ഫെ‍ഡറലിസം ഇന്നലെ, ഇന്ന്, നാളെ

  • രമേശ് ചെന്നിത്തല

ഭിന്ന സംസ്കാരങ്ങളും ഭാഷയും വേഷവും വിശ്വാസങ്ങളുമുള്ള ജനങ്ങളെ ദേശീയത എന്ന പൊതുധാരയിൽ കൂട്ടിയോജിപ്പിക്കുന്ന സംയോജിത രാഷ്‌ട്രം എന്നതാണ് ഫെഡറലിസം എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്. കേന്ദ്രതലത്തിൽ ഒരു അധികാര കേന്ദ്രവും റീജണൽ അഥവാ സംസ്ഥാന തലത്തിൽ വിവിധ അധികാരകേന്ദ്രങ്ങളും എന്നതാണ് അതിന്റെ പ്രവർത്തന ഘടന. അധികാരവിഭജനത്തിലൂടെ ഓരോ പൗരന്റെയും മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ഭരണഘടനയിലൂടെ വൈജാത്യങ്ങളെ മുഴുവൻ കൂട്ടിയോജിപ്പിക്കുകയും വേണം. വൈവിധ്യങ്ങളാണ് ഇങ്ങനെയൊരു ആശയത്തിന്റെ അടിസ്ഥാനമെങ്കിലും പരസ്പരമുള്ള യോജിപ്പിലൂടെ എല്ലാവരെയും ഒന്നിച്ചു നിർത്തുമ്പോൾ മാത്രമാണ് ഫെഡറലിസം എന്ന രാഷ്‌ട്രനിർമിതിക്കു വിജയിച്ചു പോകാനാവൂ. നാനാത്വത്തിൽ ഏകത്വം എന്ന സംജ്ഞയിലൂടെ ഇന്ത്യ എന്ന ജനാധിപത്യ പരമാധികാര രാഷ്ട്രം കഴിഞ്ഞ 75 വർഷമായി ലോകത്തിനു മുന്നിൽ കാഴ്ച വയ്ക്കുന്നതും യോജിപ്പിന്റെ ഈ വിജയ ചരിത്രമാണ്.
വിവിധ പക്ഷങ്ങളെ സംയോജിപ്പിച്ചു മുന്നേറേണ്ട ഫെഡറലിസം പക്ഷേ, ഇന്ത്യയിലിപ്പോൾ വിഘടിപ്പിച്ചു തകർക്കപ്പെടുന്ന അവസ്ഥയിലെത്തി നിൽക്കുന്നു എന്നതാണു നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പരസ്പര സഹകരണത്തിലൂടെയുള്ള അധികാര വിഭജനം (Co -Operative Federalism) മരീചികയാകുന്നു. നിർബന്ധിത ഏകപക്ഷീയത (Coercive Federalism) യിലേക്ക് നമ്മുടെ രാജ്യം അതിവേ​ഗം കുതി‌ക്കുന്നു. ഈ അപകടം തിരിച്ചറിഞ്ഞു തിരുത്താനാവുന്നില്ലെങ്കിൽ ഇന്ത്യ എന്ന ജനാധിപത്യ-മതനിരപേക്ഷ-പരമാധികാര- ഫെഡറൽ റിപ്പബ്ലിക് ഇല്ലാതാകും. വിവിധ മതങ്ങളും ഭാഷകളും സംസ്കാരങ്ങളും ചിന്താ​ഗതികളുമൊക്കെയുള്ള ചിതറിയ ആൾക്കൂട്ടമാവും 140 കോടി ജനങ്ങൾ. അല്ലെങ്കിൽ അധികാരത്തിന്റെ മുഷ്കിൽ ജനാധിപത്യത്തെ അടിച്ചമർത്തി, മതാധിപത്യ‌ രാജ്യമായി ഇന്ത്യ മാറും. നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സർക്കാർ കഴിഞ്ഞ എട്ടു വർഷമായി സഞ്ചരിക്കുന്നത് ഈ പാതയിലാണ്. ലക്ഷ്യത്തിലെത്താൻ അവർക്ക് ഇനി അധിക ദൂരമില്ല; അതിനു തടയിടാൻ മതനിരപേക്ഷ- ജനാധിപത്യ കക്ഷികൾക്കു കഴിയുന്നില്ലെങ്കിൽ.
കോൺ​ഗ്രസ് മുക്തഭാരതം ലക്ഷ്യം എന്നു നരേന്ദ്ര മോദി പ്രഖ്യാപിച്ചപ്പോൾ അതു കൊൺ​ഗ്രസിന്റെ മാത്രം കാര്യമെന്നു കരുതിയവരാണേറെ. അധികാരത്തിന്റെ രണ്ടാം വരവിൽ ഈ ലക്ഷ്യത്തെ അദ്ദേഹം കുറച്ചുകൂടി വിപുലപ്പെടുത്തി. പ്രതിപക്ഷ മുക്ത ഭാരതം എന്ന വിശാല ലക്ഷ്യത്തിലേക്ക് മോദി അതിവേ​ഗം കുതിക്കുന്നു. എതിർപ്പിന്റെ സ്വരങ്ങളെ ഒന്നൊന്നായി കേന്ദ്ര സർക്കാർ അരിഞ്ഞില്ലാതാക്കുന്നു. പ്രതിഷേധങ്ങളെ നിശബ്ദമാക്കുന്നു. ചർച്ചകളും തർക്കങ്ങളും അഭിപ്രായങ്ങളും ഭിന്നതകളുമൊന്നും എവിടെയും പരി​ഗണിക്കപ്പെടുന്നതേയില്ല. പാർലമെന്റിൽ ഏതൊക്കെ വാക്കുകൾ പറയണമെന്ന് നിയമം മൂലം വ്യവസ്ഥ ചെയ്യുന്നു. പാർലമെന്റിനുള്ളിൽ എല്ലാ തരത്തിലുള്ള വിമർശനങ്ങളും പ്രക്ഷോഭങ്ങളും വിലക്കുന്നു. സംസ്ഥാനങ്ങളിലെ നിയമ നിർമാണ പരമാധികാര സഭകളെ വിലയ്ക്കെടുക്കുന്നു. ജനഹിതം അട്ടിമറിച്ച് സ്വന്തം ഹിതങ്ങൾ ജനങ്ങൾക്കു മേൽ അടിച്ചേല്പിക്കുന്നു. ചുരുക്കത്തിൽ നിർബന്ധിത ഏകപക്ഷീയതയിലൂടെ രാജ്യത്തെ ഫാസിസ്റ്റ് ഭരണനിർവഹണ കേന്ദ്രമാക്കി മാറ്റുകയാണ് സംഘപരിവാരങ്ങൾ.
ഇന്നലെകളിൽ ഇതായിരുന്നില്ല സ്ഥിതി. ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തിലൂടെ രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടിയ ഇന്ത്യ പിന്നീട് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കും സാമൂഹ്യ സുരക്ഷിതത്വ സ്വാതന്ത്ര്യത്തിലേക്കും വളരെ വേ​ഗം കുതിക്കുകയായിരുന്നു. മതനിരപേക്ഷ രാഷ്‌ട്രം എന്ന നിലയിൽ ലോകത്തിനു തന്നെ മാതൃകയായിരുന്നു നമ്മൾ. മൗലീകാവകാശങ്ങളിലൂടെ പൗരന് പരമാധികാരം ഉറപ്പായിരുന്നു. പഞ്ചവത്സര പദ്ധതികളിലൂടെ നാടിന്റെ സാമ്പത്തിക വളർച്ച ദ്രുത​ഗതിയിലായിരുന്നു. മതനിരപേക്ഷതയിൽ ഉറച്ചു നിന്നപ്പോഴും എല്ലാ മതങ്ങളെയും ആദരിക്കുകയും അം​ഗീകരിക്കുകയും ചെയ്തിരുന്നു. ഇതൊക്കെയായിരുന്നു ഇന്നലെകളിൽ ഇന്ത്യൻ ഫെ‍ഡറിലസത്തിന്റെ കാതൽ. ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് ശക്തമായിരിക്കുന്നിടത്തോളം ഇതിനൊന്നും കോട്ടം സംഭവിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് നരേന്ദ്ര മോദി കോൺ​ഗ്രസ് മുക്തഭാരതം ലക്ഷ്യം വച്ചത്. അത് കേവലം മോദിയുടെ മാത്രം ലക്ഷ്യമല്ല. അദ്ദേഹത്തെ നിയോ​ഗിച്ചിരിക്കുന്ന രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെയും സംഘപരിവാരങ്ങളുയും പരമമായ ലക്ഷ്യമാണ്.
ഇന്ത്യ കോൺ​ഗ്രസ് മുക്തമാക്കപ്പെട്ടാൽ നിർബന്ധിത ഏകപക്ഷീയതയിലേക്ക് ബിജെപിക്ക് വളരെ വേ​ഗം കടന്നുവരാൻ കഴിയുമെന്ന് മോദിയും അമത്ഷായും മോഹൻഭ​ഗവതുമൊക്കെ കരുതുന്നു. അതിനു വേണ്ടി കോൺ​ഗ്രസ് അനുകൂല ജനവിധി പോലും അവർ വിലയ്ക്കു വാങ്ങുന്നു. ​ഗോവയിലും മണിപ്പുരിലും മേഘാലയത്തിലും മധ്യപ്രദേശിലും ബിഹാറിലും മഹാരാഷ്ട്രയിലുമൊക്കെ അവരതു നടപ്പാക്കി കഴിഞ്ഞു. ജനവിധിയിലല്ല അവർക്കു വിശ്വാസം. ജനവിധി പണം കൊണ്ടു മറികടക്കാനുള്ള സാമ്പത്തിക ശക്തിയായി ബിജെപി മാറി. ജനവിധി അം​ഗീകരിക്കാൻ ബിജെപി തയാറായിരുന്നെങ്കിൽ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളെങ്കിലും കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഭരിക്കുമായിരുന്നു.
ഭരണഘടനാപരമായ പരമാധികാരമാണ് ഇന്ത്യയിൽ കോൺ​ഗ്രസ് നടപ്പാക്കിയത്. ഭരണഘടനയെ മറികടക്കാൻ പാർലമെന്റിനു പോലും അധികാരമില്ല. പാർലമെന്റും ഭരണഘടനയും തമ്മിൽ ഏറ്റുമുട്ടിയാൽ, സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിപീഠങ്ങൾക്ക് ഇടപെടാനുള്ള പരമാധികാരവും നമ്മുടെ ഫെഡറലിസത്തിലുണ്ടായിരുന്നു. എന്നാൽ ജുഡീഷ്യറി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും വിലയ്ക്കു വാങ്ങാനും സ്വന്തം പക്ഷക്കാരെ തെരഞ്ഞെുപിടിച്ചു ചുമതലപ്പെടുത്താനുമുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇനിയൊരു അവസരം കൂടി കിട്ടിയാൽ ബിജെപിക്ക് ഇതൊന്നും അസാധ്യമല്ല. അതുകൊണ്ടു തന്നെ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത ഫെ‍ഡറേഷനാണ് ഇന്ത്യയുടെ ആവശ്യം. കോൺ​ഗ്രസിനെ ഇല്ലാതാക്കി ബിജെപിക്കു ബദലാകാൻ നിലവിൽ രാജ്യത്തൊരു രാഷ്‌ട്രീയ ശക്തിയില്ല. മത നിരപേക്ഷത, സാമൂഹ്യ നീതി, സാമ്പത്തിക സ്വാശ്രയത്വം, ജനകീയ പരമാധികാരം എന്നിവിയലൂടെ മാത്രമേ ഇന്ത്യയുടെ ഫെഡറലിസം നിലനിർത്താനാവൂ. അതിനു കോൺ​ഗ്രസിനെ ശക്തിപ്പെടുത്തുകയല്ലാതെ വേറേ വഴികളുമില്ല.

Related posts

Leave a Comment