ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ല; സമരം തുടരും – കര്‍ഷകര്‍

ന്യൂഡൽഹി: കേന്ദ്രസർക്കാരിന് എതിരേയുള്ള പ്രക്ഷോഭം തുടരുമെന്ന് കർഷക സംഘടനകൾ. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ സിംഘു അതിർത്തിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗം ചേർന്നത്. മുൻകൂട്ടി നിശ്ചയിച്ചപ്രകാരമുള്ള ട്രാക്ടർ റാലി അടക്കമുള്ള സമരരീതികൾ തുടരും. കർഷകർക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കണം, സമരത്തിനിടെ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണം തുടങ്ങിയ ഉപാധികൾ കർഷകർ സർക്കാരിന് മുന്നിൽവെയ്ക്കും. താങ്ങുവിലയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തിയിട്ടില്ലെന്നും കർഷക സംഘടനകൾ പറയുന്നു. നിയമങ്ങൾ റദ്ദാക്കാനുള്ള സാങ്കേതിക നടപടികൾ സർക്കാർ വേഗത്തിൽ പൂർത്തിയാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്താനും യോഗത്തിൽ തീരുമാനമായി. കാർഷിക മേഖലയിൽ പരിഷ്കരണം അവകാശപ്പെട്ട് 2020 സെപ്റ്റംബറിൽ കൊണ്ടുവന്ന നിയമങ്ങൾ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. കാർഷികോത്പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും സംബന്ധിച്ച നിയമം, വില ഉറപ്പും കാർഷിക സേവനങ്ങളും സംബന്ധിച്ച കർഷകരുടെ കരാറിനായുള്ള നിയമം, അവശ്യവസ്തു ഭേദഗതിക്കുള്ള നിയമം എന്നീ മൂന്നു നിയമങ്ങൾ റദ്ദാക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

Related posts

Leave a Comment