ജയ് കിസാൻ, ഇന്നു വിജയ ദിവസം, ഡൽഹിയിലെ അതിർത്തികൾ തുറന്നുതുടങ്ങി

ന്യൂഡൽഹി: ഇന്ത്യൻ ദേശീയ സമര ചരിത്രപത്തിൽ ജാജ്വല്യപൂർണമായ അധ്യായം എഴുതിച്ചേർത്ത കർഷക സമരത്തിന് ഇന്ന് ഔപചാരിക പരിസമാപ്തി. ഒരു വർഷവും 15 ദിവസവും നീണ്ടു നിന്ന വിപ്ലവം, ഇന്നത്തെ വിജയ ദിവസ് ആഘോഷങ്ങളോടെ സമാപിക്കും. കർഷകർ സ്വന്തം വീടുകളിലേക്കു മടങ്ങാനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. ഡൽഹി അതിർത്തികളിൽ സ്ഥാപിച്ചിരുന്ന ടെന്റുകളെല്ലാം കർഷകർ സ്വയം പൊളിച്ചു നീക്കി. സമരക്കാരെ പ്രതിരോധിക്കാൻ പൊലീസ് തീർത്ത ബാരിക്കേ‍ഡുകളും നീക്കം ചെയ്തു തുടങ്ങി. കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങിയാൽ ഉടൻ മൂന്ന് അതിർത്തികളിലെ അവശേഷിക്കുന്ന ബാരിക്കേഡുകൾ മാറ്റാൻ പൊലീസ് നടപടികൾ തുടങ്ങും.
സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി രാജ്യമെങ്ങും കർഷകർ വിജയദിനമായി ആഘോഷിക്കുകയാണ്. കേന്ദ്ര സർക്കാരിന് മുന്നിൽവെച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചതോടെയാണ് കിസാൻ സംയുക്ത മോർച്ച സമരം അവസാനിപ്പിച്ചത്. സമരഭൂമികളിലെ മാർച്ചിനുശേഷം കർഷകർ ഗ്രാമങ്ങളിലേക്ക് മടങ്ങും.
കർഷകർക്ക് ഒഴിയാൻ ഈ മാസം 15 വരെ ഹരിയാന, യുപി സർക്കാർ സാവകാശം അനുവദിച്ചിട്ടുണ്ട്. സർക്കാർ തന്നെ ഉറപ്പുകളിലെ പുരോഗതി വിലയിരുത്താൻ കിസാൻ മോർച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരും. അതിർത്തികളിലെ സമരം അവസാനിപ്പിച്ചതായുള്ള കിസാൻ മോർച്ചയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽ കർഷകർ ടെൻറ്റുകൾ നേരത്തെ തന്നെ പൊളിച്ചു തുടങ്ങിയിരുന്നു.

Related posts

Leave a Comment