നിപ ബാധിച്ച മരിച്ച കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിക്കണം, കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയ വാർഡുകളിൽ സൗജന്യ റേഷൻ വിതരണം ചെയ്യണം : എം കെ രാഘവൻ എം.പി

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പന്ത്രണുവയസുകാരന്‍റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് എം.കെ രാഘവന്‍ എം.പി ആവശ്യപ്പെട്ടു.

2018 മെയ് 19 ന് ജില്ലയിലെ തന്നെ പേരാമ്പ്രയില്‍ കേരളത്തില്‍ ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഘട്ടത്തില്‍, വൈറസ് ബാധിച്ച് മരണപ്പെട്ട പതിനേഴ് പേരുടെയും കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിച്ച മരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടില്ല.

സമാന സാഹചര്യങ്ങളില്‍ സാമ്പത്തിക സഹായം അനുവദിച്ചതിനാല്‍ തന്നെ കുട്ടിയുടെ കുടുംബത്തിനും സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് നിപ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ പാഴൂരും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ച ശേഷം എം.കെ രാഘവന്‍ എം.പി മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് സംഭവം റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡിലും സമീപ വാര്‍ഡുകളിലും ആരോഗ്യ വകുപ്പ് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ദിവസവേതനക്കാരുള്‍പ്പെടെ പല പാവപ്പെട്ട കുടുംബങ്ങളും ദുരിതത്തിലായിരിക്കുകയാണെന്നും, ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഈ വാര്‍ഡുകളില്‍ സൗജന്യ റേഷന്‍ വിതരണം ചെയ്യണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Related posts

Leave a Comment