പേരും പ്രത്യക്ഷത്തില്‍ പറഞ്ഞതു കോവിഡ് മഹാമാരിയെക്കുറിച്ചായിരുന്നു. പക്ഷേ, പൊട്ടിത്തെറിച്ചത് രാഷ്‌ട്രീയ കേരളത്തെ അടിമുടി വിറപ്പിച്ച വലിയൊരു കള്ളക്കടത്തിന്‍റെ ജ്വാലാമുഖമായിരുന്നു. അതിന്‍റെ ചൂടും പുകയും ലാവയും ചാരവുമൊന്നും ഇനിയും കെട്ടടങ്ങിയിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞതും അറംപറ്റി. നാമെല്ലാം വലിയ ബുദ്ധിമുട്ടിലാണിപ്പോള്‍. കറതീര്‍ന്ന രാഷ്‌ട്രീയ ക്രിമിനലുകള്‍ നടത്തുന്ന കൊടികെട്ടിയ കൊള്ളയ്ക്ക് ഇരയാകുകയാണ് ശ്രേഷ്ഠം മലയാളത്തിന്‍റെ സ്വന്തം കേരളം.

 കോവിഡിന്‍റെ മറവില്‍ ഒരു സംസ്ഥാനത്തെ അപ്പാടെ കള്ളക്കടത്തിന്‍റെയും ഹവാല ഇടപാടുകളുടെയും കൊടിയ അഴിമതികളുടെയും വിളഭൂമിയാക്കിയ കൊടുംകൊള്ളയുടെ ഒന്നാം വാര്‍ഷികമാണ് ഇപ്പോള്‍ കേരളം വേദനയോടെ ഓര്‍മിക്കുന്നത്. അതിനു ചുക്കാന്‍ പിടിച്ച ഒരു മഹായാനത്തിന്‍റെ ഒന്നാം വാര്‍ഷികദിനമാണ് ജൂലൈ ആറ്.

കേരളത്തിന്‍റെ തലസ്ഥാന നഗരം ചരിത്രത്തിലെ ആദ്യത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണ‌ില്‍ പ്രവേശിക്കപ്പെട്ട ദിവസം. ഇരുചക്രവാഹനങ്ങള്‍ പോലും പുറത്തിറക്കിയാല്‍ പോലീസ് പൊക്കുന്ന അവസ്ഥ. തലസ്ഥാനനഗരത്തില്‍ ഒരീച്ച അനങ്ങണമെങ്കില്‍ പോലീസിന്‍റെ അനുമതി നിര്‍ബന്ധം. എന്നാല്‍, അതിന്‍റെ തൊട്ടു തലേ ദിവസമാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്‍റെ നയതന്ത്ര ടാഗ് പതിപ്പിച്ച പെട്ടികളില്‍ നിന്ന് മുപ്പതു കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയ സംഭവത്തിലെ പ്രധാന ഇടനിലക്കാരിയെന്നു സംശയിക്കുന്ന സ്വപ്ന സുരേഷിനെ പിടി കൂടാന്‍ തലസ്ഥാനത്തെ പോലീസ് വല വിരിച്ചത്. പക്ഷേ, പോലീസിന്‍റെ ഈ വലയില്‍ കുടുങ്ങുന്ന ചെറുപരലായിരുന്നില്ല അന്ന് സ്വപ്ന സുരേഷ്. പൊലീസിന്‍റെ വല പൊട്ടിച്ച് തലസ്ഥാനനഗരത്തില്‍ നിന്നു കടന്നുകള
ഞ്ഞ സ്വപ്നയാത്രയുടെ ഒന്നാം വാര്‍ഷികം കൂടിയാണിന്ന്.

തലസ്ഥാനം മുഴുവന്‍ ട്രിപ്പിള്‍ ലോക്കിട്ടു പൂട്ടി, പോലീസിന്‍റെ കണ്ണുവെട്ടിച്ച് കൊച്ചി വഴി ബംഗളൂരിവുലെത്തിച്ചു സ്വപ്നയെ ദുബായിയിലോ കുവൈത്തിലോ എത്തിക്കുകയായിരുന്നു കള്ളക്കടത്തു രാജാക്കന്മാരുടെ ലക്ഷ്യം. പക്ഷേ, കേരളത്തിലെ പ്രതിപക്ഷത്തിന്‍റെ ഇടപെടലും മാധ്യമങ്ങളുടെ ജാഗ്രതയും ഈ നീക്കം പൊളിച്ചു.  അല്ലായിരുന്നെങ്കില്‍ സ്വപ്നയുടെ പൊടി പോലും ഒരിക്കലും കിട്ടില്ലായിരുന്നു.  നയതന്ത്ര ടാഗ് വഴി ‌കേരളത്തില്‍ നടത്തിയിട്ടുള്ള ആദ്യത്തെ സ്വര്‍ണക്കള്ളക്കടത്ത് ആരോരുമറിയാതെ ആവിയായിപ്പോകുമായിരുന്നു.

  • സംസ്ഥാനത്തിന് എന്താണു നഷ്ടം?

സ്വപ്ന സുരേഷ‌ും സംഘവും കൂടി നടത്തിയ കള്ളക്കടത്തു കൊണ്ട് കേരളത്തിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നാണു മുഖ്യമന്ത്രിയും കൂട്ടുകാരും പറയുന്നത്. പക്ഷേ, സംസ്ഥാന സെയില്‍സ് ടാക്സ് ഉന്നതരോടു ചോദിച്ചാല്‍ അവര്‍ വേറൊരു കണക്കു പറയും. 2018ല്‍ സംസ്ഥാനത്ത് ചില്ലറ സ്വര്‍ണ വ്യാപാരികളില്‍ നിന്നു വില്പന നികുതിയായി പിരിച്ചെടുത്തത് 629 കോടി രൂപ. എന്നാല്‍ 2020 ല്‍ കിട്ടിയത് 400 കോടി രൂപയും. സ്വര്‍ണക്കച്ചവടം കുറഞ്ഞതു കൊണ്ടല്ല നികുതിയിലെ ഈ അന്തരം. സ്വര്‍ണക്കച്ചവടം ഇരട്ടിയായി വര്‍ധിക്കുകയും സ്വര്‍ണ വില കുതിച്ചുകയറുകയും ചെയ്തു. എന്നിട്ടും വില്പനനികുതി കുറഞ്ഞു എന്നുപറഞ്ഞാല്‍, മഞ്ഞലോഹത്തെ അപ്പാടെ നിയന്ത്രിക്കുന്നത് കള്ളക്കടത്ത് മാഫിയ ആണെന്നു വ്യക്തം.

ഇത്രമാത്രം ലാഭമുള്ളതാണോ കള്ളക്കടത്ത്? യുഎഇ, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഒരു കിലോഗ്രാം സ്വര്‍ണം കേരളത്തിലെത്തിച്ച് കള്ളക്കടത്തുകാരുടെ ലാസ്റ്റ് എന്‍ട്രി പോയിന്‍റ് കടത്തിവിട്ടാല്‍ കൊള്ളസംഘത്തിനു ലഭിക്കുന്ന കമ്മിഷന്‍ ഏഴു ലക്ഷം രൂപ. ഇതില്‍ ഇടപാടുകാരനു ലഭിക്കുന്ന ലാഭം മൂന്നു ലക്ഷം. ബാക്കി നാല് ലക്ഷം രൂപ കരിയര്‍മാര്‍ക്കും കസ്റ്റംസിലേതടക്കം ഉദ്യോഗസ്ഥ ലോബിക്കും. കഴിഞ്ഞ വര്‍ഷം ജൂലൈ ആദ്യവാരം തലസ്ഥാനത്തു പിടികൂടിയ മുപ്പതു കിലോ സ്വര്‍ണത്തിന് സ്വപ്നയ്ക്കും കൂട്ടര്‍ക്കും ലഭിക്കേണ്ടിയിരുന്ന പ്രതിഫലം 120 ലക്ഷം രൂപ. കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥര്‍, കസ്റ്റംസി‌ലെ വേണ്ടപ്പെട്ടവ‌ര്‍, ഫ്ളൈറ്റ് ക്രൂ തുടങ്ങിയവര്‍ക്ക് വേറേയും കിട്ടും, വിഹിതം. കഴിഞ്ഞ വര്‍ഷം ജനുവരി മുതല‌ുള്ള ആറു മാസത്തിനുള്ളില്‍ സ്വപ്നയും കൂട്ടുകാരന്‍ സരിത്തും ബിനാമി സന്ദീപ് നായരും കൂടി നയതന്ത്രചാനല്‍ വഴി കടത്തിക്കൊണ്ടു പോയത് ഏകദേശം മുന്നൂറ് കിലോ സ്വര്‍ണം. അതില്‍ സ്വപ്നയ്ക്കു കിട്ടിയ പ്രതിഫലം മാത്രം 12 കോടി രൂപ. തിരുവനന്തപുരം നയതന്ത്ര ചാനല്‍ വഴി നടത്തിയ കള്ളക്കടത്തിലൂടെ മാത്രം സ്വപ്നയ്ക്ക് ഏതാണ്ട് 58 കോടി രൂപ പ്രതിഫലം കിട്ടിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വില്പന നികുതിയില്‍ 229 കോടി രൂപയുടെ കുറവുണ്ടായപ്പോള്‍ സ്വപ്നയ്ക്കും സംഘത്തിനും ഈ കാലയളവിലുണ്ടായ നേട്ടമാണ് 58 കോടി രൂപ. മുഖ്യമന്ത്രിയുടെ വകുപ്പില്‍ സര്‍ക്കാരിന്‍റെ ശമ്പളം പറ്റിക്കൊണ്ടായിരുന്നു, സ്വപ്നയുടെ കള്ളക്കടത്ത് എന്നതു മറ്റൊരു കൗതുകം.

 സ്വപ്ന ആഡംബരക്കൊള്ളയുടെ പ്രതീകം മാത്രമാണ്. അര്‍ജുന്‍ ആയങ്കിയെപ്പോലുള്ള ഇന്നത്തെ സ്വര്‍ണക്കള്ളക്കടത്തുകാര്‍ അടിവസ്ത്രത്തിലും മലദ്വാരത്തിലും കൊണ്ടുവരുന്ന നാറ്റക്കേസുകളുടെ കണക്ക് ഇതിലും എത്രയോ ഭീകരമാണ്. സ്വര്‍ണത്തിന്‍റെ മഞ്ഞ നിറം മാത്രമല്ല, പച്ചമാംസത്തില്‍ നിന്നു തീറ്റിത്തെറിക്കുന്ന കടുംചുവപ്പ് രക്തത്തിന്‍റെ ഭയാനക ചിത്രങ്ങളാണ് ഈ ദിവസങ്ങളില്‍ നമ്മള്‍ കാണുന്നത്.

 സ്വപ്നയ്ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലായിരുന്നു പിടിപാടെങ്കില്‍ അര്‍ജുന്‍ ആയ‌ങ്കിക്ക് എകെജി സെന്‍ററിലാണെന്നു മാത്രം. ഏതായാലും ഒരു കാര്യം ഉറപ്പ്. ഏതുവഴിക്ക് ആരു സ്വര്‍ണം കള്ളക്കടത്ത് നടത്തിയാലും ലാഭവിഹിതത്തിന്‍റെ മൂന്നിലൊന്ന് സിപിഎം എന്ന പാര്‍ട്ടിക്കുള്ളതാണെന്ന യാഥാര്‍ഥ്യം അര്‍ജുന്‍ ആയങ്കിയിലുടെ നമുക്ക് ബോധ്യമായി.

വില്പന നികുതി ഇനത്തില്‍ മാത്രമല്ല, കേരളത്തിനുണ്ടായ സാമ്പത്തിക നഷ്ടം. കള്ളക്കടത്തുകാരെ പിന്‍വാതില്‍ വഴി മുഖ്യമന്ത്രിയുടെ തന്നെ വകുപ്പുകളില്‍ ഉന്നത തസ്തികകളില്‍ ലക്ഷങ്ങള്‍ ശമ്പളം നല്‍കി നിയമിച്ച ശേഷം അവര്‍ക്കു കള്ളക്കടത്തിനു ലൈസന്‍സ് നല്‍കിയ ഇന്ത്യയിലെ ഏകസംസ്ഥാനമായി, കേരളം. കള്ളക്കടത്തു സംഘങ്ങളെ റിക്രൂട്ട് ചെയ്യുക, അവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക, പിടിക്കപ്പെടുമ്പോള്‍ രക്ഷപ്പെടുത്തുക തുടങ്ങിയ സുപ്രധാന ചുമതലകള്‍ നല്‍കി, ഐഎഎസ് റാങ്കിലുള്ള സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വിട്ടുകൊടുത്ത ഒരേയൊരു മുഖ്യമന്ത്രിയാവും പിണറായി വിജയനെന്നും നമുക്ക് ബോധ്യമായി. ഇതിനെല്ലാം ചെലവായ കോടികള്‍ പ്രളയ സെസ് ഇനത്തിലും കോവിഡ് സെസ് ഇനത്തിലും നടുവൊടിക്കുന്ന ഇന്ധനവിലയില്‍ നിന്നുമൊക്കെ പിരിച്ചെടുത്തതാണെന്നറിയുമ്പോള്‍, സാധാരണക്കാരായ നമുക്ക് നെടുവീര്‍പ്പിടാനേ നിവൃത്തിയുള്ളൂ.  

  • അനിഷേധ്യമാകുന്ന പാര്‍ട്ടി ബന്ധം

കെപിസിസി പ്രസിഡന്‍റായി നിയമിതനായ ശേഷം കെ. സുധാകരന്‍ ഉന്നയിച്ച വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമുണ്ട്. സ്വര്‍ണക്കളക്കടത്തുകാരി സ്വപ്ന സുരേഷ് എന്തിന് ഒന്നിലേറെ തവണ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്‍റെ ഓഫീസിലും വീട്ടിലും സന്ദര്‍ശിച്ചു? പ്രോട്ടോകോള്‍ ചട്ടങ്ങള്‍ ലംഘിച്ച് മുഖ്യമന്ത്രി എന്തിന് അവര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കി? സ്വപ്ന സുരേഷ് എന്ന കൊടുംക്രിമന‌ലിനെ സ്വന്തം ഓഫീസില്‍ ഉന്നത തസ്തികയില്‍ നിയമിച്ചപ്പോള്‍, ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്കുള്ള പൊലീസ് വേരിഫിക്കേഷനെങ്കിലും നടത്താതിരുന്നത് എന്തുകൊണ്ട്?

ഉത്തരം വ്യക്തം. സ്വപ്ന സുരേഷ് പിണറായി വിജയന് വളരെ വേണ്ടപ്പെട്ടയാളാണ്.

കണ്ണൂരില്‍ പിണറായി പക്ഷത്തിനു ബദലായി രൂപം കൊള്ളുന്ന പുതിയ വിഭാഗീയ ഗ്രൂപ്പായ പി. ജയരാജന്‍റെ പേരില്‍ രൂപംകൊണ്ട പജെ ആര്‍മിക്ക് സ്വര്‍ണക്കള്ളക്കടത്ത് സംഘവുമായി വളരെ പ്രത്യക്ഷത്തില്‍ത്തന്നെ ബന്ധമുണ്ടെന്നു വ്യക്കമായിട്ടും പാര്‍ട്ടി എന്തുകൊണ്ട് കാര്യമായ നടപടിയിലേക്കു നീങ്ങുന്നില്ല. സ്വയം പിരിഞ്ഞുപോകണമെന്ന് അവരോടു പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ പിജെ ആര്‍മി പിരിച്ചുവിട്ട് റെഡ് ആര്‍മി എന്നു പേരുമാറ്റി. പക്ഷേ, സ്വഭാവം മാറ്റിയില്ല. പിജെ ആര്‍മിയുടെ ഫെയ്സ് ബുക്ക് പ്രൊഫൈലില്‍ ജയരാജന്‍റെ ചിത്രം മാറ്റി സിപിഎമ്മിന്‍റെ പാര്‍ട്ടി ചിഹ്നം പതിപ്പിച്ചതിലൂടെ നല്‍കുന്ന സന്ദേശം വളരെ വ്യക്തം. കള്ളക്കടത്ത് സംഘാംഗങ്ങളെല്ലാം സിപിഎം അനുഭാവികളോ പ്രവര്‍ത്തകരോ നേതാക്കള്‍ തന്നെയോ ആണ്. തങ്ങളും കൂടി ചേരുന്നതാണ് പാര്‍ട്ടിയെന്ന് അവര്‍ അടിവരയിടുന്നു. ഒരു ദിവസം പിടിക്കപ്പെടുമ്പോള്‍ ഒറ്റുകാരനെന്നു പറഞ്ഞ് മാറ്റിനിര്‍ത്തിയാല്‍ മാറിനില്‍ക്കാന്‍ മനസില്ലെന്ന് അര്‍ജുന്‍ ആയങ്കിയും സജേഷും കൊടി സുനിയും ഷാഫിയും വിളിച്ചു പറയുന്നതില്‍ എന്താണ് തെറ്റ്?

നടന്‍ ജോയി തോമസ് പറഞ്ഞതു പോലെ, ആരും ഒരു ചുവന്ന ഷര്‍ട്ടിട്ടു പുറത്തിറങ്ങിയാല്‍ മതി‌, പിന്നൊന്നും പേടിക്കേണ്ട എന്നതാണ് അവസ്ഥ. ഏതു കൊള്ളയും കൊള്ളിവയ്പും കള്ളക്കടത്തും കൊലപാതകങ്ങള്‍ പോലും നടത്താം. ഒപ്പമുണ്ട്, പാര്‍ട്ടിയും ഭരണവും എന്ന് ഇവര്‍ക്കെല്ലാം നന്നായിട്ടറിയാം.

കോവിഡിന്‍റെ ഈ കെട്ട കാലത്ത് മറ്റെല്ലാം ക്ഷയിച്ചു. എന്നാല്‍ സിപിഎമ്മും അതിന്‍റെ തണലില്‍ തളയ്ക്കപ്പെട്ടവരും മാത്രം തഴയ്ക്കുകയാണ്. നാട്ടിലെ സാധാരണക്കാര്‍ പട്ടുപോവുന്ന പടുകുഴിയിലാണ് കാട്ടുകള്ളന്മാരും സ്വര്‍ണക്കടത്തുകാരും സ്ത്രീപീഡകരും ബ്ലേഡ് മാഫിയയും മയക്കുമരുന്നുകടത്തുകാരും ധൂര്‍ത്ത് പുത്രന്മാരുമൊക്കെ വളക്കൂറാക്കുന്നത്. അവര്‍ക്കു വേണ്ടിയാണ് സംസ്ഥാനത്തെ ഭരണ ചക്രങ്ങള്‍ ചലിക്കുന്നത്. അവര്‍ക്കു വേണ്ടി മാത്രം. നയതന്ത്ര സ്വര്‍ണക്ക‌ടത്ത് പിടികൂടിയതിന്‍റെ ഒന്നാം വാര്‍ഷികം ഓര്‍മിപ്പിക്കുന്നതും ഇതു മാത്രമാണ്.

  • ഇനിയെന്ത്?

ഈ മാസം പതിനാറിന് എം. ശിവശങ്കറിന്‍റെ സസ്പെന്‍ഷന്‍ കാലാവധി കഴിയും. അദ്ദേഹത്തിനെതിരേ സിവില്‍ സര്‍വീസ് ട്രൈബ്യൂണലില്‍ അപ്പീലൊന്നും പോയിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പേടിച്ച് നിയമനം നല്‍കാതിരിക്കുകയുമാവാം. പക്ഷേ മുഴുവന്‍ ശമ്പളവും അലവന്‍സുകളും അദ്ദേഹത്തിനു വീട്ടില്‍ കൊണ്ടുകൊടുക്കണം.

നയതന്ത്ര സ്വര്‍ണക്കടത്തിന്‍റെ കാര്യം സ്വാഹ! കോഫേപോസ കേസിന്‍റെ സമയപരിധി കഴിയുമ്പോള്‍ സ്വപ്ന സുരേഷും പുറത്തുവരും. അവരെ പിന്നീട് ദുബായിയിലോ, കുവൈറ്റിലൊ, മസ്കത്തിലോ എങ്ങാനും കണ്ടെങ്കിലായി! ശിവശങ്കറുമൊത്ത് അവിടെയെങ്ങാനും വല്ല സ്റ്റാര്‍ ഹോട്ടലും തുറന്ന് ശിഷ്കാലം തട്ടീംമൂട്ടീം ആഘോഷിച്ചു തീര്‍ക്കും. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് പിടിക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഇതായിരുന്നു പദ്ധതിയെന്ന് സ്വപ്ന അന്നേ പറഞ്ഞിരുന്നതു മറക്കാന്‍ സമയമായിട്ടില്ല.

Related posts

Leave a Comment