സാമ്പത്തിക പ്രതിസന്ധി, ട്രഷറി നിയന്ത്രണം:എന്നിട്ടും പെരിയ കേസ് അഭിഭാഷകന് 24.50 ലക്ഷം അനുവദിച്ചു

നിസാർ മുഹമ്മദ്

തിരുവനന്തപുരം: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ സിപിഎം നേതാക്കളെ സംരക്ഷിക്കാൻ സുപ്രീം കോടതിയിൽ ഹാജരായ അഭിഭാഷകന് 24.50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നീങ്ങുന്നതിനാൽ ചരിത്രത്തിൽ ആദ്യമായി സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസത്തിൽ തന്നെ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് പണം അനുവദിച്ചത്. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ മനീന്ദർ സിങിന് ഈ കേസിൽ ഹാജരായതിന്റെ ഫീസ് ഇനത്തിൽ 24.50 ലക്ഷം രൂപ അടിയന്തരമായി നൽകണമെന്നാണ് ഇന്നലെ നിയമവകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത്. ഫെബ്രുവരി 21ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും ദൈനംദിന ചെലവുകൾക്കും ഖജനാവിൽ പണമില്ലെന്ന പേരിൽ പല കാര്യങ്ങളും മുടങ്ങുമ്പോഴാണ്, സർക്കാരിന് വേണ്ടപ്പെട്ട കാര്യങ്ങൾക്ക് പണം ധനവകുപ്പ് അനുവദിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
പെരിയ കേസിൽ ഫീസിനത്തിൽ മാത്രം സർക്കാരിന് ചെലവായത് 88 ലക്ഷം രൂപയാണ്. അഭിഭാഷകരായ രജ്ഞിത്കുമാർ, മനീന്ദർ സിങ്, പ്രഭാസ് ബജാജ് എന്നിവരാണ് സർക്കാരിനു വേണ്ടി വാദിക്കാൻ എത്തിയത്. പെരിയ കൊലക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ ഏതു വിധേനയും സി.ബി.ഐയെ തടയാനാണ് സുപ്രീംകോടതി അഭിഭാഷകരെ ഇറക്കുമതി ചെയ്ത് സര്‍ക്കാര്‍ അപ്പീല്‍ പോയത്. എന്നാല്‍, നീതിപീഠത്തിന്‍റെ ശക്തമായ ഇടപെടല്‍ കൊണ്ട് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. 2019 സെപ്റ്റംബറിലാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്.
തുടർന്ന് സി.പി.എമ്മുകാരായ പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തു. മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 21 പേരാണ് ഈ കേസിൽ ഇപ്പോൾ പ്രതിസ്ഥാനത്തുള്ളത്. 2019 ഫെബ്രുവരി 17-നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.

Related posts

Leave a Comment