സര്‍വകലാശാല ജീവനക്കാരുടെ പെന്‍ഷന്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നു. ഫെഡറേഷന്‍

കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ പെന്‍ഷന്‍ ബാദ്ധ്യത സര്‍വകലാശാലകളുടെ സ്വന്തം ഫണ്ടില്‍ നിന്ന് കണ്ടെത്തണമെന്ന പതിനൊന്നാം പെന്‍ഷന്‍ റിവിഷന്‍ ഉത്തരവ് സര്‍വകലാശാലകളുടെ സാമ്പത്തിക അടിത്തറ തന്നെ തകര്‍ക്കുന്നതാണെന്നും ആയിരകണക്കിന് പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്ന തരത്തിലുള്ളതുമാണെന്ന് ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂണിവേഴ്സിറ്റി എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍സ് ആരോപിച്ചു. സര്‍വകലാശാലകള്‍ക്കുള്ള പദ്ധതി വിഹിതം പോലും വര്‍ഷങ്ങളായി വെട്ടികുറക്കുകയും സമയാസമയത്ത് വിതരണവും ചെയ്യാത്ത സര്‍ക്കാര്‍, അധിക ബാദ്ധ്യത സര്‍വകലാശാലകളെ അടിച്ചേല്‍പ്പിക്കുന്നത് പരോക്ഷമായി പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനചിലവും ഫീസും വിണ്ടും വര്‍ദ്ധിക്കുന്നതിന് കാരണമാകും. ലാഭേച്ഛയുള്ള സ്ഥാപനങ്ങളായി സര്‍വകലാശാലകള്‍ അധഃപതിച്ചാല്‍ ദൂരവ്യാപകമായ തിരിച്ചടികള്‍ വിദ്യാഭ്യാസരംഗത്ത് സംഭവിക്കുമെന്നും ഫെഡറേഷന്‍ ആരോപിച്ചു. കാലങ്ങളായി സുഗമമായി പെന്‍ഷന്‍ വിതരണം നടന്നു വന്നിരുന്ന സര്‍വകലാശാലകള്‍ക്ക് പുതുക്കിയ പെന്‍ഷന്‍ വിതരണത്തിന് ഫണ്ട് അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നയം അടിയന്തിരമായി പിന്‍വലിച്ച് സര്‍വകലാശാല പെന്‍ഷനേഴ്സിന്‍റെ പെന്‍ഷന്‍ റിവിഷന്‍ ഉത്തരവ് അടിയന്തിരമായി ഭേദഗതി ചെയ്യണമെന്ന് ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂണിവേഴ്സിറ്റി എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍സ് ആവശ്യപ്പെട്ടു. സര്‍വകലാശാല ജീവനക്കാരെയും പെന്‍ഷന്‍കാരെയും പ്രക്ഷോഭത്തിലേക്ക് തള്ളിവിടരുതെന്നും ഫെഡറേഷന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഫെഡറേഷന്‍ പ്രസിഡന്‍റ് ശ്രീ.പ്രവീണ്‍കുമാര്‍ കെ, ജനറല്‍ സെക്രട്ടറി ശ്രീ എം.ജി.സെബാസ്റ്റ്യന്‍, ട്രഷറര്‍ ശ്രീ. ജയന്‍ ചാലില്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

Related posts

Leave a Comment