സപ്ലൈകോയിൽ തീവെട്ടിക്കൊള്ള ;സാധനങ്ങൾക്കെല്ലാം കൊല്ലുന്ന വില

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വൻ വർധന വരുത്തി സർക്കാർ സ്ഥാപനമായ സപ്ലൈകോ ജനങ്ങളെ കൊള്ളയടിക്കുന്നു. പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിൽ പരാജയപ്പെട്ട സർക്കാർ വിപണി ഇടപെടൽ നടത്തുന്നതിനായി സപ്ലൈകോയിലൂടെ വിലകുറച്ച് സാധനങ്ങൾ നൽകുമെന്ന് അവകാശപ്പെടുന്നതിനിടെയാണ് ഈ തീവെട്ടിക്കൊള്ള. സപ്ലൈകോയിലൂടെ ആകെ വിൽക്കുന്ന 33 സാധനങ്ങളിൽ 22 എണ്ണത്തിനും വിലകൂട്ടിയെന്നതാണ് ശ്രദ്ധേയം. ഇന്നലെ മുതലാണ് പുതിയ വില നിലവിൽ വന്നത്.
കഴിഞ്ഞ മാസം 82 രൂപയുണ്ടായിരുന്ന ചെറുപയറിന്‌ കിലോയ്‌ക്ക്‌ 87 രൂപയായി. അഞ്ചുരൂപയുടെ വർധനവാണ് ഒറ്റയടിക്ക് ഉണ്ടായത്. 84 രൂപആയിരുന്ന വൻപയറിന്‌ ഇന്നലെ മുതൽ വില 98 രൂപയായി. 76 രൂപായിരുന്ന പീസ്‌ പരിപ്പിന്‌ 82 രൂപായി. 120 രൂപ ആയിരുന്ന മുളകിന്‌ 14 രൂപ കൂടി 134 രൂപയിലെത്തി. 104 രൂപയുടെ മല്ലിക്ക്‌ 110 രൂപയും 190 രൂപ ഉണ്ടായിരുന്ന ജീരകത്തിന്‌ 210 രൂപയും നൽകണം. 104 രൂപ ഉണ്ടായിരുന്ന കടുകിന്‌ 110 രൂപയും 98 രൂപ ഉണ്ടായിരുന്ന ഉലുവയ്‌ക്ക്‌ 100 രൂപയും നൽകണം. മട്ട ഉണ്ട അരിയ്‌ക്ക്‌ 28 രൂപയിൽനിന്ന്‌ 31 ആയി. 33 രൂപ ഉണ്ടായിരുന്ന ജയ അരി 34.50 രൂപയിൽ എത്തി. പിരിയൻ മുളകിന്‌ 165ൽ നിന്നും 174 രൂപയായി. പല ഇനങ്ങൾക്കും ഈ മാസം രണ്ടു തവണയാണ്‌ വില കൂടിയത്‌. അതേസമയം, പഞ്ചസാരയ്‌ക്ക്‌ 40 രൂപയിൽനിന്ന്‌ ഒരു രൂപ കുറഞ്ഞ്‌ 39 രൂപയിൽ എത്തി. ഉഴുന്നിന്‌ 102 രൂപ തന്നെയാണ്‌ ഈ മാസവും വില. തുവര പരിപ്പിന്‌ 102ൽ നിന്ന്‌ 100 രൂപ ആയി കുറഞ്ഞപ്പോൾ കടലയ്‌ക്ക്‌ 65 രൂപയായി തുടരുന്നു.
പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമാകുമ്പോൾ ജനങ്ങൾ ആശ്രയിക്കുന്ന ഇടമായിരുന്നു സപ്ലൈകോ മാർക്കറ്റുകൾ. എന്നാൽ അവിടെയും വിലകൂട്ടി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. പൊതുവിപണിയിൽ സർക്കാർ ഇടപെടൽ ഇല്ലാത്തതിനാൽ ചെറുകിട വ്യാപാരികൾ തോന്നുംപടിയാണ്‌ വില ഈടാക്കുന്നത്‌. വിലനിലവാരം പരിശോധിക്കാനുള്ള സംവിധാനം നിലച്ചതോടെ സാധനങ്ങളുടെ വില എഴുതി പ്രദർശിപ്പിക്കണമെന്ന നിയമം വ്യാപാരികൾ കാറ്റിൽപ്പറത്തിയെന്ന പരാതിയുമുണ്ട്.

Related posts

Leave a Comment