അന്ന് ടി. പിയുടെ രമ ; ഇന്ന് പി. ടിയുടെ ഉമ

  • സിപിഎമ്മിന്റെ ഭയവും സ്ത്രീ നിന്ദയും

പ്രവീൺ വി.ആർ

കേരളത്തിലെ ജനാധിപത്യത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ, മതേതരത്തിന്റെയൊക്കെ കടക്കൽ കത്തി വയ്ക്കാൻ ശ്രമിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനത്തിന്റെ തലതൊട്ടപ്പന്മാരായ സിപിഎം ഭയക്കണം ഈ വനിതകളെ.
ഉൾപാർട്ടി ജനാധിപത്യം അനുവദിക്കുന്നു എന്ന് നാഴികയ്ക്ക് നാല്പതു വട്ടം അവകാശപ്പെടുന്ന സിപിഎം ടി.പിയെ അതിക്രൂരമായി കൊലപ്പെടുത്തിയത് പാർട്ടിയിലെ കൊള്ളരുതായ്മകൾ തുറന്ന് ചോദിച്ചതിനാണ്. ടി.പിയെ പ്രായം പറഞ്ഞ് അമ്പത്തൊന്നു വെട്ടും കുത്തും നൽകി മുഖം വികൃതമാക്കി കൊല്ലുമ്പോൾ കരുതിയിട്ടുണ്ടാവില്ല ടി.പി മാത്രമേ മരിക്കുന്നുള്ളൂ, ടി.പി ഉയർത്തിയ ആശയം അതേപടി പിന്തുടരുന്നു എന്ന സത്യം.
ജീവിച്ചിരുന്ന ടി.പിയെക്കാൾ ശക്തിയായി ടി.പിയുടെ ആശയങ്ങൾ, പ്രതികരണങ്ങൾ പിണറായി സർക്കാരിന്റെ ജനദ്രോഹ തീരുമാനങ്ങൾക്ക് എതിരേ സഭയിൽ മുഴങ്ങുന്നുണ്ട്.
ടി.പിയുടെ കൊലയ്ക്കു ശേഷവും കുടുംബത്തെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട പാർട്ടിയാണ് സിപിഎം. പക്ഷേ രമ എന്ന ടി.പിയുടെ വജ്രായുധം ഇപ്പോഴും എകെജി സെന്ററിന്റെ ഉറക്കം കെടുത്തുന്നു. ഒരിക്കലും കെ. കെ രമ വടകരയിൽ ജയിക്കരുത് എന്ന ഹിഡൻ അജണ്ടയിൽ സിപിഎം കാണിച്ചുകൂട്ടിയ നെറികേടുകൾ കേരളം കണ്ടതാണ്. പക്ഷേ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് രമ നിയമസഭയിൽ എത്തി.
അതുപോലെ പിണറായി വിജയൻ പേടിച്ചിരുന്ന പ്രതിപക്ഷത്തെ ശബ്ദമായിരുന്നു പി.ടി. ‘മുഖ്യമന്ത്രീ, നിങ്ങളൊരു അധോലോക രാജാവാണ്’ എന്ന് പിണറായി വിജയന്റെ മുഖത്ത് നോക്കി ചോദിച്ച പി.ടിയോടുള്ള പക മനസ്സിൽ സൂക്ഷിക്കുമ്പോഴാണ് പി.ടിയെ മരണം കീഴടക്കിയത്. പി.ടി സഭയിൽ എഴുന്നേൽക്കുമ്പോൾ പിണറായി സഖാവിന്റെ ഇരട്ടച്ചങ്കുകൾ പിടയ്ക്കുന്ന ശബ്ദം സഭയിലെ ചുവരുകളെ പോലും അലോസരപ്പെടുത്തിയിരുന്നു. പി.ടിയുടെ അഭാവം സഭയുടെ പുറത്തും അകത്തും ആശ്വാസമാകുമെന്ന് കരുതിയ പിണറായിക്കും സിപിഎമ്മിനും കനത്ത പ്രഹരമാണ് പി.ടിയുടെ ആശയങ്ങൾ, നിലപാട് എന്നിവ ഉയർത്തി പിടിക്കാൻ തൃക്കാക്കരയിലെ സ്ഥാനാർഥിയായി ഉമ എത്തുന്നത്.
രമയും ഉമയും സഭയിൽ ഉയർത്തുന്നത് കപട കമ്മ്യൂണിസത്തിന്റെ തുറന്നുകാട്ടലുകൾ ആയിരിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് രണ്ട് വനിതകളെയും സിപിഎം അതിശക്തമായി എതിർക്കുന്നത്. വടകരയിൽ രമ ജയിക്കാതിരിക്കാൻ എന്തൊക്കെ തരംതാണ കളികൾ കളിച്ചോ, അതിന്റെ പത്ത് മടങ്ങ് കളികൾ തൃക്കാക്കരയിൽ സിപിഎം കളിക്കും.
ആദ്യപടി തുടങ്ങിക്കഴിഞ്ഞു, ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ നേതൃത്വ ചേരിയിൽ നിലയുറപ്പിക്കുന്നവർ രാഷ്ട്രീയം മറന്ന് മതത്തെ കൂട്ടുപിടിക്കുന്നു, ഇന്ത്യൻ ജനാധിപത്യത്തിൽ ജനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്ന തിരഞ്ഞെടുപ്പ് രംഗം മതത്തെയും വർഗീയതയെയും കൂട്ടുപിടിച്ച് മലീമസമാക്കാൻ ശ്രമിക്കുന്നു. സ്ഥാനാർഥിക്കൊപ്പം ഇദ്ദേഹം കമ്മ്യൂണിസ്റ്റുകാരൻ ആണ്, ഞങ്ങളുടെ പ്രവർത്തകൻ ആണ് എന്ന് പറയുന്നതിന് പകരം ഇയാൾ ഇതാ നിങ്ങളുടെ മതത്തിന്റെ പ്രതിനിധിയാണ് എന്ന തെറ്റായ സന്ദേശം നൽകി ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് ആദ്യ രംഗത്ത് കാണുന്നതെങ്കിൽ വ്യക്തിഹത്യ, അപഹാസം, അപമാനം, സൈബർ അറ്റാക്ക് തുടങ്ങി പല കളികളും വരാൻ പോകുന്നതേയുള്ളൂ.
പി.ടിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും തമസ്‌കരിക്കാൻ സിപിഎമ്മിന്റെ മത വർഗീയ അന്തർധാരക്ക് ഒരിക്കലും സാധിക്കില്ല. കേരള സമൂഹത്തിൽ പി.ടിയുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് വലിയ വിലയുണ്ട്. അത് സിപിഎമ്മിന്റെ ചുവരെഴുത്ത് പോലെയല്ല. ആദ്യം എഴുതുകയും പിന്നീട് മായ്ക്കുകയും ചെയ്യാൻ സാധ്യമല്ല. തൃക്കാക്കര മാത്രമല്ല കേരളം മുഴുവൻ കാതോർത്തിരുന്ന നിലപാട് ആണ് പി.ടിയുടേത്. ദീർഘകാലം പി.ടിയുടെ രാഷ്ട്രീയ സർവകലാശാലയിൽ നിന്ന് പാഠങ്ങൾ പഠിച്ച ഉമ ഒരിക്കലും പി.ടിയുടെ ആദർശ രാഷ്ട്രീയത്തിൽ നിന്ന് വ്യതിചലിക്കാൻ പോകുന്നില്ല. പി.ടിയുടെ ജനകീയ രാഷ്ട്രീയം തന്നെയാവും ഉമയും സ്വീകരിക്കുക. പി.ടിയുടെ രാഷ്ട്രീയത്തിൽ വികസനമുണ്ട്, കാഴ്ചപ്പാടുണ്ട്. സാധാരണക്കാരന്റെ സ്വപ്‌നങ്ങളും അതിന്റെ സാക്ഷാൽകാരവുമുണ്ട്. കേരളത്തിലെ ഹൈടെക് സിറ്റിയുടെ മുഖച്ഛായ മാറ്റുന്ന ആധുനിക വികസനവും ഉൾപ്പെടും. നദികളും തോടുകളും മരങ്ങളും മലകളും മനുഷ്യരും ഉൾപ്പെടുന്ന അതിജീവനത്തിന്റെ വികസനമാണ് പി.ടി ഉയർത്തിപ്പിടിച്ചിരുന്നത്. അത് അധ്വാനിക്കുന്ന തൊഴിലാളി വർഗ പാർട്ടിയെന്ന് അവകാശപ്പെടുകയും മുതലാളിമാരിൽ നിന്ന് കോടികൾ വാങ്ങി കേരളത്തെ തൂക്കി വിൽക്കുകയും ചെയ്യുന്ന പിണറായിസമല്ല.

Related posts

Leave a Comment