ചലച്ചിത്ര മേള വീണ്ടും വിഭജിക്കുന്നു ; ഇക്കുറി കൊച്ചിയിലും പ്രദർശനം

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സാംസ്കാരികോൽസവം എന്ന നിലയിൽ ശ്രദ്ധേയമായ രാജ്യാന്തര ചലച്ചിത്ര മേള ഇക്കുറിയും വിഭജിച്ച് നടത്താൻ സർക്കാരിന്റെ തീരുമാനം. കഴിഞ്ഞ തവണ മൂന്നു മേഖലകളായി തിരിച്ച് ചലച്ചിത്ര മേള നടത്തി പരാജയപ്പെട്ടതിനെതിരെ ഉണ്ടായ പ്രതിഷേധം വകവെയ്ക്കാതെയാണിത്. കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച ചലച്ചിത്രമേള മാർച്ച് 18 മുതൽ 25വരെ തിരുവനന്തപുരത്ത് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഇതോടൊപ്പം കൊച്ചിയിലും പ്രദർശനമൊരുക്കാനാണ് മന്ത്രി കേരളാ ചലച്ചിത്ര അക്കാദമിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്നലെ ചേർന്ന സംഘാടക സമിതി യോഗത്തിലും മന്ത്രി ഇത് ആവർത്തിച്ചു. അതേസമയം, ചലച്ചിത്ര മേളയ്ക്ക് മുമ്പ് തിയേറ്ററുകൾ പൂർണതോതിൽ തുറക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ആവശ്യമുന്നയിച്ചത്. കോവിഡ് വ്യാപനം കുറഞ്ഞിട്ടും തിയേറ്ററുകളുടെ കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് എടുക്കാത്തിൽ സിനിമാ സംഘടനകൾക്കുള്ള പ്രതിഷേധവും അദ്ദേഹം പങ്കുവെച്ചു.
തിരുവനന്തപുരത്ത് എട്ടു ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രമേളയിൽ 14 തിയറ്ററുകളിലായി 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകൾ ഉൾപ്പെടുത്തിയ ലോക സിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകൾ മേളയിലുണ്ട്. അന്തരിച്ച നടൻ നെടുമുടി വേണുവിന് ആദരമർപ്പിച്ചുകൊണ്ടുള്ള റെട്രോസ്‌പെക്റ്റീവും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഘർഷഭരിതമായ ദേശങ്ങളിലെ ജീവിതം പകർത്തുന്ന ഫിലിംസ് ഫ്രം കോൺഫ്ലിക്റ്റ്‌ എന്ന പാക്കേജ് ഇത്തവണത്തെ മേളയുടെ ആകർഷണങ്ങളിലൊന്നാണ്. അഫ്‍ഗാനിസ്ഥാൻ, ബർമ്മ, കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളിൽ ഫിപ്രസ്‌കി പുരസ്‌കാരം കിട്ടിയ സിനിമകളുടെ പാക്കേജ് ഫിപ്രസ്‌കി ക്രിട്ടിക്‌സ് വീക്ക് എന്ന പേരിൽ പ്രദർശിപ്പിക്കും.

Related posts

Leave a Comment