ഈണത്തിനൊപ്പിച്ച് പാട്ടെഴുതുന്ന നിമിഷ കവി. ബിച്ചു തിരുമലയെക്കുറിച്ച് സംഗീത സംവിധായകർക്കുള്ള മതിപ്പാണത്. ഏത് തരത്തിലുള്ള ഈണം കൊടുത്താലും അതനുസരിച്ച് അർഥസൗഭഗങ്ങളായ കവിതകളെഴുതി, ശ്രുതിമനോഹരമായ ഗാനങ്ങളാക്കാനുള്ള അപാര കരവിരുതുണ്ട് ബിച്ചു തിരുമല എന്ന എഴുത്തുകാരന്. ആ തൂലികയിൽ നിന്ന് ഉതിർന്നു വീണത് അയ്യായിരത്തോളം ഗാനങ്ങൾ. മലയാളവും തമിഴും നന്നായി വഴങ്ങിയിരുന്ന അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന ‘ഒരു മുറൈ വന്തു പാർത്തായ’ എന്ന ഗാനത്തിനു ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഗാനമെഴുത്ത് പോലെ യാദൃച്ഛികതകളാണ് ബിച്ചുവിന്റെ ജീവതത്തിലുടനീളം സംഭവിച്ചത്.
അച്ഛൻ ചേർത്തല അയ്യനാട്ട് വീട്ടിൽ സി.ജി. ഭാസ്കരൻ നായർ. അമ്മ തിരുവനന്തപുരം ശാസ്തമംഗലം പട്ടാണിക്കുന്ന് ജസ്റ്റിസ് ശങ്കരപ്പിള്ളയുടെ പൗത്രി പാർവതിയമ്മ. മൂത്ത മകന് മാതാപിതാക്കൾ ശിവശങ്കരനെന്നു പേരിട്ടു. അച്ഛനിഷ്ടം ശങ്കരൻ എന്നു വിളിക്കുന്നതായിരുന്നു. എന്നാൽ അച്ഛന്റെ അച്ഛൻ വിദ്യാൻ ഗോപാലപിള്ള ശങ്കരന്റെ പേര് വല്ലാതങ്ങു ലോപിച്ച് ബിച്ചുവെന്നു വിളിച്ചു. വിദ്യാഭ്യാസ കാലം മുതൽ തിരുവനന്തപുരത്തെ തിരുമലയിൽ താമസമാക്കിയതിനാൽ ശിവശങ്കരൻ നായർ ബിച്ചു തിരുമലയായി. മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവായി.
1962ൽ ഇരുപതാമത്തെ വയസിൽ അന്തർ സർവ്വകലാശാലാ റേഡിയോ നാടകോത്സവത്തിൽ ‘ബല്ലാത്ത ദുനിയാവാണ്’ എന്ന നാടകമെഴുതിയാണ് സർഗവാസന അദ്യമായി അരങ്ങിലെത്തിച്ചത്. അതു വെറുതേയായില്ല. അതിലെ പ്രധാനവേഷം അഭിനയിച്ച് ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടി. പക്ഷേ, നാടകത്തിൽ കൂടുതൽ ശോഭിച്ചില്ല. എം. കൃഷ്ണൻനായർ 1970-ൽ സംവിധാനം ചെയ്ത ‘ശബരിമല ശ്രീ ധർമ്മശാസ്താ’ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സഹസംവിധായകനായി സിനിമയിലേക്കു ചുവടു മാറ്റി. 1972ൽ ഗാനരചയിതാവായി സിനിമയിലേക്ക് വന്ന ബിച്ചു സി ആർ കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിനു വേണ്ടി ‘ബ്രാഹ്മമുഹൂർത്തം’ എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യമെഴുതിയത്. പക്ഷേ ആ ചിത്രം റിലീസായില്ല. നടൻ മധു നിർമ്മിച്ച ‘അക്കൽദാമ’ യാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യചിത്രം. 1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1985-ൽ പുറത്തിറങ്ങിയ ‘സത്യം’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി അദ്ദേഹം.
ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, ‘ശക്തി’ എന്ന സിനിമയുടെ കഥയും സംഭാഷണവും, ‘ഇഷ്ടപ്രാണേശ്വരി’ എന്ന സിനിമയുടെ തിരക്കഥയും രചിച്ചിട്ടുണ്ട് അദ്ദേഹം. കൂടാതെ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
ആദ്യ കവിതാസമാഹാരമായ ‘അനുസരണയില്ലാത്ത മനസ്സിന്’ 1990ലെ വാമദേവൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1981ലെ റീജിയണൽ പനോരമ ഫിലിം സെലക്ഷൻ ജൂറിയിൽ അംഗമായിരുന്നു അദ്ദേഹം,
1994ൽ ക്രിസ്മസ് തലേന്ന് മകന് വേണ്ടി പുൽക്കൂട് ഒരുക്കാൻ വീടിൻ്റെ സൺഷേഡിൽ കയറി വീണ ബിച്ചുവിൻ്റെ ബോധം വീണ്ടെടുത്തതും സ്വന്തം ഹിറ്റ് പാട്ട്. ഡോക്ടർമാർ ഓരോ പാട്ടുകളെ കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു. കണ്ണാന്തുമ്പി എഴുതിയാതാരാണെന്ന് ചോദ്യത്തിന് താൻ തന്നെയെന്ന് പറഞ്ഞ് അപകടം കഴിഞ്ഞ് പതിനൊന്നാം ദിവസം പാട്ടെഴുത്തിലേക്കും ജീവിതത്തിലേക്കും മടങ്ങി ബിച്ചുതിരുമല. എ ആർ റഹ്മാൻ മലയാളത്തിലൊരുക്കിയ ഒരോയൊരു സിനിമയായ യോദ്ധയിലെ പാട്ടുമെഴുതിയത് ബിച്ചുതിരുമലയാണ്.