ഫെഡറല്‍ ബാങ്കിന് ഐഎസ്ഒ 22301:2019 അംഗീകാരം

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് മാനേജ്മെന്‍റ് മികവിനുള്ള ആഗോള അംഗീകാരമായ ഐഎസ്ഒ 22301:2019 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ബാങ്കിന്‍റെ ബിസിനസ് കണ്ടിന്യൂവിറ്റി മാനേജ്മെന്‍റ് സംവിധാനത്തിന് (ബിസിഎംഎസ്) ബിഎസ്ഐ ആണ്  രാജ്യാന്തര അംഗീകാരം നല്‍കിയത്. ‘പ്രവചനാതീതമായ ഈ കാലത്ത് ഏതു തടസ്സങ്ങളേയും അതിജീവിക്കാന്‍ പര്യാപ്തമായ ശേഷി ബാങ്കിനുണ്ടെന്നതിന് തെളിവാണ് സ്വതന്ത്രമായി അംഗീകരിക്കപ്പെടുന്ന ബിസിഎംഎസ്. ആഗോള മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഈ സര്‍ട്ടിഫിക്കേഷന്‍ ഞങ്ങളുടെ ബ്രാന്‍ഡിന്‍റെ സമഗ്രതയ്ക്കും കരുത്തിനുമുള്ള അംഗീകാരമാണ്’- ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.

കോവിഡ് മൂലം ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ക്കും, അടിക്കടി ഉണ്ടാകുന്ന കടുത്ത കാലാവസ്ഥാ പ്രശ്നങ്ങള്‍ക്കും, ഉപഭോക്താക്കളുടെ ഉയര്‍ന്ന പ്രതീക്ഷകള്‍ക്കുമിടെ ഈ സര്‍ട്ടിഫിക്കേഷന്‍ ബാങ്കിന് നിര്‍ണായകമായ ഒരു നേട്ടമാണ്. അപ്രതീക്ഷിതവും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതുമായ സംഭവങ്ങളില്‍ നിന്ന് സ്ഥാപനത്തെ സംരക്ഷിക്കാനും അത്തരം സംഭവങ്ങളെ പ്രതിരോധിക്കാനും അതിനോട് പ്രതികരിക്കാനും സഹായിക്കുന്ന ശക്തമായ ഒരു മാനേജ്മെന്‍റ് സംവിധാനത്തിനുള്ള ആഗോള അംഗീകാരമാണ് ഐഎസ്ഓ 22301.

‘പ്രതിസന്ധി ഘട്ടങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാതെ സേവനം ഉറപ്പാക്കുന്നതിന് ബിസിനസ് തുടര്‍ച്ച അനിവാര്യമാണ്. ഇപ്പോള്‍ ലഭിച്ച ബിസിഎംഎസ് സര്‍ട്ടിഫിക്കേഷനിലൂടെ, പ്രതിസന്ധികള്‍ നേരിടാന്‍ പാകത്തിനുള്ള കരുത്തുറ്റ ഒരു ചട്ടക്കൂടാണ് ഞങ്ങള്‍ക്ക്  ലഭിച്ചിരിക്കുന്നത്- ബാങ്കിന്‍റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.

ഓപറേഷന്‍സ്, ഐടി, ചെക്ക് ക്ലിയറിങ് സംവിധാനങ്ങള്‍  തുടങ്ങിയ വിവിധ പ്രവര്‍ത്തനമേഖലകളിലെ ബാങ്കിന്‍റെ  മികവിനുള്ള സര്‍ട്ടിഫിക്കേഷനാണിത്. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ബാങ്കിന് സര്‍ട്ടിഫിക്കറ്റ് കൈമാറുകയുണ്ടായി.

Related posts

Leave a Comment