ഒടുവിൽ യോഗി മുട്ടുമടക്കി ; പ്രിയങ്ക ഗാന്ധിയെ വിട്ടയച്ചു

ലഖിംപൂരിൽ കർഷകരെ സന്ദർശിക്കാനുള്ള യാത്രക്കിടെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത് 59 മണിക്കൂറിന് ശേഷമാണ് പ്രിയങ്കയെ വിട്ടയച്ചത്. കർഷകരെ കാണാതെ പിൻമാറില്ലെന്ന പ്രിയങ്കയുടെ ഉറച്ച നിലപാടിന് മുന്നിൽ യു.പി സർക്കാർ മുട്ടുമടക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ലഖിംപൂർ സന്ദർശിക്കാൻ യു.പി സർക്കാർ അനുമതി നൽകി. വിമാനമാർഗം ലഖ്‌നൗവിലെത്തുന്ന രാഹുൽ ഗാന്ധി റോഡ് മാർഗമാണ് ലഖിംപൂരിലെത്തുക. ഇവർക്കൊപ്പം മൂന്നുപേർക്ക് കൂടി ലഖിംപൂർ സന്ദർശിക്കാൻ അനുമതിയുണ്ട്.

അനുമതി നിഷേധിച്ചാലും കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണാൻ ലഖിംപൂരിലേക്ക് പോകുമെന്ന് രാഹുൽഗാന്ധി നേരത്തേ അറിയിച്ചിരുന്നു. കർഷകർക്കെതിരെ രാജ്യത്ത് വ്യവസ്ഥാപിതമായ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലഖിംപൂർ ഖേരിയിലേക്കുള്ള യാത്രക്ക് അനുമതി നിഷേധിക്കപ്പെട്ട ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ‘സർക്കാർ കർഷകരെ അപമാനിക്കുകയും കൊല്ലുകയുമാണ്. അവർക്ക് കർഷകരുടെ ശക്തി മനസ്സിലായിട്ടില്ല. ലഖിംപൂരിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു പേർക്ക് അവിടെ പോകാനേ നിരോധമുള്ളൂ. മൂന്നു പേർ അവിടേക്ക് പോകും’- രാഹുൽ ഗാന്ധി പറഞ്ഞു.

Related posts

Leave a Comment