താങ്ങുവില നിയമപരമാക്കുന്നതു വരെ സമരം തുടരും: കർഷക സമിതി

ന്യൂഡൽഹി: ഒരു വർഷമായി തുടരുന്ന കർഷക സമരം ഉടൻ പിൻവലിക്കില്ലെന്ന് കർഷക സംഘടനകളുടെ സംയുക്ത സമിതി തീരുമാനിച്ചു. ഉത്പന്നങ്ങളുടെ താങ്ങുവില നിയമപരമാക്കുക, സമരകാലത്തെ കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക, ജീവൻ നഷ്ടമായ കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത കിസാൻ മോർച്ച ഉന്നയിക്കുന്നത്. യോഗ തീരുമാനം അമിത് ഷായെ അറിയിക്കുമെന്ന് നേതാക്കൾ പറഞ്ഞു. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരത്തിൽ ഉറച്ചുനിൽക്കാനും യോ​ഗം തീരുമാനിച്ചു.
അടുത്ത ചൊവ്വാഴ്ച ചേരുന്ന കർഷകരുടെ യോഗത്തിൽ സമരം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. കേന്ദ്രസർക്കാരുമായി കർഷക പ്രതിനിധികൾ ചർച്ച നടത്താനും ധാരണയായി. കർഷകർ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായാൽ ഉപരോധ സമരം പിൻവലിക്കുന്നത് ആലോചിക്കുമെന്നു ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാജേഷ് തികായത്ത് കൂട്ടിച്ചേർത്തു. അതേസമയം, താങ്ങുവില സംബന്ധിച്ച് സർക്കാർ സമിതിയിലേക്ക് അഞ്ച് കർഷക നേതാക്കളെ നിർദേശിക്കാനും തീരുമാനമായി.
അതേസമയം, സമരം തുടരുന്നതിനെതിരേയും യോ​ഗത്തിൽ അഭിപ്രായമുയർന്നു. പ്രധാന ആവശ്യം അം​ഗീകരിച്ച സാഹചര്യത്തിൽ ഇനിയും സമരം തുടരുന്നത് പാവപ്പെട്ട കർഷക കുടുംബങ്ങളിൽ നിന്ന് എതിർപ്പുണ്ടാക്കുമെന്നാണ് വിമർശകർ വ്യക്തമാക്കിയത്. കേസുകൾ പിൻവലിക്കുന്നതും താങ്ങുവില നിയമപരമാക്കുന്നതും സംബന്ധിച്ച ഉറപ്പ് നേടിയ ശേഷം സമരം അവസാനിപ്പിക്കാമെന്നാണ് ഭൂരിപക്ഷത്തിന്റെ നിലപാട്.
പഞ്ചാബിലെ 32 സംഘടനകളിൽ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിർക്കുകയാണ്. സമരരീതി മാറ്റിയില്ലെങ്കിൽ ജനവികാരം എതിരാകുമെന്ന ആശങ്ക ഇവർ ഉന്നയിക്കുന്നു. എന്നാൽ സമരത്തിന് നേതൃത്വം നൽകുന്ന വലിയ സംഘടനകൾക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ട്. ഉപരോധ സമരം അവസാനിപ്പിച്ചാൽ കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാനാകില്ലെന്ന് ഇവർ പറയുന്നു.

Related posts

Leave a Comment