കർഷകർക്ക് നീതി വേണം ; പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ റാലി

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ പ്രിയങ്ക ഗാന്ധിയുടെ റാലി ഇന്ന്. ലഖിംപൂർഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നീതി ആവശ്യപ്പെട്ടാണ് റാലി. കിസാൻ ന്യായ് റാലിയിൽ ഉത്തർപ്രദേശിൻറെ വിവിധ ഭാഗങ്ങളിലുള്ളവർ പങ്കെടുക്കും. ബനാറസിലെ റൊഹാനിയ മൈതാനത്ത് ഉച്ചയ്ക്ക് 1.30നാണ് റാലി ആരംഭിക്കുക. കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തിനൊപ്പം വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും റാലിയിലൂടെ കോൺഗ്രസ്‌ ആവശ്യപ്പെടും. നേരത്തെ ലഖിംപൂർ സന്ദർശിക്കുന്നതിൽ നിന്നും പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് തടഞ്ഞിരുന്നു. രണ്ടു ദിവസത്തെ കരുതൽ തടങ്കലിനു ശേഷമാണ് മോചിപ്പിച്ചതും ലഖിംപൂർ സന്ദർശത്തിന് അനുമതി നൽകിയതും. കർഷകക്കൊലയിൽ സുപ്രീംകോടതിയിൽ നിന്നുൾപ്പെടെ രൂക്ഷവിമർശനമുണ്ടായതിനു പിന്നാലെ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ചോദ്യംചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു

Related posts

Leave a Comment