കർഷക സമരം അവസാനിപ്പിച്ചു, കർഷകർ ഇന്നു മുതൽ വീടുകളിലേക്കു മടങ്ങും

ന്യൂഡൽഹി: ഒരു വർഷമായി തുടരുന്ന കർഷക സമരം അവസാനിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച ഔദ്യോ​ഗികമായി തീരുമാനിച്ചു. കർഷകർ മുന്നോട്ടു വച്ച മുഴുവൻ ആവശ്യങ്ങളും കേന്ദ്ര സർക്കാർ അം​ഗീകരിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് രാകേഷ് തികായത്ത് അറിയിച്ചു. ഇതു സംബന്ധിച്ച ഔദ്യോ​ഗികമായ പ്രഖ്യാപനം ഇന്നു വൈകുന്നേരമുണ്ടാകും.
ഒരു ദിവസത്തെ വിജയ ദിനാഘോഷങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സമരം അവസാനിപ്പിച്ച സാഹചര്യത്തിൽ കർഷകർ ഇന്നു തന്നെ വീടുകളിലേക്കു മടങ്ങും. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിനും പത്നിക്കും സഹ സൈനികർക്കും ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് യോ​ഗം തുടങ്ങിയത്.
സ്വാതന്ത്ര്യ സമരത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും ദൈർഘ്യമേറിയ ജനകീയ മുന്നേറ്റ സമരമായിരുന്നു ഇത്. ഒരു വർഷവും 13 ദിവസവും നീണ്ടു നിന്ന സമരമാണ് വിജയകരമായി പരിസമാപിക്കുന്നത്. പാർലമെന്റിനെ ഇരുട്ടിൽ നിർത്തി നരേന്ദ്ര മോദി സർക്കാർ പാസാക്കിയ മൂന്നു കർഷക വിരുദ്ധ നിയമങ്ങളും പിൻവലിക്കുന്നതു വരെ സമരം തുടരുമെന്നായിരുന്നു സംയുക്ത കാസിൻ മോർച്ചയുടെ പ്രഖ്യാപനം. അതു പൂർണമായി പാലിക്കുക മാത്രമല്ല, കർഷകർ ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും കേന്ദ്ര സർക്കാർ അം​ഗീകരിക്കുകയും ചെയ്തു. മിനിമം താങ്ങുവില ഉറപ്പാക്കാൻ പ്രത്യേക നിയമനിർമാണം നടത്തും. ഇതു സംബന്ധിച്ച സമിതികളിൽ കർഷകരുടെ പ്രതിനിധികളെ ഉൾപ്പെടുത്തും. സമരകാലത്ത് കർഷകർക്കെതിരേ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കും. ഈ കാലത്ത് മരണമടഞ്ഞ എഴുനൂറിൽപ്പരം കർഷകരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകും. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുന്ന കാര്യവും വിവിധ സംസ്ഥാന സർക്കാരുകളുമായി ആലോചിച്ചു തീരുമാനിക്കുമെന്നും കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.

Related posts

Leave a Comment