പോലീസ് ചര്‍ച്ച വിഫലം, തോമറും രംഗത്ത് പിന്മാറാതെ കര്‍ഷകര്‍

ന്യൂ‍ഡല്‍ഹിഃ ഏഴു മാസം പിന്നിട്ട കര്‍ഷക സമരം പുതിയ വഴിത്തിരിവിലേക്ക്. പാര്‍ലമെന്‍റ് സമ്മേളനം നാളെ തുടങ്ങാനിരിക്കെ, വ്യാഴാഴ്ച മുതല്‍ പാര്‍ലമെന്‍റിനു മുന്നിലേക്കു സമരമുഖം മാറ്റുമെന്ന വാശിയിലാണു കര്‍ഷകര്‍. എന്നാല്‍ കോവിഡ് പ്രോട്ടോകോളും സുരക്ഷാ പ്രശ്നങ്ങളും ഉന്നയിച്ച് കര്‍ഷകരെ പാര്‍ലമെന്‍റിനു മുന്നിലേക്കു കടത്തിവിടില്ലെന്നു പോലീസ് കര്‍ശനമുന്നറിയിപ്പ് നല്‍കി. ഇതു സംബന്ധിച്ച് കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. കര്‍ഷകര്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്നും ഒത്തുതിര്‍പ്പുണ്ടാക്കാന്‍ സഹകരിക്കണമെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ മാത്രമാണു തീരുമാനം വേണ്ടതെന്ന് കര്‍ഷകരും കടുപ്പിക്കുന്നു.

കര്‍ഷക പ്രതിനിധികളുമായി ഡല്‍ഹി പോലീസ് മേധാവികള്‍ ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമായില്ല. പാര്‍ലമെന്‍റിന്‍റെ പ്രധാന ഗേറ്റിനു മുന്നില്‍ റോഡില്‍ സത്യഗ്രഹം നടത്തുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍, ഇവിടേക്കു വന്‍ ജനക്കൂട്ടമുണ്ടാകാന്‍ അനുവദിക്കില്ല. ഒരു സമയത്ത് പരമാവധി ഇരുനൂറ് പേര്‍ മാത്രമേ സമരത്തില്‍ പങ്കെടുക്കൂ. ഇവര്‍ക്കു സമരസമിതി പ്രത്യേക ബാഡ്ജും തിരിച്ചറിയല്‍ രേഖയും നല്‍കും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകരുടെ പേരുവിവരങ്ങള്‍ പോലീസിനു മുന്‍കൂട്ടി നല്‍കാമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.

സമര സ്ഥലത്തു നിന്നായിരിക്കും പാര്‍ലമെന്‍റിനു മുന്നിലേക്കുള്ള സംഘവും എത്തുക. ഒരു സംഘം സമരം അവസാനിപ്പിക്കുമ്പോള്‍ അവര്‍ വീണ്ടും പഴയ സമരമുഖത്തേക്കു തന്നെ മടങ്ങും. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്നും നേതാക്കള്‍ ഉറപ്പ് നല്‍കി. എന്നാല്‍, പാര്‍ലമെന്‍റിന്‍റെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കു പുറത്താണ് സമരസമിതിയുടെ ആവശ്യമെന്നു പോലീസ്. ഇത് അനുവദിക്കില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ നയപരമായ തീരുമാനവും പോലീസ് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി തോമര്‍ തന്നെ നേരിട്ടു രംഗത്തു വന്നത്. കര്‍ഷകരുമായി ഇനിയും ചര്‍ച്ചയ്ക്കു തയാറാണെന്നും നിര്‍ദിഷ്ട നിയമങ്ങള്‍ പിന്‍വലിക്കുന്നതൊഴികെ മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍, വിവാദ കരിനിയമങ്ങള്‍ പിന്‍വലിക്കുന്നതല്ലാതെ വേറൊരു ഡിമാന്‍ഡും തങ്ങള്‍ക്കില്ലെന്ന നിലപാടില്‍ കര്‍ഷകരും ഉറച്ചു നില്‍ക്കുന്നു.

Related posts

Leave a Comment