ഫെഡറല്‍ ബാങ്കിന്‍റെ 90ാമത് വാര്‍ഷിക പൊതുയോഗം

കൊച്ചി: ഫെഡറൽ ബാങ്ക് ഓഹരി ഉടമകളുടെ 90-ാമത് വാർഷിക പൊതുയോഗം വെള്ളിയാഴ്ച നടന്നു. ബാങ്ക് ചെയർപേഴ്സൺ ഗ്രേസ് എലിസബത്ത് കോശിയുടെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസിങ് വഴിയായിരുന്നു യോഗം. ഓഹരി ഉടമകളും ഫെഡറൽ ബാങ്ക് ഡയറക്ടർമാരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ഓഹരി ഉടമകൾക്ക് 35 ശതമാനം ലാഭവിഹിതം പ്രഖ്യാപിക്കുന്നതിനും മുൻഗണനാ ഓഹരി വിൽപ്പനയ്ക്കും, കടപത്രമിറക്കി ബാങ്കിൻറെ ടിയർ വൺ മൂലധനം ഉയർത്തുന്നതിനും യോഗം ഓഹരി ഉടമകളുടെ അനുമതി തേടി. 2019-20 സാമ്പത്തിക വർഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങൾക്കും ഓഹരി ഉടമകളുടെ അംഗീകാരം തേടി.

ബാങ്കിൻറെ എംഡിയും സി.ഇ.ഒ യുമായ ശ്യാം ശ്രീനിവാസൻ, എക്സിക്യൂട്ടീവ് ഡയറക്ടറായ അശുതോഷ് ഖജുരിയ, സ്വതന്ത്ര ഡയറക്ടറായ എ പി ഹോട്ട എന്നിവരെ പുനർനിയമിക്കുന്നതിനും വർഷ പുരന്ദരെയെ സ്വതന്ത്ര ഡയറക്ടറായി നിയമിക്കുന്നതിനും കൂടി യോഗം ഓഹരി ഉടമകളുടെ അനുമതി തേടി.

ഡിജിറ്റൽ വിപൂലീകരണം, ജനശാക്തീകരണം എന്നീ ഇരട്ട ലക്ഷ്യങ്ങളിൽ ശ്രദ്ധയൂന്നി, പ്രവർത്തനശേഷിയുടേയും കരുത്തിൻറേയും പിൻബലത്തിൽ അപ്രതീക്ഷിത വെല്ലുവിളികളെ മറികടക്കാനും മികച്ച വളർച്ച നേടാനും പോയ വർഷം ബാങ്കിനു സാധിച്ചുവെന്ന് ചെയർപേഴ്സൻ ഗ്രേസ് എലിസബത്ത് കോശി പറഞ്ഞു.

ഫെഡറൽ ബാങ്കിൻറെ ഇന്നത്തെ ഡിജിറ്റൽ പുതുമകൾ ബാങ്കിങ് രംഗത്തെ നാളെയുടെ മാതൃകകളെ പുനർനിർവചിക്കുന്നതാണെന്ന് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പ്രസ്താവിച്ചു. ലളിതം, ഡിജിറ്റൽ, സമ്പർക്കരഹിതം എന്നിവയാണ് 2020-21 സാമ്പത്തിക വർഷത്തെ തങ്ങളുടെ നവീനപദ്ധതികളുടെ ആധാരമെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെയ്സ്ബുക്ക്, യുട്യൂബ്, ട്വിറ്റർ, ക്ലബ്ഹൗസ് എന്നീ സാമൂഹിക മാധ്യമങ്ങൾ വഴി വാർഷിക പൊതുയോഗം തത്സമയം സംപ്രേഷണം ചെയ്ത പ്രഥമ ബാങ്ക് എന്ന സവിശേഷതയ്ക്കും ഇന്നത്തെ യോഗത്തോടെ ഫെഡറൽ ബാങ്ക് അർഹമായി.

Related posts

Leave a Comment