ഫിഫ ലോകകപ്പ്: നവംബര്‍ 1 മുതല്‍ ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ പ്രവേശനമില്ല

ഫിഫ ലോകകപ്പ് സുരക്ഷയുടെ ഭാഗമായി സന്ദര്‍ശകരെ നിയന്ത്രിച്ച് ഖത്തര്‍. ഇതുപ്രകാരം നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ  വിവിധ സന്ദര്‍ശക വിസകള്‍ നിര്‍ത്തിവെക്കും. ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ ഹയ്യ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍   അറിയിച്ചു. ദോഹ  സിവില്‍ ഡിഫന്‍സ് ആസ്ഥാനത്ത് ചേര്‍ന്ന വാര്‍ത്താസമ്മേനത്തില്‍ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം മാധ്യമവിഭാഗം മേധാവിയും പബ്ലിക് റിലേഷന്‍സ് ഡയരക്ടറുമായ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍മുഫ്ത, ചാമ്പ്യന്‍ഷിപ്പുകളുടെ സുരക്ഷാനിയന്ത്രണ കമാന്‍ഡറുടെ ഓഫീസ് ഡയരക്ടര്‍ കേണല്‍ ജാസിം അല്‍സഈദ് എന്നിവരാണ് ഇക്കാര്യം വിശദീകരിച്ചത്. ഫിഫ ലോക കപ്പ് വിജയകരമായി നടത്താന്‍ സന്ദര്‍ശകരെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. ഖത്തറിലെ പൗരന്മാര്‍ക്കും താമസവിസയുള്ള വിദേശ പൗരന്മാർക്കും  ഖത്തര്‍ വിസയുള്ള ജിസിസി പൗരന്‍മാര്‍ക്കും നിയന്ത്രണം ബാധകമാവില്ല. 2022 ഡിസംബര്‍ 23 മുതല്‍ സന്ദര്‍ശന വിസകള്‍ വീണ്ടും അനുവദിക്കും. അതേസമയം, വീടുകളിലെ ആയമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള വ്യക്തിഗത റിക്രൂട്ട്‌മെന്റ് വിസക്കാര്‍ക്കും മറ്റു പ്രത്യേക പ്രവേശന അനുമതിയുള്ളവര്‍ക്കും  ഇളവുകളുണ്ടാവും. ഔദ്യോഗിക  ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള അംഗീകാരത്തെ അടിസ്ഥാനമാക്കി പ്രത്യേക മാനുഷിക പരിഗണന ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്കും ഇളവുണ്ട്. ഇവര്‍ക്ക് വിമാനത്താവളം വഴിയുള്ള പ്രവേശനം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
ഹയ്യ കാര്‍ഡ് ഉള്ളവര്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ രാജ്യത്ത് പ്രവേശിക്കാനാവും. കൂടാതെ ജനുവരി 23 വരെ രാജ്യത്ത് താമസിക്കാനും ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് കഴിയുമെന്നും മന്ത്രാലയം വിശദീകരിച്ചു. ആഭ്യന്ത്രമന്ത്രാലയം പബ്ലിക് റിലേഷന്‍സ് റീച്ച്ഔട്ട് ഓഫീസ് കോഡിനേറ്റര്‍ ഫൈസല്‍ഹുദവി പരിഭാഷ നിര്‍വ്വഹിച്ചു.

Related posts

Leave a Comment