വടകര താലൂക്ക് ഓഫീസിൽ വൻ അ​ഗ്നിബാധ: 80ശതമാനം ഫയലുകളും കത്തിനശിച്ചു, വൻ അട്ടിമറി സാധ്യത

കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിൽ വൻ അ​ഗ്നിബാധ. ഓഫീസ് കെട്ടിടം പൂർണമായി കത്തിനശിച്ചു. ഓഫീസിൽ സൂക്ഷിച്ചിരുന്ന ഫയലുകളിൽ എൺപതു ശതമാനവും കത്തിനശിച്ചു. അവശേഷിക്കുന്നവയും വീണ്ടെടുക്കാനാവാത്ത നിലയിലാണ്. ഇന്നു രാവിലെ ആറു മണിയോടെയാണ് ഓഫീസിൽ നിന്ന് തീ ഉയരുന്നത് നാട്ടുകാർ കണ്ടത്. അവർ അറിയച്ചതനുസരിച്ച് വടകര ഫയർ ഫോഴ്സ് ഉടൻ സ്ഥലത്തെത്തി തീ കെടുത്താൻ ശ്രമിച്ചു. തലശേരി, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നും കൂടുതൽ യൂണിറ്റുകൾ എത്തി അ​ഗ്നിശമന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. തൊട്ടടുത്തുള്ള സബ് ട്രഷറി ഓഫീസ്, റവന്യൂ ഓഫീസ് എന്നിവിടങ്ങളിലേക്കു തീ പടരാതിരിക്കാനുള്ള ശ്രമം തുടരുകയാണ്.‌
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആണു കാരണമെന്നാണ് പ്രാഥമിക നി​ഗമനം. എന്നാൽ ഭൂമി പൊന്നുംവിലയ്ക്കെടുക്കുന്നതടക്കമുള്ള സുപ്രധാന രേഖകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. തീപിടിത്തിൽ ദുരൂഹതയുണ്ടെന്ന് സ്ഥലം സന്ദർശിച്ച കെ.കെ. രമ എംഎൽഎ ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് സമ​ഗ്രമായ അന്വേഷണം ആവശ്യമാണെന്നും രമ പറഞ്ഞു.
തീപിടിത്തത്തിൽ ജീവനക്കാരും സംശയം പ്രകടിപ്പിച്ചു. അടുത്ത കാലത്ത് വാങ്ങിയ 25 ലക്ഷം രൂപയുടെ ഫർണിച്ചറുകളും ഇവിടെ സൂക്ഷിച്ചിരുന്നു. ഇതെല്ലാം പൂർണമായി കത്തിനശിച്ചു.

Related posts

Leave a Comment