മകൾ വിവാഹം ചെയ്തതിന്റെ പേരിൽ കുടുംബത്തിലെ ഏഴ് പേരെ ചുട്ടുകൊന്ന് പിതാവ്

ഇഷ്ടമുള്ളയാളെ മകൾ വിവാഹം ചെയ്തതിന്റെ പേരിൽ കുടുംബത്തിലെ ഏഴ് പേരെ ചുട്ടുകൊന്ന് പിതാവ്. പാകിസ്ഥാനിലെ മുസാഫർഗഘട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. പെൺമക്കളും പേരക്കുട്ടികളുമടക്കമുള്ള ഏഴ് പേരെയാണ് പിതാവ് കൊന്നത്.

ഇൻഡിപെന്റന്റ് റിപ്പോർട്ട്അനുസരിച്ച്‌, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള മുസാഫർഘട്ട് സ്വദേശിയായ മൻസൂർ ഹുസൈൻ എന്നയാളാണ് ദുരഭിമാനക്കൊല നടത്തിയത്. പെൺമക്കളായ ഫൗസിയ ബീവി, ഖുർഷിദ് മായ് എന്നിവർക്കൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത്.

ഫൗസിയയുടെ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞും ഖുർഷിദിന്റെ ഭർത്താവും എല്ലാം ഒരേ വീട്ടിലായിരുന്നു താമസം. ഖുർഷിദിന് നാല് കുട്ടികളാണുള്ളത്. പിതാവിന്റെ ക്രൂരതയിൽ ഫൗസിയയും പിഞ്ചു കുഞ്ഞും ഖുർഷിദും ഭർത്താവും ഇവരുടെ നാല് മക്കളുമാണ് കൊല്ലപ്പെട്ടത്.

ആകെ രക്ഷപ്പെട്ടത് ഫൗസിയയുടെ ഭർത്താവ് മെഹബൂബ് അഹമ്മദ് മാത്രമാണ്. മെഹബൂബാണ് ഫൗസിയയുടെ പിതാവിനും സഹോദരനുമെതിരെ പൊലീസിൽ പരാതി നൽകിയത്. രണ്ട് പെൺമക്കളും ഒരു ആൺകുട്ടിയുമാണ് മൻസൂർ ഹുസൈന് ഉള്ളത്. പെൺമക്കളിൽ ഒരാൾ തന്‌റെ താത്പര്യത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ഫൗസിയയുടെ ഭർത്താവിന്റെ പരാതിയിൽ പറയുന്നു.

സംഭവ സമയത്ത് മെഹബൂബ് അഹമ്മദ് വീട്ടിൽ ഉണ്ടായിരുന്നില്ല. മുൽട്ടാനിൽ ബിസിനസ് ആവശ്യത്തിനായി പോയിരിക്കുകയായിരുന്നു ഇദ്ദേഹം. തിരിച്ചെത്തിയപ്പോഴാണ് വീട് അഗ്നിക്കിരയാക്കിയതായി കാണുന്നത്. സമീപത്ത് മൻസൂർ ഹുസൈനും മകൻ സാബിർ ഹുസൈനും ഉണ്ടായിരുന്നുവെന്ന് മെഹബൂബ് പൊലീസിനോട് പറഞ്ഞു.ഇതിനു ശേഷം പിതാവും മകനും രക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തിൽ കേസെടുത്ത പൊലീസ് ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുകയാണ്.

Related posts

Leave a Comment