നിയമസഭയില്‍ നിര്‍ഭയന്‍ ; സഭയ്ക്ക് പുറത്ത് സഹൃദയന്‍

നിസാര്‍ മുഹമ്മദ്

തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് നിര്‍ഭയനായിരുന്നു പി.ടി തോമസ്. പുറത്താകട്ടെ, തികഞ്ഞ സഹൃദയനും. ഭരണകൂടത്തിന്റെ ജനദ്രോഹങ്ങളെ നിയമസഭയില്‍ നിരന്തരം തുറന്നുകാട്ടിയ പി.ടി തോമസിലെ രാഷ്ട്രീയ പോരാളി കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഐക്യ മുന്നണിക്കും നല്‍കിയ ഊര്‍ജ്ജം ചെറുതൊന്നുമല്ല. എന്നാല്‍, സഭാ കവാടത്തിന് പുറത്ത് സൗഹൃദവും അനിതര സാധാരണമായ മനുഷ്യത്വവുമായിരുന്നു പി.ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയം.
വയലാറിന്റെ പാട്ടുകള്‍ മൂളുന്ന, നല്ല സിനിമകള്‍ കാണുന്ന, പരന്ന വായനയിലൂടെ വിജ്ഞാനം തേടുന്ന, പരിസ്ഥിതിയെ അതിരറ്റ് സ്‌നേഹിക്കുന്ന, നിയമവശങ്ങളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ഇഴകീറി പഠിക്കുന്ന പി.ടി തോമസ് സാമാജികരുടെ ഹോസ്റ്റലിലെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു. സഹായം തേടിയെത്തുന്നവരോട് പി.ടി തോമസ് കാട്ടുന്ന അനുകമ്പ കണ്ട് പലകുറി അമ്പരന്നിട്ടുണ്ട് തലസ്ഥാനത്തെ രാഷ്ട്രീയ-മാധ്യമ ലോകം. അസാധ്യമെന്ന് കരുതപ്പെട്ട പലകാര്യങ്ങളിലും സമീപിക്കുന്നവരുടെ രാഷ്ട്രീയം ചികയാതെ പി.ടി ഇടപെട്ടു, പരിഹാരമുണ്ടാക്കി.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നും രണ്ടും സര്‍ക്കാരുകള്‍ പി.ടിയുടെ സമരതീക്ഷ്ണതയില്‍ കുറച്ചൊന്നുമല്ല സഭയ്ക്കുള്ളില്‍ വെന്തുരുകിയത്. ആറുവര്‍ഷത്തിനിടെ നടന്ന നിയമസഭാ സമ്മേളനങ്ങളിലെ നടപടി രേഖകള്‍ വെറുതെയൊന്ന് മറിച്ചു നോക്കിയാല്‍ മതി, പി.ടി തോമസെന്ന രാഷ്ട്രീയ പോരാളിയുടെ നാക്കും വാക്കും സര്‍ക്കാരിനെതിരെ മൂര്‍ച്ചയുള്ള ആയുധമായി മാറിയതിന്റെ മായാത്ത അടയാളങ്ങള്‍ അതിലുണ്ട്. കേരളത്തിന്റെ ചരിത്രത്തിലിന്നോളം കണ്ടിട്ടില്ലാത്ത പ്രതിഷേധത്തിന് സഭാ കവാടം സാക്ഷിയായപ്പോള്‍ പി.ടി തോമസായിരുന്നു അത് മുന്നില്‍ നിന്ന് നയിച്ചത്. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ നിരാകരിച്ചപ്പോള്‍ സഭാ കവാടത്തില്‍ പ്രതീകാത്മകമായി അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ പി.ടി തോമസിനെയാണ് പ്രതിപക്ഷം തെരഞ്ഞെടുത്തത്.
സഭയില്‍ പി.ടി ഉന്നയിച്ചതൊന്നും കേവലം രാഷ്ട്രീയ ആരോപണങ്ങളായിരുന്നില്ല. വ്യക്തമായ തെളിവുകളോടെ വിശദമായി പഠിച്ച് മന:പാഠമാക്കിയാണ് പി.ടി ഓരോ തവണയും സഭയിലെത്തിയത്. ഇക്കാലയളവില്‍ ഒന്നും രണ്ടുമല്ല, ഒട്ടനവധി തവണ മുഖ്യമന്ത്രി പിണറായി വിജയനെയും പരിവാരങ്ങളെയും പി.ടി മുള്‍മുനയില്‍ നിര്‍ത്തി. പ്രതിപക്ഷ ബഹുമാനം ഒട്ടും കുറയ്ക്കാതെ തന്നെ മുഖ്യമന്ത്രിക്കും ഭരണപക്ഷത്തിനും നേരെ പി.ടി ആഞ്ഞടിച്ചു. പിണറായി വിജയന്‍ ഒരു തികഞ്ഞ സ്റ്റാലിനിസ്റ്റാണെന്നും ഇരട്ടച്ചങ്ക് പോയിട്ട് ഒറ്റച്ചങ്ക് പോലുമില്ലാത്തയാളാണെന്നും തുറന്നുപറയാന്‍ പി.ടിക്ക് ആര്‍ജവം തെല്ലും കുറഞ്ഞിരുന്നില്ല. പിണറായി വിജയന്റെ നവോത്ഥാന നായക പരിവേഷത്തെ പരിഹസിക്കാനും പി.ടി മടിച്ചിരുന്നില്ല. വനിതാ മതില്‍ തീര്‍ക്കുന്നതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഫണ്ട് ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പി.ടി തോമസ് ഗവര്‍ണറെ സമീപിക്കുകയും ചെയ്തു.
സഭയില്‍ പി.ടി തോമസ് നടത്തുന്ന പ്രസംഗങ്ങള്‍ കേട്ടിരിക്കാന്‍ തന്നെ ബഹുരസമായിരുന്നു. മിതമായി സംസാരിക്കുമ്പോഴും പി.ടിയുടെ വാക്കുകളിലെ മൂര്‍ച്ഛ കേള്‍വിക്കാരില്‍ പ്രതിഫലിച്ചു. അങ്ങനെ അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ പലതുമാണ് പിന്നീട് മാധ്യമങ്ങളിലെ പ്രധാന തലക്കെട്ടുകളായി മാറിയത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം, മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, പശ്ചിമ ഘട്ട സംരക്ഷണം, നദികളും ആറുകളും കുടിവെള്ള സ്രോതസുകളും മലിനപ്പെടുന്നത്, മുട്ടില്‍ മരംമുറി, സ്പിന്‍ക്ലര്‍ ഇടപാട്, സ്വര്‍ണ-ഡോളര്‍ക്കടത്ത് കേസ്… അങ്ങനെ പറയാനാണെങ്കില്‍ ഒരുപാടുണ്ട് സഭയില്‍ പി.ടിയുടെ ശബ്ദമുയര്‍ന്ന ജനകീയ വിഷയങ്ങള്‍.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീരക്ഷയുടെ പ്രവാചകനെന്ന് പറയുന്ന വി.എസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു അന്ന് പി.ടി സഭയില്‍ ആവശ്യമുയര്‍ത്തിയത്. എറണാകുളം മഹാരാജാസ് കോളേജിലെ സ്റ്റാഫ് ഹോസ്റ്റലില്‍ നിന്ന് ആയുധശേഖരം കണ്ടെടുത്ത സംഭവത്തിലും അദ്ദേഹം സഭയില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന അക്രമസംഭവങ്ങളും അതിന് സര്‍ക്കാരും പൊലീസും നല്‍കുന്ന ഒത്താശയും അക്കമിട്ടുനിരത്തിയായിരുന്നു അത്. സംസ്ഥാനത്തെ കലാലയങ്ങളില്‍ മികച്ച പഠനാന്തരീക്ഷം ഉണ്ടാക്കണമെന്ന ആവശ്യവുമായി പി.ടി തോമസ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ നേരിട്ട് കാണുകയും ചെയ്തു. ഏലമലക്കാടുകള്‍ റവന്യൂ ഭൂമിയാക്കാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കത്തിന് തുടക്കത്തില്‍ തന്നെ വിലങ്ങിട്ടത് പി.ടി തോമസായിരുന്നു. വനഭൂമിക്ക് റവന്യൂ ഭൂമിയുടെ പദവി നേടിയെടുക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ മിനിട്‌സ് പുറത്തുവിട്ടായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതിഷേധം.
പ്രളയകാലത്ത് സ്വന്തം ആരോഗ്യം പോലും വകവെയ്ക്കാതെ ജനസേവനത്തിന് ഇറങ്ങിയ പി.ടി തോമസ്, പ്രളയകാരണങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞും സര്‍ക്കാരിന്റെ അനാസ്ഥ തുറന്നുകാട്ടിയും സഭയില്‍ ആഞ്ഞടിച്ചതും രാഷ്ട്രീയ കേരളം കണ്‍തുറന്ന് കണ്ടു. പ്രളയ ദുരന്തത്തിന് പിന്നാലെ മൂന്നാര്‍ മേഖലയില്‍ ഭൂമാഫിയ സജീവ സാന്നിധ്യമുറപ്പിച്ചതിന്റെ സൂചനകളും പി.ടി അക്കാലത്ത് തന്നെ വെളിച്ചത്ത് കൊണ്ടുവന്നു. അര്‍ഹതപ്പെട്ട ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്ക് മെഡിക്കല്‍ റീ-ഇംബേഴ്സ്മെന്റ് നിഷേധിക്കപ്പെട്ടപ്പോഴും രാഷ്ട്രീയം നോക്കാതെ പി.ടി അതിനെ എതിര്‍ത്ത് മുന്നില്‍ നിന്നു. ഡയറക്ടര്‍ ഓഫ് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ നിന്ന് സൂപ്പര്‍ സ്പെഷ്യാലിറ്റി അര്‍ഹതയുള്ളവര്‍ക്ക് മാത്രമേ റീ-ഇംബേഴ്സ്മെന്റ് ക്ലെയിം പാസാക്കാന്‍ സാധിക്കൂ എന്നറിയിച്ചുകൊണ്ട് നൂറുകണക്കിന് ക്ലെയിമുകള്‍ നിരസിച്ച വേളയിലായിരുന്നു അന്ന് അദ്ദേഹത്തിന്റെ ഇടപെടല്‍.
പൊലീസിനെതിരെയുള്ള സിഎജിയുടെ വിമര്‍ശനം ആദ്യമായി സഭയില്‍ ഉയര്‍ത്തിയത് പി.ടി തോമസായിരുന്നു. സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെടുക്കുകയായിരുന്നുവെന്ന് ആരോപിച്ച് ഭരണപക്ഷം പ്രതിരോധമുയര്‍ത്തിയെങ്കിലും പി.ടി തോമസിന്റെ നിലപാടിന് മുന്നില്‍ അത് വിലപ്പോയില്ല. കൊറോണ പ്രതിരോധത്തിലെ സര്‍ക്കാര്‍ വീഴ്ചകളും കോവിഡിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിയ രാഷ്ട്രീയ പ്രതികാരങ്ങളും വാക്‌സിനേഷനിലെ പോരായ്മകളും നെല്ലു സംഭരണത്തിലെ അഴിമതികളും, ഏറ്റവുമൊടുവില്‍ ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കാതെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ പൊള്ളത്തരങ്ങളും പി.ടിയെന്ന പോരാളി സഭയില്‍ തുറന്നുകാട്ടി.

Related posts

Leave a Comment