സാമ്പത്തിക പ്രതിസന്ധി: ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ ജീവനക്കാരെ പിഴിയും

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സംസ്ഥാന സര്‍ക്കാര്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ജീവനക്കാരുടെ ശമ്പളത്തില്‍ കൈവയ്ക്കാന്‍ ആലോചിക്കുന്നതായി സെക്രട്ടറിയേറ്റിലെ അകത്തളങ്ങളില്‍ നിന്നുള്ള വാര്‍ത്ത. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നല്‍കുന്ന ശമ്പളത്തില്‍നിന്ന് 30 ശതമാനം തുക മാറ്റിവയ്ക്കുക, മാസശമ്പളം നല്‍കുന്നത് രണ്ടായി പകുത്തു ഒന്നാം തീയതിയും പതിനഞ്ചാം തീയതിയും നല്‍കുക എന്നീ സാമ്പത്തിക ക്രമീകരണങ്ങള്‍ നടത്തുന്നതിനാണ് സര്‍ക്കാരിന്റെ ആലോചന എന്നാണ് വിവരം. ശമ്പളം നല്‍കാന്‍ കഴിയാത്ത വിധം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി നേരത്തെ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇല്ലായിരുന്നുവെങ്കില്‍ നേരത്തെ തന്നെ സാമ്പത്തിക നിയന്ത്രണം കൊണ്ടു വരുമായിരുന്നു. ഏതായാലും തൃക്കാക്കര കഴിയുന്നതോടുകൂടി ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിന് മേല്‍ പൂട്ടു വീഴുമെന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. സാമ്പത്തിക പ്രതിസന്ധി കൊണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട മൂന്ന് ഗഡു ക്ഷാമബത്ത ഇതുവരെയായി കൊടുത്തിട്ടില്ല. എന്നാല്‍ ഏറ്റവും രസകരമെന്നുള്ളത് കഴിഞ്ഞമാസം ഒരു ഉത്തരവിലൂടെ കേരളത്തിലെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് എന്നീ ജീവനക്കാര്‍ക്ക് ഡിഎ പൂര്‍ണമായും നല്‍കി എന്നുള്ളതാണ്. ഒരു വശത്ത് സാമ്പത്തിക പ്രതിസന്ധി എന്നുപറഞ്ഞ് സംസ്ഥാന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞു വയ്ക്കുമ്പോള്‍ മറുഭാഗത്ത് വലിയ ശമ്പളം വാങ്ങുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് യഥാസമയം ആനുകൂല്യം ലഭിക്കുന്നു എന്നുള്ള വിചിത്ര കാര്യവും ഇവിടെ നടക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ ആകെ അസ്വസ്ഥരാണ്. സിവില്‍ സര്‍വീസിനെ രണ്ടായി തിരിക്കുന്ന സമീപനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ജീവനക്കാര്‍ ആരോപിയ്ക്കുന്നു.

Related posts

Leave a Comment